ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വെള്ളിയാഴ്ച മുതൽ
അനിൽ സി. ഇടിക്കുള
Thursday, May 15, 2025 5:41 PM IST
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ കലോത്സവങ്ങളിൽ ഒന്നായ അബുദാബി മലയാളി സമാജം ആതിഥ്യമരുളുന്ന ശ്രീദേവി മെമ്മോറിയൽ യുഎഇ ഓപ്പൺ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും.
മില്ലേനിയം ഹോസ്പിറ്റൽ മുസഫയും ഫെഡറൽ എക്സേഞ്ചും മുഖ്യ പ്രയോജികരായ യുവജനോത്സവത്തിന്റെ ആദ്യത്തെ രണ്ട് ദിവസങ്ങളിലെ മത്സരങ്ങൾ അബുദാബി മലയാളി സമാജത്തിലും അവസാന ദിവസമായ ഞായറാഴ്ചത്തെ മത്സരങ്ങൾ കേരള സോഷ്യൽ സെന്ററിലുമാണ് നടക്കുന്നത്.
മുന്നൂറിൽപ്പരം കലാപ്രതികൾ അണിനിരക്കുന്ന മത്സരം വിലയിരുത്തുന്നത് യുഎഇയിലെയും നാട്ടിൽ നിന്നും എത്തുന്ന പ്രശസ്തരായ വിധികർത്താക്കളാണ്.
ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കാറുള്ള വാശിയേറിയ മത്സരങ്ങളിൽ ഒന്നായ നൃത്ത മത്സരങ്ങളിലെ വിധികർത്താക്കൾ നാട്ടിൽ നിന്നുള്ള പ്രശസ്തരായ നൃത്ത അധ്യാപികമാരാണ് എന്നത് മലയാളി സമാജം യുവജനോത്സവത്തെ മറ്റ് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് സമാജം ഭാരവാഹികൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ഏഴിന് മലയാളി സമാജത്തിൽ വച്ച് യുവജനോത്സവത്തിന്റെ ഉദ്ഘാടനം നടക്കും. മുസഫ മില്ലേനിയം ഹോസ്പിറ്റലിൽ നടന്ന പത്രസമ്മേളനത്തിൽ മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ,
വൈസ് പ്രസിഡന്റ് ട്രഷറർ യാസിർ അറാഫത്ത്, കോഓർഡിനേഷൻ വൈസ് ചെയർമാൻ എം.എം. അൻസാർ, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദരലി, ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ, സമാജം അസിസ്റ്റന്റ് ട്രഷറർ സൈജു പിള്ള, സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം,
അഹല്യ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകരൻ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധികളായ സീനിയർ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. തോമസ് വർഗീസ്, സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് ഡോ മേഖ ജയപ്രകാശ്, മെഡിക്കൽ അഡ്മിനിസ്ടേഷൻ മാനേജർ ഷൈന പ്രസന്നകുമാർ,
സീനിയർ എക്സിക്കൂട്ടീവ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ടീന രാധാകൃഷ്ണൻ, ഫെഡറൽ എക്സേഞ്ച് അസിഡന്റ് ജനറൽ മാനേജർ റോമിഷ്, സമാജം വോളണ്ടിയർ ടീം വൈസ് ക്യാപ്റ്റൻ രാജേഷ് കുമാർ കൊല്ലം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മലയാളി സമാജം കേരള എക്സ്പാട്രിയേറ്റ് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഉമ്മൻ ചാണ്ടി മെമ്മോറിയൽ സീനിയർ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മേയ് 31നു അബുദാബി യൂണിവേർസിറ്റി ഗ്രൗണ്ടിൽ നടക്കും എന്നും സമാജം ഭാരവാഹികൾ അറിയിച്ചു.
യുഎഇയിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിൽ നാട്ടിൽ നിന്നുള്ള ജില്ല - സംസ്ഥാന - ദേശീയ താരങ്ങളും വിവിധ ടീമുകൾക്കായി അണിനിരക്കും.