ഫുജൈറയിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ വിമാനങ്ങൾ
അനിൽ സി. ഇടിക്കുള
Friday, May 16, 2025 7:37 AM IST
ഫുജൈറ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കും ഇൻഡിഗോ എയർലൈൻസ് പുതിയ സർവീസുകൾ ആരംഭിച്ചു. ദിവസവും രണ്ടു സർവീസുകളാണ് രണ്ടു സ്ഥലങ്ങളിലേക്കും ആരംഭിച്ചിരിക്കുന്നത്.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ഫുജൈറ സിവിൽ ഏവിയേഷൻ ചെയർമാൻ ഇസ്മായിൽ അൽ ബലൂഷി, എയർപോർട്ട് ജനറൽ മാനേജർ ഇബ്രാഹിം അൽ ഖ്അൽലാഫ്, ഇൻഡിഗോ ഗ്ലോബൽ സെയിൽസ് തലവൻ മുഹമ്മദ് അൽ സലാമി എന്നിവർ പങ്കെടുത്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായാണ് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നതെന്ന് മുഹമ്മദ് അൽ സലാമി അഭിപ്രായപ്പെട്ടു. കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് ഫുജൈറയിൽ നിന്നും ഇൻഡിഗോ വിമാനസർവീസുകൾ ആരംഭിക്കും.
ഇതോടെ ഏഷ്യൻ വിനോദ കേന്ദ്രങ്ങളായ മാലദ്വീപ്, ബാങ്കോക്ക്, ജക്കാർത്ത, സിംഗപ്പുർ, ശ്രീലങ്ക, സീഷെൽസ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് ഫുജൈറയിൽ നിന്നും യാത്രക്കാർക്ക് ഇൻഡിഗോ വിമാനങ്ങളിലൂടെ എത്തിച്ചേരുന്നതിനു സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഫുജൈറ എമിറേറ്റിനെ ഇന്ത്യയിലെ സുപ്രധാനമായ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനസർവീസുകളാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു.
ഫുജൈറയിൽ നിന്നും യാത്ര നടത്തുന്നവരുടെ സൗകര്യം കണക്കിലെടുത്ത് യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നും ഫുജൈറ വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സർവീസുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഫുജൈറ വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ആദ്യമായി പറന്നിറങ്ങിയ ഇൻഡിഗോ വിമാനത്തിന് ജലാഭിവാദ്യം നൽകിയാണ് സ്വീകരിച്ചത്.