ഐപിഎക്യു ഫുട്ബോൾ പ്രിമിയർ ലീഗ്: പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് ചാമ്പ്യന്മാർ
Monday, May 19, 2025 5:11 PM IST
ദോഹ: ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച സ്പോർട്സ് ഫിയസ്റ്റയുടെ ഭാഗമായി മൈദർ ഫുട്ബോൾ ക്ലബിൽ നടന്ന ഐപിഎക്യു ഫുട്ബോൾ പ്രിമിയർ ലീഗ് ടൂർണമെന്റിൽ പ്രോബിയോട്ടിക് ബൂസ്റ്റേഴ്സ് കിരീടം സ്വന്തമാക്കി.
ആവേശഭരിതമായ ഫൈനൽ പോരാട്ടത്തിൽ അഡ്രെനർജിക് സ്ട്രൈക്കേഴ്സിനെ 4-2 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് ബൂസ്റ്റേഴ്സ് വിജയം നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ വാശിയേറിയ പോരാട്ടമാണ് അരങ്ങേറിയത്.
മത്സരം അവസാനിച്ചതിന് ശേഷം നടന്ന സമാപന ചടങ്ങിൽ ഐപിഎക്യു അംഗങ്ങളും കായിക പ്രവർത്തകരും സന്നിഹിതരായിരുന്നു. വിജയികൾക്ക് ചാമ്പ്യൻസ് ട്രോഫി അബ്ദുൽ റഹിമാൻ ഏരിയാൽ നൽകി.

റണ്ണേഴ്സ് അപ് ട്രോഫി ഷജീർ സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനായി സത്താറിനെ തെരഞ്ഞെടുത്തു. റഫറിമാരായ ഷാൻ, മഷൂദ് എന്നിവരാണ് മത്സരങ്ങൾ നന്നായി നിയന്ത്രിച്ചത്.
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിനായി അമീർ അലി, ഷാനവാസ്, മുനീർ, ഇക്ബാൽ, മുഹമ്മദ് നവാസ്, ഹനീഫ് പേരാൽ, ജാഫർ വാക്ര, ഷനീബ്, അൽത്താഫ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം സംഘങ്ങൾ പ്രവർത്തിച്ചു.