അബുദാബി മലയാളി സമാജം യൂത്ത് ഫെസ്റ്റിവൽ: അഞ്ജലി ബേത്തൂർ കലാതിലകം
അനിൽ സി. ഇടിക്കുള
Thursday, May 22, 2025 7:39 AM IST
അബുദാബി: മലയാളി സമാജം ശ്രീദേവി മെമ്മോറിയൽ ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ സമാപിച്ചു. കലോൽസവത്തിലെ കലാപ്രതിഭയായി അഞ്ജലി ബേത്തൂർ തെരഞ്ഞെടുക്കപ്പെട്ടു. മോഹിനിയാട്ടം, ലളിത ഗാനം, സിനിമ ഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും നാടൻപാട്ടിൽ രണ്ടാം സ്ഥാനവും നേടിയാണ് അഞ്ജലി കലാപ്രതിഭ പട്ടം നേടിയത്.
അത്യന്തം വാശിയേറിയ മത്സരങ്ങളിലെ വിവിധ വിഭാഗം മത്സരങ്ങളിലെ ഗ്രൂപ്പ് ജേതാക്കളായി മയൂഖ മനോജ് (ആറ് മുതൽ ഒന്പത് വയസ്), പ്രാർഥന നായർ (ഒന്പത് മുതൽ 12 വയസ്, ധനിഷ്ക വിജേഷ് (12 മുതൽ 15 വയസ്), അഞ്ജലി ബേത്തൂർ (15 മുതൽ 18 വയസ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനുള്ള ട്രോഫി അബുദാബി ഇന്ത്യൻ സ്കൂൾ മൂറൂർ അർഹരായി.

മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻ കുട്ടി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള, സമാജം കോർഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ,
മില്ലേനിയം ഹോസ്പ്പിറ്റൽ പ്രതിനിധികളായ ഡോ. ഡാസ്സിൻ ജോസഫ്, ഡോ. അർഷ.ആർ. നായർ, ടീന രാധാകൃഷ്ണൻ, സമാജം വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, വനിത വിഭാഗം കൺവീനർ ലാലി സാംസൺ, വിധി കർത്താക്കളായ ഷൈജ ബിനീഷ്, വീണ പ്രകാശ് എന്നിവർ സംസാരിച്ചു.
അബുദാബി മലയാളി സമാജം, കേരള സോഷ്യൽ സെന്റർ എന്നിവിടങ്ങളിലെ രാഗം, താളം, പല്ലവി എന്നീ വേദികളിലായി നടന്ന മൽസരത്തിൽ മുന്നോറോളം കുട്ടികൾ വിവിധ മത്സര ഇനങ്ങളിലായി പങ്കെടുത്തു.
നാട്ടിൽ നിന്ന് വന്ന പ്രശസ്ത നർത്തകിമാരും വിധികർത്താക്കളുമായ ഷൈജ മനീഷ്, വീണ പ്രകാശ്, പ്രശസ്ത സംഗീത സംവിധായകൻ മെജോ ജോസഫ്, മാപ്പിളപ്പാട്ട് ഗായിക മുക്കം സാജിത അടക്കമുള്ള കലാരംഗത്തെ പ്രശസ്തരാണ് വിധികർത്താക്കളായി എത്തിയത്.
സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഷാജഹാൻ ഹൈദരലി, ഗോപകുമാർ അബ്ദുൾ ഗഫൂർ, അഹദ് വെട്ടൂർ, ഷൈജു പിള്ള, അനിൽകുമാർ,സുധീഷ് കൊപ്പം, ബിജു, നടേശൻ ശശി, വനിത വേദി ഭാരവാഹികളായ ശ്രീജ പ്രമോദ്, നമിത സുനിൽ, ഷീന ഫാത്തിമ, ചിലു സൂസൺ മാത്യു, വളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ്, വൈസ് ക്യാപ്റ്റൻമാരായ രാജേഷ് കുമാർ, ഷാനു, ബിബിൻ തുടങ്ങിയവും വിവിധ സംഘടന പ്രതിനിധികളും നേതൃത്വം നൽകി.