ഇന്ത്യൻ മീഡിയ അബുദാബിയുടെ "ഓണം മൂഡ് 2025' ഗംഭീരമായി
Wednesday, September 24, 2025 11:52 AM IST
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയും എൽഎൽഎച്ച് - ലൈഫ് കെയർ ഹോസ്പിറ്റലും സഹകരിച്ച് "ഓണം മൂഡ് 2025' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.
ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫയിലെ പാർട്ടി ഹാളിലായിരുന്നു ആഘോഷം. കുടുംബങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി. മാവേലിയും സദ്യയും അത്തപ്പൂക്കളവും സംഗീത വിരുന്നും നൃത്തപരിപാടികളുമുൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി. പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റാഷീദ് പൂമാടം സ്വാഗതവും ട്രഷറർ ഷിജിന കണ്ണൻ ദാസ് നന്ദിയും പറഞ്ഞു. പ്രധാന പ്രായോജകരായ ബുർജിൽ ഹോൾഡിംഗ്സ് റീജിയണൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ നിവിൻ വർഗീസ്, വിൻസ്മേര ജ്വലേഴ്സ് യുഎഇ റീട്ടെയിൽ ഹെഡ് അരുൺ നായർ, എബിസി കാർഗോ അബൂദബി ബ്രാഞ്ച് മാനേജർ സോനു സൈമൺ, ഹൈവേ ഗാർഡ്, റജബ് കാർഗോ എന്നിവർക്ക് ഇന്ത്യൻ മീഡിയ ഉപഹാരം സമ്മാനിച്ചു.
വൈസ് പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജോയിന്റ് സെക്രട്ടറി നിസാമുദ്ധീൻ, എൽഎൽഎച്ച് & ലൈഫ് കെയർ ഹോസ്പിറ്റൽസ് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ഷിഹാബ് എന്നിവർ പങ്കെടുത്തു. കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികളെയും മുതിർന്നവരെയും ആദരിച്ചു.
മത്സരങ്ങളും വിനോദങ്ങളും ആഘോഷത്തിന് പുതുമ നൽകി. പ്രവാസത്തിലെ ഒരു കുടുംബസംഗമമായി, കേരളത്തിന്റെ നാടൻ പാരമ്പര്യവും സംസ്കാരവും നിറഞ്ഞു നിന്ന ചടങ്ങ് വിപുലമായ പരിപാടികൾ കൊണ്ട് വിത്യസ്തമായതായി ഭാരവാഹികൾ അറിയിച്ചു.
സാംസ്കാരികവും പാരമ്പര്യവും വിളിച്ചോതുന്ന ഇത്തരത്തിലുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ മീഡിയ അബുദാബി ഭാരവാഹികൾ അറിയിച്ചു.