കെടിഎംസിസി വാർഷിക കൺവൻഷൻ ഒക്ടോബർ ഒന്ന് മുതൽ
Wednesday, September 24, 2025 12:02 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ ഒന്ന് മുതൽ മൂന്ന് വരെ വൈകുന്നേരം ഏഴ് മുതൽ ഒമ്പത് വരെ നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസികെ) പള്ളിയിലും പാരിഷ് ഹാളിലും നടക്കും.
സുപ്രസിദ്ധ വേദ പണ്ഡിതനായ റവ.ഡോ. ഡി.ജെ. അജിത്കുമാർ ദൈവവചനം പ്രഘോഷിക്കും. കെടിഎംസിസി ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സ്ഥാപിതമായിട്ട് 72 വർഷങ്ങൾ പിന്നിടുകയാണ്.
കുവൈറ്റിലെത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകളും സംഗമനങ്ങളും ഏകോപിപ്പിച്ച് വേദികൾ ഒരുക്കി പിന്തുണയുമായി കെടിഎംസിസി നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല.
മാർത്തോമ്മ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28ൽ പരം സഭകളെ കെടിഎംസിസി പ്രതിനിധാനം ചെയ്യുന്നു. നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കലിന്റെ ഭരണ ചുമതല നിർവഹിക്കുന്നത് കെടിഎംസിസിയാണ്.
കൺവൻഷന്റെ പ്രവർത്തങ്ങൾക്ക് റോയി കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), വറുഗീസ് മാത്യു(പ്രസിഡന്റ്), അജോഷ് മാത്യു (സെക്രട്ടറി), ടിജോ സി.സണ്ണി (ട്രഷറർ), സജു വി. തോമസ് (കോമൺ കൗൺസിൽ അംഗം), ജീസ് ജോർജ് ചെറിയാൻ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകുന്നു.