ഇന്ത്യ - കുവൈറ്റ് ബന്ധത്തിന്റെ 250 വർഷങ്ങൾ അടയാളപ്പെടുത്തുന്ന "റിഹല - ഇ - ദോസ്തി' ആരംഭിച്ചു
അബ്ദുല്ല നാലുപുരയിൽ
Thursday, May 22, 2025 11:16 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യ - കുവൈറ്റ് ബന്ധത്തിന്റെ 250 വർഷങ്ങൾ അടയാളപ്പെടുത്തുന്ന "റിഹല - ഇ - ദോസ്തി' ആരംഭിച്ചു. ഈ മാസം 19 മുതൽ 24 വരെ കുവൈറ്റ് നാഷണൽ ലൈബ്രറിയിൽ ഇന്ത്യൻ എംബസിയാണ് പ്രഭാഷണ പരമ്പരയും പ്രദർശനവും അടങ്ങുന്ന "റിഹല - ഇ - ദോസ്തി' സംഘടിപ്പിക്കുന്നത്.
കുവൈറ്റ് ദേശീയ സാംസ്കാരിക, കലാ സാഹിത്യ കൗൺസിൽ (എൻസിസിഎഎൽ), കുവൈറ്റ് ഹെറിറ്റേജ് സൊസൈറ്റി, നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ, ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
19ന് ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും എൻസിസിഎഎൽ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അൽ-ജാസറും പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ, എൻസിസിഎഎൽ ഡയറക്ടർ ജനറൽ, കുവൈറ്റ് ഹെറിറ്റേജ് സൊസൈറ്റി പ്രസിഡന്റ് ഫഹദ് ഗാസി അൽ-അബ്ദുൽജലീൽ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.

ഇന്ത്യയുമായി കാലങ്ങളായി ബന്ധമുള്ള പ്രമുഖ വ്യാപാര കുടുംബങ്ങളുടെ പ്രതിനിധികളായ ഇബ്രാഹിം അബ്ദുല്ലത്തീഫ് അൽ-ഇബ്രാഹിം, സുലൈമാൻ അബ്ദുൾ മൊഹ്സെൻ അൽ ഖമീസ്, അബ്ദുല്ലത്തീഫ് അബ്ദുൾറസാഖ് എന്നിവരടങ്ങുന്ന പാനൽ ചർച്ചയും നടന്നു.
19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഇന്ത്യയുമായുള്ള തങ്ങളുടെ കുടുംബങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെക്കുറിച്ച് അവർ ഉൾക്കാഴ്ചകൾ നൽകി.

അപൂർവമായ കൈയെഴുത്തുപ്രതികൾ, ചരിത്ര രേഖകൾ, പുസ്തകങ്ങൾ, വ്യക്തിപരമായ കത്തുകൾ, നാണയങ്ങൾ, 1961 വരെ കുവൈറ്റിൽ നിയമസാധുതയുള്ള ഇന്ത്യൻ രൂപ, പ്രധാനപ്പെട്ട ഉഭയകക്ഷി വിവിഐപി സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വീഡിയോകളും എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെയും കുവൈറ്റിന്റെയും സമ്പന്നമായ ചരിത്രം പ്രദർശിപ്പിക്കുന്ന ചില കൈയെഴുത്തു പ്രതികളും ഇരുരാജ്യങ്ങളിലെയും നേതാക്കളുടെ സന്ദർശനങ്ങളുടെ ഫോട്ടോകളും ഉൾക്കൊള്ളുന്ന ലഘുലേഖ സംയുക്തമായി പുറത്തിറക്കി.