ഭരതാഞ്ജലി ഒരുക്കുന്ന പ്രയുക്തി ശനിയാഴ്ച ഐഎസ്സിയിൽ
അനിൽ സി. ഇടിക്കുള
Wednesday, May 21, 2025 1:49 PM IST
അബുദാബി: ഭരതാഞ്ജലി ക്ലാസിക്കൽ ഡാൻസ് ട്രെയിനിംഗ് സെന്റർ ഒരുക്കുന്ന നൃത്താവിഷ്ക്കാരം പ്രയുക്തി 2025 ശനിയാഴ്ച ഇന്ത്യ സോഷ്യൽ സെന്റർ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നൃത്താധ്യാപികയായ പ്രിയ മനോജിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച നൂറോളം കുട്ടികൾ ചേർന്നാണ് അഞ്ച് മണിക്കൂർ നീണ്ടു നിൽക്കുന്ന നൃത്താവിഷ്ക്കാരം അരങ്ങിൽ എത്തിക്കുന്നത്.
നവരസങ്ങളുടെ ഭാവസംഗമത്തിന്റെ മനോഹാരിത പകരുന്ന "രസോവൈഭവ'മാണ് പരിപാടിയിലെ മുഖ്യ ആകർഷണമെന്നു പ്രിയ മനോജ് പറഞ്ഞു. സമൂഹ നൃത്തം, ദ്വയ നൃത്തം, തിമാറ്റിക്ക് കൊറിയോഗ്രാഫി തുടങ്ങിയവയും പരിപാടിയുടെ ഭാഗമാണ്.
ഭരതാഞ്ജലിയുടെ മുസഫയിലെ കേന്ദ്രത്തിൽ പഠനം നടത്തുന്ന വിദ്യാർഥികളാണ് ശനിയാഴ്ച നടക്കുന്ന പരിപാടികൾ പങ്കെടുക്കുക. അബുദാബിയിലെ കേന്ദ്രത്തിൽ പഠനം നടത്തുന്ന വിദ്യാർഥികൾ ജൂൺ 28ന് ഐഎസ്സി ഓഡിറ്റോറിയത്തിൽ ഇതേ പരിപാടികൾ അവതരിപ്പിക്കും.
കലാക്ഷേത്രയിലെ പൂർവ്വവിദ്യാർഥികളും ഭരതാഞ്ജലിയിലെ അധ്യാപകരുമായ ശ്വേതാ ശരൺ, ആര്യ സുനിൽ, കാർത്തിക നാരായൺ, വിദ്യ സുകുമാരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.