Sports
ഡെബ്രെസെൻ: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ അയർലൻഡിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ഇസ്രയേലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ട്രോയ് പാരോട്ട്, ആഡം ഇഡാഹ്, ജാക്ക് മൊയ്ലാൻ എന്നിവരാണ് അയർലൻഡിന് വേണ്ടി ഗോളുകൾ നേടിയത്. പാരോട്ട് 13-ാം മിനിറ്റിലും ഇഡാഹ് 16-ാം മിനിറ്റിലും മൊയ്ലാൻ 25-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയതത്.
വിജയത്തോടെ അയർലൻഡിന് മൂന്ന് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ജിയിൽ മൂന്നാം സ്ഥാനത്താണ് അയർലൻഡ്.
International
ന്യൂയോർക്ക്: ഗാസയിലും ഇറാനിലും ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളെ യുഎന്നിൽ ന്യായീകരിച്ച് പ്രധാനമന്ത്രി നെതന്യാഹു. ഇസ്രയേൽ വിജയിക്കുമെന്നും അതല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
നെതന്യാഹു പ്രസംഗം തുടങ്ങവേ ഒട്ടേറെ രാജ്യങ്ങളിലെ പ്രതിനിധികൾ പ്രതിഷേധസൂചകമായി എഴുന്നേറ്റുപോയി. “ഇനി ഇവിടെ ധാർമിക ഭീരുക്കൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവരും എഴുന്നേറ്റു പോകണം” എന്നാണ് നെതന്യാഹു പ്രതികരിച്ചത്.
ഇസ്രയേൽ ഗാസയിൽ വംശീയ ഉന്മൂലം നടത്തുന്നുവെന്ന ആരോപണം നെതന്യാഹു നിഷേധിച്ചു. ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയും നെതന്യാഹു വിമർശിച്ചു. ഇസ്രയേൽ കോളനിവത്കരണം നടത്തുന്നു എന്ന് ആരോപിക്കുന്ന ഈ രാജ്യങ്ങളാണ് യഥാർഥത്തിൽ കൊളോണിയലിസം എന്ന വാക്ക് കണ്ടുപിടിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അധിനിവേശ വെസ്റ്റ്ബാങ്കിൽ യഹൂദ കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളിൽ മാധ്യമങ്ങൾ വ്യാജ വാർത്തകൾ നല്കുന്നതായി നെതന്യാഹു ആരോപിച്ചു.
പലസ്തീനിലെ ഹമാസ് തീവ്രവാദികളെ പിന്തുണയ്ക്കുന്ന തുർക്കി പ്രസിഡന്റ് എർദോഗൻ ഏകാധിപതിയാണെന്ന് നെതന്യാഹു ആരോപിച്ചു.
ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയെയും നെതന്യാഹു വിമർശിച്ചു.
International
കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും 13 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയുടെ പടിഞ്ഞാറ് ടെൽ അൽ ഹവായിൽ ഒരു വാഹനത്തിനു നേർക്കായിരുന്നു ആക്രമണം. വാഹനം തരിപ്പണമായി.
രണ്ടു ഹമാസ് ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന അറിയിച്ചു. കൂടുതൽ വിവരങ്ങൾ നല്കിയില്ല.
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസും വെടിനിർത്തിയെങ്കിലും ഇസ്രേലി സേന ഗാസയിൽ പതിവായി ആക്രമണങ്ങൾ നടത്താറുണ്ട്. വെടിനിർത്തലിനു ശേഷം ഗാസയിൽ 1300 പലസ്തീനികൾ കൊല്ലപ്പെട്ടു.
International
കയ്റോ: ഗാസയിൽ വ്യോമാക്രമണം നടത്തി ഹമാസിന്റെ മുതിർന്ന കമാൻഡറെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ആക്രമണം.
ഹാസ് ഭീകരും ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായി. മുഹമ്മദ് അബ്ദെൽ സലാം അൽ യസൂരി എന്നാണ് കൊല്ലപ്പെട്ട ഭീകര കമാൻഡറുടെ പേര്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ഭീകരാക്രമണത്തിൽ ഈ കമാൻഡർ വലിയ പങ്കുവഹിച്ചതായി പറയുന്നു. വ്യാഴാഴ്ചത്തെ ആക്രമണത്തിൽ ഇയാൾക്കൊപ്പം മറ്റു രണ്ട് ഹമാസ് ഭീകരരും കൊല്ലപ്പെട്ടുവെന്നാണ് ഇസ്രേലി സേന പറഞ്ഞത്.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ അലി അൽ-താഹിർ മലനിരകളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ളയ്ക്ക് കനത്ത നാശം. ഹിസ്ബുള്ള നിർമിച്ച വൻ തുരങ്ക ശൃംഖലകളും മിസൈലുകളും റോക്കറ്റുകളും തകർത്തതായി ഇസ്രയേൽ വ്യോമസേന വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ സ്ഫോടന പരമ്പരകളിലൂടെയാണ് ഇവ തകർത്തതെന്നും സൈന്യം അറിയിച്ചു. ഇറാന്റെ സാമ്പത്തിക പിന്തുണയോടെയും ആസൂത്രണത്തോടെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഹിസ്ബുള്ള വികസിപ്പിച്ചെടുത്ത പ്രധാന ആയുധ-സൈനിക അടിസ്ഥാന സൗകര്യമാണ് തകർത്തത്
തുരങ്കങ്ങൾ തകർത്തതോടെ അലി അൽ-താഹിർ മലനിരകളുടെ മുകളിലും ഭൂഗർഭ മേഖലയിലും തങ്ങളുടെ നിയന്ത്രണം ശക്തമാക്കിയതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ലബനനിലെ നബാത്തിയ മേഖലയിലെ മലനിരകളിൽ നടന്ന സ്ഫോടനങ്ങളുടെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെ അനുഭവപ്പെട്ടതായി വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു.
ഭൂമിക്കടിയിൽ നിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഭൂമിക്കടിയിൽ രണ്ട് കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടന്ന വൻ തുരങ്ക സമുച്ചയമാണ് തകർത്തത്. ഹിസ്ബുള്ളയുടെ പ്രധാന ആയുധശേഖരവും സൈനിക സംവിധാനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നത്.
തുരങ്കത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഇറാൻ നിർമിത റോക്കറ്റുകളും മിസൈലുകളും ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചതായും സൈന്യം അറിയിച്ചു. ഡസൻ കണക്കിന് ടാങ്ക് വിരുദ്ധ മിസൈലുകൾ, നൂറുകണക്കിന് ലാൻഡ് മൈനുകൾ, വൻതോതിലുള്ള സ്ഫോടക വസ്തുക്കൾ എന്നിവയും കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലെ ഇസ്രേലി ആക്രമണങ്ങളിൽ രണ്ടു സ്ത്രീകൾ അടക്കം നാലു പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ ഇസ്രേലി അധിനിവേശ പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിനുള്ള മറുപടിയായിരുന്നു ഇതെന്നാണ് അറിയിപ്പ്.
ഞായറാഴ്ച പുലർച്ചെ അൽ ഫൗഖ, അറബ് സലീം എന്നീ രണ്ടു പ്രദേശങ്ങളിലായിരുന്നു ഇസ്രേലി ആക്രമണം. അറബ് സലീമിൽ ഹിസ്ബുള്ള ഉപയോഗിക്കുന്ന ഒരു കെട്ടിടത്തിനു സമീപമുള്ളവർ ഒഴിഞ്ഞു പോകണമെന്ന മുന്നറിയിപ്പ് ഇസ്രേലി സേന ഓൺലൈനായി നല്കിയിരുന്നു.
വെള്ളിയാഴ്ച ഇസ്രേലി സേന തെക്കൻ ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ നാലു പേർ കൊല്ലപ്പെടുകയും 23 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
മാർച്ച് രണ്ടിന് ഇറാനു പിന്തുണ പ്രഖ്യാപിച്ച് ഹിസ്ബുള്ളകൾ ഇസ്രയേലിനെ ആക്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 4,300 പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഹിസ്ബുള്ളയും ഇസ്രയേലും വെടി നിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തെക്കൻ ലബനനിലെ അധിനിവേശം അവസാനിപ്പിക്കാൻ ഇസ്രേലി സേന തയാറല്ല.
International
രമള്ള: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണം നേരിടുന്ന പലസ്തീനികളെ ഇസ്രയേലിലെ അമേരിക്കൻ അംബാസഡർ മൈക്ക് ഹക്കബി സന്ദർശിച്ചു.
റമള്ളയ്ക്കു സമീപം തുർമുസ് അയ്യാ എന്ന പലസ്തീൻ പട്ടണത്തിലാണ് ഇന്നലെ അദ്ദേഹം എത്തിയത്. ഇവിടുത്തെ മൂവായിരത്തോളം വരുന്ന തമാസക്കാരിൽ 80 ശതമാനവും അമേരിക്കൻ പൗരത്വമുള്ള പലസ്തീനികളാണ്.
ഇസ്രേലി കുടിയേറ്റക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ അടക്കമുള്ളവരുമായി ഹക്കബി കൂടിക്കാഴ്ച നടത്തി.
ഇസ്രേലികൾ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കുന്നതും പതിവാണെന്നും അവർ പട്ടണത്തിലും വീടുകളിലും കയറി നാശനഷ്ടങ്ങളുണ്ടാക്കുന്നതു തടയാൻ തങ്ങൾക്കാകില്ലെന്നും പലസ്തീനികൾ പരാതിപ്പെട്ടു.
ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സർക്കാർ കുടിയേറ്റക്കാരുടെ അക്രമങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നതിനു പുറമേ പ്രോത്സാഹന സമീപനം സ്വീകരിക്കുന്നതായും ആരോപണമുണ്ട്.
ബാപ്റ്റിസ്റ്റ് പ്രൊട്ടസ്റ്റന്റ് സഭാ പാസ്റ്റർ കൂടിയായ മൈക്ക് ഹക്കബീ ഇസ്രയേലിനെയും അതിന്റെ നയങ്ങളെയും തീവ്രമായി പിന്തുണയ്ക്കുന്നയാളാണ്. എന്നാൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീനികൾ നേരിടുന്ന അക്രമത്തിൽ അദ്ദേഹം വിപരീത നിലപാടാണ് സ്വീകരിക്കുന്നത്.
വെസ്റ്റ് ബാങ്കിൽ അക്രമം നടത്തുന്ന ഇസ്രേലികളെ പ്രോസിക്യൂട്ട് ചെയ്യണം എന്ന് ഹക്കബി ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ ഇസ്രേലികൾ വിചാരണ നേടിരുന്നത് അത്യപൂർവമാണ്.
വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന ക്രിസ്ത്യൻ ഗ്രമങ്ങളിലൊന്നായ തയ്ബേയിൽ 2025 ജൂണിൽ പള്ളി ആക്രമിക്കപ്പെട്ടപ്പോഴും ഹക്കബി സന്ദർശനം നടത്തിയിരുന്നു. പള്ളി ആക്രമിക്കപ്പെട്ടത് ഭീകരാക്രമണത്തിനു തുല്യമാണെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
International
ടെൽ അവീവ്: 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനു നേതൃത്വം നല്കിയ ഹമാസ് കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് മർഹൗദ് മർഷാദ് അൽ ഖാദിയെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു.
ഭീകരാക്രമണത്തിന്റെ ഭാഗമായി സുഫാ ഔട്ട്പോസ്റ്റിലെ നുഴഞ്ഞുകയറ്റത്തിന് നേതൃത്വം നല്കിയത് ഇയാളായിരുന്നു. ഗാസയിലെ റാഫ മേഖലയിൽ ഇസ്രേലി ബന്ദികളെ സൂക്ഷിച്ചിരുന്ന അൽ ഖാദി യുദ്ധത്തിലുടനീളം പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും ഇസ്രേലി സേനയുടെ അറിയിപ്പിൽ പറയുന്നു.
ഹമാസ് ഭീകരർക്കു പരിശീലനം നല്കൽ, ഹമാസിന്റെ പ്രവർത്തനശേഷി വീണ്ടെടുക്കൽ, പുതിയ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയ്ക്കും നേതൃത്വം നല്കിയിരുന്നു.
ഇസ്രേലി സേനയ്ക്കും സിവിലിയന്മാർക്കുമുള്ള ഭീഷണി ഇല്ലാതാക്കാനാണ് ഇയാളെ വകവരുത്തിയതെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തു.
International
കയ്റോ: ഗാസ സിറ്റിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ രണ്ടു കുട്ടികളും ഒരു വനിതയും കൊല്ലപ്പെട്ടു. ഹമാസ് കമാൻഡറെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷനിടെ ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഗാസ സിറ്റിയുടെ പടിഞ്ഞാറ് അൽ കത്തീബയിലായിരന്നു സംഭവം. ഇസ്രേലി സേനയിലെ പ്രത്യേക വിഭാഗമോ ഗാസയിൽ പ്രവർത്തിക്കുന്ന ഇസ്രേലി അനുകൂല സായുധ സംഘമോ ആണ് ഹമാസ് ഭീകര നേതാവിനെ അറസ്റ്റ് ചെയ്യാൻ ഓപ്പറേഷൻ നടത്തിയത്.
ഓപ്പറേഷനെക്കുറിച്ചുള്ള വിവരം പടർന്നപ്പോൾ ഇവരുടെ സുരക്ഷയ്ക്കായി ഇസ്രേലി സേന ഡ്രോൺ ആക്രമണം നടത്തുകയായിരുന്നുവെന്നും പറയുന്നു. ആക്രമണത്തിൽ കുട്ടികളടക്കം എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഇതിനു പിന്നാലെ മുതിർന്ന ഹമാസ് കമാൻഡർ അറസ്റ്റിലായി എന്ന് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് അറിയിക്കുകയുണ്ടായി. എന്നാൽ ഇതിന് ഗാസ സിറ്റിയിലെ സംഭവവുമായി ബന്ധമുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലായിലുണ്ടായ മറ്റൊരു ഇസ്രേലി ആക്രമണത്തിൽ ഒരു പെൺകുട്ടിയും കൊല്ലപ്പെടുകയുണ്ടായി.
International
ടെൽ അവീവ്: ജെറൂസലെമിൽ കന്യാസ്ത്രീയെ ആക്രമിച്ച യഹൂദനെ കോടതി കുറ്റവിമുക്തനാക്കി. പ്രതി യോനാ ഷ്റെയ്ബറിന്റെ മാനസികാരോഗ്യനില പരിഗണിച്ചാണ് ജറൂസലെം മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
ഇസ്രേലി അധിനിവേശ പ്രദേശമായ ഈസ്റ്റ് ജറൂസലെമിലെ ഓൾഡ് സിറ്റി ഭാഗത്ത് ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ സംഭവം അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഫ്രഞ്ച് ബിബ്ലിക്കൻ ആൻഡ് ആർക്കിയോളജിക്കൽ സ്കൂളിൽ ഗവേഷണം നടത്തുകയായിരുന്ന കന്യാസ്ത്രി നടന്നുപോകവേ അക്രമി പിറകിൽനിന്ന് ഓടിവന്ന് തള്ളിയിടുന്നതും തൊഴിക്കുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
കല്ല് പാകിയ വഴിയിൽ മുഖമടിച്ചുവീണ കന്യാസ്ത്രീക്ക് എഴുന്നേൽക്കാനായില്ല. സ്ഥലംവിടാൻ ശ്രമിച്ച അക്രമി തിരിച്ചുവന്ന്, നിലത്തുകിടന്ന കന്യാസ്ത്രീയെ മൃഗീയമായി തൊഴിച്ചു. സംഭവം കണ്ട് ഓടിവന്നൊരാളെയും ഇയാൾ ആക്രമിച്ചു.
36 വയസുള്ള പ്രതിക്കെതിരേ മതവിദ്വേഷമടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്. ആക്രമണ സമയത്ത് പ്രതിയുടെ മാനസികനില തകരാറിലായിരുന്നുവെന്നും വിചാരണ നേരിടാനുള്ള ശേഷി ഇയാൾക്കില്ലെന്നും ജില്ലാ ജില്ലാ സൈക്യാട്രിസ്റ്റ് റിപ്പോർട്ട് നല്കി.
സൈക്യാട്രിസ്റ്റിന്റെ അഭിപ്രായം അംഗീകരിക്കുന്നതായി വ്യക്തമാക്കിയ പ്രോസിക്യൂഷൻ പ്രതിയെ കുറ്റവിമുക്തനാക്കി ചികിത്സ നല്കണമെന്നാവശ്യപ്പെട്ടു. പ്രതി കന്യാസ്ത്രീയെ ആക്രമിച്ചെന്ന കുറ്റം തെളിഞ്ഞെങ്കിലും മാനസികാരോഗ്യത്തിന്റെ പേരിൽ കുറ്റവിമുക്തനാക്കുന്നതായി കോടതിയും പ്രഖ്യാപിച്ചു.
International
ടെൽ അവീവ്: ഗാസ യുദ്ധത്തിനിടെ അഞ്ചുവയസുള്ള പലസ്തീൻ ബാലിക ഹിന്ദ് രജബ് കൊല്ലപ്പെട്ട സംഭവത്തിൽ ക്രിമിനൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിെതിരേ കടുത്ത വിമർശനങ്ങൾക്കിടയാക്കിയ സംഭവം നടന്നു രണ്ടര വർഷത്തിനു ശേഷമാണ് ഈ തീരുമാനം.
2024 ജനുവരിയിൽ ഗാസ സിറ്റിയിൽവച്ച് ഇസ്രേലി സേനയുടെ വെടിയേറ്റ് ഹിന്ദ് രജബും കുടുംബവും കൊല്ലപ്പെടുകയായിരുന്നു. ഇസ്രേലി സേനയുടെ ബോംബിംഗിനിടെ ഹിന്ദ് രജബ് അടക്കം ഏഴംഗ കുടുംബം കാറിൽ രക്ഷപ്പെടുന്പോഴായിരുന്നു സംഭവം. കാറിനു നേർക്കുണ്ടായ ഇസ്രേലി വെടിവയ്പിൽ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു.
ആക്രമണത്തെ അതിജീവിച്ച ഹിന്ദ് രജബ് പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രവർത്തകരുടെ ഫോണിനു മറുപടി നല്കി. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിൽ തന്നെ ആരെങ്കിലും രക്ഷിക്കണമെന്ന് ബാലിക അഭ്യർഥിച്ചു. കൂടുതൽ വെടിയൊച്ചകൾ മുഴങ്ങുന്നതിനിടെ ഫോൺ കട്ടായി. ഇസ്രേലി സേന വീണ്ടും വെടിയുതിർത്തപ്പോൾ ഹിന്ദ് രജബ് കൊല്ലപ്പെട്ടുവെന്നാണ് നിഗമനം. ഹിന്ദ് രജബിനെ രക്ഷിക്കാനായി അംബുലൻസിൽ സ്ഥലത്തെത്തിയ രണ്ടു പേരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്കുശേഷം ഇവിടെനിന്ന് ഹിന്ദ് രജബിന്റെയും ബന്ധുക്കളുടെയും രണ്ട് ആംബുലൻസ് ജീവനക്കാരുടെയും മൃതദേഹം കണ്ടെടുത്തു.
സംഭവത്തിൽ ഇസ്രേലി സേനയ്ക്കു പങ്കുണ്ടെന്ന് ഇസ്രയേൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. സംഭവ സമയത്ത് സ്ഥലത്ത് ഇസ്രേലി സൈനികർ ഉണ്ടായിരുന്നില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മിലിട്ടറി പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമായിരിക്കും ഹിന്ദ് രജബ് കേസ് അന്വേഷിക്കുകയെന്നാണ് അറിയിപ്പ്.
International
ഡമാസ്കസ്: സിറിയൻ വ്യോമതാവളത്തിൽ ഇസ്രേലി ആക്രമണം. ഇഡ്ലിബ് പ്രവിശ്യയിലെ അബു ദുഹുർ വിമാത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ എട്ടു തവണ വ്യോമാക്രണം ഉണ്ടായി. റൺവേയ്ക്കു നേർക്കായിരുന്നു ആക്രമണം. ആളപായമില്ല.
ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇസ്രേലി സേന തയാറായില്ല.
സിറിയൻ അഭ്യന്തരയുദ്ധത്തിൽ പ്രവർത്തനരഹിതമായ വ്യോമതാളവത്തിൽ അടുത്തകാലത്ത് വിദേശ പോരാളികൾ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. അടുത്തകാലത്ത് ഇവരെ പുറത്താക്കി.
സിറിയയിലെ അഹമ്മദ് അൽ ഷാര സർക്കാരിനെ പിന്തുണയ്ക്കുന്ന തുർക്കി ഈ വ്യോമതാവളം പുനരുദ്ധരിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇസ്രേലി ആക്രമണത്തെക്കുറിച്ച് തുർക്കിയും പ്രതികരിക്കാൻ തയാറായില്ല.
International
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ മൂന്നു പേർ കുട്ടികളാണ്.
ശനിയാഴ്ച പുലർച്ചെ അൻസാർ എന്ന ഗ്രാമത്തിലെ ഒരു വീടിനെ ലക്ഷ്യമിട്ട ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സൈന്യം അവകാശപ്പെട്ടു.
ജൂണിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനും ഇസ്രയേലും തമ്മിൽ സമാധാനധാരണയ്ക്കു സമ്മതിച്ച ശേഷം ഇസ്രയേൽ നടത്തുന്ന ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്
International
രമള്ള: അധിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻ ഗ്രാമീണ കുടുംബങ്ങളെ ഉപരോധിക്കുന്ന ഇസ്രേലികളെ നേരിടാനായി കൂടുതൽ ഇസ്രേലി സൈനികർ രംഗത്ത്. ബുധനാഴ്ച കുടിയേറ്റക്കാരെ പിരിച്ചുവിടാനുള്ള സൈന്യത്തിന്റെ ശ്രമം വലിയ സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്നാണിത്.
നാബ്ലുസിന് തെക്കുള്ള ഖുസ്റ ഗ്രാമത്തിൽ ഞായറാഴ്ചയാണ് പ്രശ്നം തുടങ്ങിയത്. മേഖലയിലെ അനധികൃത ഇസ്രേലി കുടിയേറ്റക്കാർ ഗ്രാമത്തിലേക്കുള്ള റോഡ് ഉപരോധിക്കുകയും വെള്ളവും വൈദ്യുതിയും തടയുകയുമായിരുന്നു. ഇസ്രേലി ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെ പല്സ്തീൻ ഭൂമി പിടിച്ചെടുക്കുന്ന സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ കാണുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്ത് ആദ്യമെത്തിയ ഇസ്രേലി സൈനികർ കുടിയേറ്റക്കാർക്കൊപ്പം പ്രാർഥനയിൽ പങ്കെടുത്തത് വിവാദമായിരുന്നു.
നിലവിൽ രണ്ടു കുടുംബങ്ങളിൽപ്പെട്ടവരാണ് ഖുസ്റയിൽ ഉപരോധം നേരിടുന്നത്. വെള്ളവും വൈദ്യുതിയും ഇല്ലാത്തതിനു പുറമേ ഭക്ഷണസാമഗ്രികളും തീരുന്നതായി ഇവർ പറഞ്ഞു. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.
ബുധനാഴ്ച ഇസ്രേലി സേന ഉപരോധക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ മേഖലയിലെ കുടിയേറ്റക്കാർ സംഘമായി എത്തിയതോടെ സംഘർഷമുണ്ടായി. സൈന്യത്തിന് കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച കൂടുതൽ സൈന്യത്തെ ഇറക്കിയത്.
ഉപരോധം നേരിടുന്ന ഭൂമിയുടെ ഉടമയായ പലസ്തീനി അമേരിക്കൻ ബിസിനസുകാരനാണ്. ഇദ്ദേഹം ഇസ്രയേലിലെ അമേരിക്കൻ എംബസിയിൽ പരാതി നല്കിയിട്ടുണ്ട്. കുടിയേറ്റക്കാരെ ഉടൻ പുറത്താക്കാൻ ഇസ്രേലി ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി യുഎസ് അംബാസഡർ മൈക്ക് ഹക്കബീ അറിയിച്ചു.
International
ടെൽ അവീവ്: ഗാസ സമാധാനത്തിനായി യുഎസ് പ്രസിഡന്റ ്ട്രംപ് മുന്നോട്ടുവച്ച 15 ഇന പദ്ധതി തള്ളുന്നതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കാബിനറ്റ് യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹമാസ് ആയുധം താഴെ വയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.
ട്രംപ് രൂപീകരിച്ച സമാധാന സമിതി കഴിഞ്ഞ മാസമാണ് ഗാസയ്ക്കുള്ള പദ്ധതി പ്രഖ്യാപിച്ചത്. ഗാസയിലെ ഹമാസും ഇതര തീവ്രവാദ സംഘടനകളും ആയുധം വെടിയുമെന്ന് അറിയിച്ചതിനു പിന്നാലെയായിരുന്നിത്. എന്നാൽ ഇസ്രേലി സേന ഗാസയിൽനിന്നു പിന്മാറാതെ ആയുധം വെടിയാനാവില്ലെന്ന് ഹമാസ് പിന്നീട് പറയുകയുണ്ടായി.
ഹമാസ് സത്യസന്ധമായി ആയുധം താഴെവയ്ക്കാതെ ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറില്ലെന്നും ഇസ്രേലി ജനതയ്ക്കെതിരായ ഭീഷണികൾ ഉന്മൂലനം ചെയ്യുന്നത് സേന തുടരുമെന്നും നെതന്യാഹു കാബിനറ്റ് യോഗത്തിനുശേഷം വ്യക്തമാക്കി. ഇസ്രേലി സേന ഗാസയിൽനിന്ന് പിന്മാറുന്നതിന് മുന്പായി ഹമാസ് ആയുധം വെടിയണമെന്നും നെതന്യാഹു നിർദേശിച്ചു.
ഇസ്രേലി പാർലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾമാത്രം ശേഷിക്കേ ഗാസ വിഷയത്തിൽ നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയാറാവില്ലെന്നാണ് സൂചനകൾ. ട്രംപിന്റെ ഗാസ പദ്ധതി സ്വീകാര്യമല്ലെന്ന് നെതന്യാഹു പ്രഖ്യാപിക്കണമെന്ന് ഇസ്രേലി മന്ത്രിസഭയെ താങ്ങിനിർത്തുന്ന തീവ്രനിലപാടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച സുരക്ഷാ പരിശോധനയ്ക്കായി സൈനികർ ഒരു കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് സ്ഫോടനമുണ്ടായത്.
ജൂൺ അവസാനം ഇസ്രേലി സേനയും ലബനനിലെ ഹിസ്ബുള്ള ഭീകരരും തമ്മിൽ വെടിനിർത്തലുണ്ടായശേഷം ഇസ്രേലി ഭടന്മാർ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്.
ഇസ്രേലി സേന ബുധനാഴ്ച തെക്കൻ ലനനിലെ ടെബ്നിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ജൂണിലെ വെടിനിർത്തൽ ധാരണകൾ നടപ്പാക്കുന്നതു സംബന്ധിച്ച് ഇസ്രയേലും ലബനനും റോമിൽ ചർച്ച നടത്തുന്നതിനിടെയാണ് സംഘർഷം വർധിച്ചത്.
വെടിനിർത്തിയെങ്കിലും ഇസ്രേലി സേന തെക്കൻ ലബനനിൽ തുടരുകയാണ്. ഇസ്രയേലിനും ലബനനും ഇടയിൽ ഇസ്രേലി സേന സുരക്ഷിത ബഫർസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.
International
ഗാസ സിറ്റി:രണ്ടു വര്ഷം മുന്പ് ഗാസയിലുണ്ടായ ഇസ്രേലി ആക്രമണത്തില് കൊല്ലപ്പെട്ട രണ്ടു കുടുംബങ്ങളിലെ 112 അംഗങ്ങളുടെ മൃതസംസ്കാരം ഇന്നലെ ഒരുമിച്ചു നടത്തി. ഒരേ ഗോത്രത്തില്പ്പെട്ട അബു ഷരിയ, ഹസ്സയ്നാ കുടുംബങ്ങളില്പ്പെട്ട ഇവരില് 40 കുട്ടികളും 38 സ്ത്രീകളും ഭിന്നശേഷിക്കാരായ ഏഴു പേരും ഉള്പ്പെടുന്നു.
2023 നവംബര് 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രാന്തത്തിലുണ്ടായ ആക്രമണത്തിലാണ് ഇത്രയും പേര് ഒരുമിച്ചു മരിച്ചത്. അടുത്ത ദിവസങ്ങളില് കെട്ടാവശിഷ്ടങ്ങള്ക്കടിയില് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്.
International
വാഷിംഗ്ടൺ ഡിസി: സൗദി ഇസ്രയേലിനെ അംഗീകരിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള ആണവക്കരാർ യാഥാർഥ്യമാകൂ എന്ന് പ്രസിഡന്റ് ട്രംപ്. സൗദി-യുഎസ് ആണവക്കരാർ പശ്ചിമേഷ്യയിൽ ആയുധമത്സരത്തിന് വഴിവയ്ക്കുമെന്ന വിമർശനങ്ങൾക്കിടെയാണു ട്രംപ് പുതിയ വ്യവസ്ഥ പ്രഖ്യാപിച്ചത്.
അറബി രാജ്യങ്ങളും ഇസ്രയേലും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ ഏബ്രഹാം ഉടന്പടിയിൽ സൗദിയും ചേരണമെന്നാണു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 2020ലാണ് ഈ ഉടന്പടിയുണ്ടായത്.
യുഎഇ, ബഹ്റിൻ രാജ്യങ്ങളാണ് അദ്യം ഉടന്പടിയിൽ ചേർന്നത്. ഇതോടെ ഇവരും ഇസ്രയേലും തമ്മിൽ സാധാരണ നിലയിലുള്ള നയതന്ത്രബന്ധം യാഥാർഥ്യമായി. സുഡാൻ, മൊറോക്കോ എന്നീ മുസ്ലിം രാജ്യങ്ങളും പിന്നീട് ഇസ്രയേലിനെ അംഗീകരിക്കാൻ തയാറായി. സൗദി ഏബ്രഹാം ഉടന്പടിയിൽ ചേരുമോ എന്നതിൽ വ്യക്തതയില്ല.
സൗദിയുമായുള്ള അമേരിക്കയുടെ സിവിലിയൻ ആണവക്കരാർ സൈനികേതര ആവശ്യങ്ങൾക്കു മാത്രമുള്ളതാണെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കുറിപ്പിൽ ‘ആണവ ഇന്ധന സന്പുഷ്ടീകരണം ഉണ്ടാവില്ല’ എന്ന് ബ്രാക്കറ്റിൽ ചേർത്തിട്ടുണ്ട്.
അമേരിക്കൻ സാങ്കേതികവിദ്യയിൽ സൗദിയുടെ ഊർജാവശ്യത്തിന് റിയാക്ടറുകൾ നിർമിക്കാനുള്ള കരാറാണു ബുധനാഴ്ച പ്രഖ്യാപിക്കപ്പെട്ടത്. ഇതിനായി സൗദിക്കു സ്വന്തം നിലയിൽ ആണവ ഇന്ധനമായ യുറേനിയം സന്പുഷ്ടീകരിക്കാനും അനുമതിയുണ്ടാകുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സൗദിക്ക് അണ്വായുധം സ്വന്തമാക്കാനുള്ള വഴിയൊരുങ്ങിയെന്നും പശ്ചിമേഷ്യയിൽ അണ്വായുധ മത്സരമുണ്ടാകുമെന്നും വിമർശനമുയർന്നു. യുറേനിയം സന്പുഷ്ടീകരണത്തിന്റെ തോത് ഉയർത്തി അണുബോംബ് നിർമിക്കാനാകും. നിലവിൽ അണ്വായുധം സ്വന്തമായുള്ള ഏക രാജ്യം ഇസ്രയേലാണ്. ഇറാന്റെ പക്കൽ ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച യുറേനിയമുണ്ട്.
സൗദി-യുഎസ് ആണവക്കരാർ ഇസ്രേലി നേതൃത്വത്തെ ഭീതിയിലാഴ്ത്തിയെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവോ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഉന്നതരോ വിഷയത്തിൽ പ്രതികരിച്ചില്ല.
പക്ഷേ, മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, മുൻ പ്രതിരോധമന്ത്രി ലീബർമാൻ എന്നിവർ കരാറിനെ വിമർശിക്കുകയും കരാറിന് യുഎസ് കോൺഗ്രസിന്റെ അനുമതി ലഭിക്കാതിരിക്കാൻ ഇസ്രയേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
International
ബെയ്റൂട്ട്: ഇസ്രയേൽ സൈന്യം പിൻവാങ്ങിയ രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ സൈന്യത്തെ വിന്യസിച്ച് ലബനൻ.
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലുമായുണ്ടാക്കിയ സമാധാനക്കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തെക്കൻ മേഖലയിലെ ‘പൈലറ്റ് സോണി’ലേക്കാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്.
നബതിഹ് ജില്ലയിലെ സവ്താർ അൽ-ഗർബിയേ ഗ്രാമത്തിൽ സൈനിക യൂണിറ്റുകൾ നിയന്ത്രണം ഏറ്റെടുത്തതായി സൈനിക കമൻഡിന്റ് പ്രസ്താവനയിൽ അറിയിച്ചു.
സമാധാനക്കരാറിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റ് സോണുകൾ രൂപവത്കരിച്ചത്. ഇവിടെനിന്നും ഇസ്രയേൽ പിന്മാറുന്നതിനു പിന്നാലെ ലബനീസ് സൈന്യം നിയന്ത്രണം ഏറ്റെടുക്കും.
International
ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന രംഗങ്ങൾ; ചരിത്രം കണ്ട ഏറ്റവും സാഹസികവും നാടകീയവുമായ സൈനികനീക്കം, അതാണ് ഓപ്പറേഷൻ എന്റബെ അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്! നാലായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച്, മറ്റൊരു രാജ്യത്തിന്റെ അതീവസുരക്ഷയുള്ള വിമാനത്താവളത്തിനുള്ളിൽ ബന്ദിയാക്കിയ 106 പേര രക്ഷപ്പെടുത്താൻ ഇസ്രയേൽ കമാൻഡോകളുടെ മിന്നൽപ്പോര്; നടന്നത്, ഉഗാണ്ടയിൽ, അതേ ശത്രുക്കളെ കൊന്നുതിന്നിരുന്നുവെന്ന് പറയപ്പെടുന്ന, ലോകം കണ്ടതിൽ ഏറ്റവും വെറുക്കപ്പെട്ട ഭരണാധികാരി ഈദി അമീൻ എന്ന കൊടുംക്രൂരന്റെ നാട്..!
അന്പതു വർഷം മുന്പുനടന്ന ദൗത്യത്തെക്കുറിച്ചുള്ള ഇസ്രയേലിന്റെ അതീവ രഹസ്യ ഇന്റലിജൻസ് റിപ്പോർട്ടിലെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുയാണ് ജർമൻ മാധ്യമമായ വെൽറ്റ്. വെൽറ്റ് നൽകിയ ഔദ്യോഗിക അഭ്യർഥനയെത്തുടർന്ന്, ദൗത്യത്തിന്റെ അന്പതാം വാർഷികത്തോട് അനുബന്ധിച്ചാണ് ജർമൻ സർക്കാരിന്റെ ക്രൈസിസ് മാനേജ്മെന്റ് ടീമിൽ നിന്നുള്ള രഹസ്യരേഖകൾ പരസ്യപ്പെടുത്തിയത്.
1977 ഏപ്രിലിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിലെ (ഐഡിഎഫ്) തെരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് മാത്രം കടുത്ത സുരക്ഷാനിർദേശങ്ങളോടെ വ്യക്തിപരമായി വിതരണം ചെയ്ത 109 പേജുകളുള്ള ഹീബ്രു ഭാഷയിലുള്ള ബുക്ക്ലെറ്റിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലുള്ളത്. ബുക്ക്ലെറ്റ് ലഭിക്കുന്ന ഓഫീസർ, തന്റെ യൂണിറ്റിലെ മറ്റ് ഉദ്യോഗസ്ഥർക്കോ പുറത്തുള്ളവർക്കോ ഇതു കൈമാറാൻ പാടില്ല എന്ന കർശനമായ വിലക്കോടെയായിരുന്നു നൽകിയിരുന്നത്.
ഭീതിയുടെയും അതിജീവനത്തിന്റെ 90 മിനിറ്റ്
1976 ജൂൺ അവസാനത്തോടെയാണ് ടെൽ അവീവിൽ നിന്ന് പാരീസിലേക്ക് ഏഥൻസ് വഴി പറന്ന എയർ ഫ്രാൻസ് ഫ്ലൈറ്റ് എഎഫ് 139 പാലസ്തീൻ-ജർമൻ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത്. 248 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിൽ, ഇസ്രേലികളല്ലാത്തവരെ വിട്ടയച്ചു. എന്നാൽ, ഇസ്രേലികളെയും വിമാനത്തിലെ ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. നൂറിലധികം വരുന്ന ഇവരെ രക്ഷിക്കാൻ ഇസ്രേലി കമാൻഡോകൾ നടത്തിയ, ഓപ്പറേഷൻ തണ്ടർബോൾട്ട് എന്ന അതീവ രഹസ്യദൗത്യത്തിന്റെ അണിയറക്കഥകൾ, അതിന്റെ ആസൂത്രണം തുടങ്ങിയവ കമാൻഡോ ഓപ്പറേഷനുകൾക്കുള്ള ഗൈഡ് ആയി മാറി.
കമാൻഡോകൾ തയാറാക്കിയ രക്ഷാപ്രവർത്തന പ്ലാനിനെ നാലു ഘട്ടങ്ങളായാണു തിരിച്ചിരുന്നത്. ഒന്നാം ഘട്ടം- പഴയ ടെർമിനൽ കെട്ടിടം സുരക്ഷിതമാക്കാൻ ഒരു സിംഗിൾ എയർക്രാഫ്റ്റ് ആദ്യം റൺവേയിൽ ഇറക്കുക. രണ്ടാം ഘട്ടം - ബാക്കിയുള്ള സൈനികരെ വിമാനത്താവളത്തിൽ ഇറക്കി റൺവേയും എയർപോർട്ടും പൂർണമായി നിയന്ത്രണത്തിലാക്കുക. മൂന്നാം ഘട്ടം ബന്ദികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുകയും ചെയ്യുക. നാലാം ഘട്ടം- എല്ലാവരുമായി സുരക്ഷിതമായി അവിടെനിന്നും തിരികെ പറക്കുക.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്തസഹോദരൻ, യോനാഥൻ നെതന്യാഹുവിന്റെ നേരിട്ടുള്ള കമാൻഡിനു കീഴിലുള്ള സയറത് മത്കൽ എന്ന എലൈറ്റ് യൂണിറ്റിലെ മുപ്പത്തിനാല് പ്രമുഖ സൈനികരാണ് ആദ്യ ഘട്ടത്തിനു നിയോഗിക്കപ്പെട്ടത്. ഉഗാണ്ടൻ ഏകാധിപതി ഈദി അമീൻ ഉപയോഗിക്കുന്നതുപോലെയുള്ള കറുത്ത മെഴ്സിഡസ് 220 ഡി കാറിലും രണ്ട് ലാൻഡ് റോവറുകളിലുമാണ് ഇവർ വിമാനത്തിൽ നിന്നിറങ്ങി ടെർമിനലിലേക്ക് നീങ്ങിയത്. ഈദി അമീൻ വരുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് ഉഗാണ്ടൻ സൈന്യത്തിന്റെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം.
രണ്ടാം ഘട്ടത്തിൽ 152 സൈനികരാണ് പങ്കെടുത്തത്. മുൻപ് യോം കിപ്പുർ യുദ്ധത്തിൽ ഈജിപ്തിൽ നിന്ന് ഇസ്രയേൽ പിടിച്ചെടുത്ത സോവിയറ്റ് നിർമിത ബിടിആർ-152 വാഹനങ്ങളും പ്യൂഷോ ലൈറ്റ് ട്രക്കുമാണ് ഇവർ ഉപയോഗിച്ചത്. പരിക്കേൽക്കുന്നവരെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരും മെഡിക്കൽ സംഘവും ഈ ദൗത്യത്തിനൊപ്പം ഉണ്ടായിരുന്നു.
International
ടെൽ അവീവ്: ഇസ്രയേലിലെ ജയിലുകളിൽനിന്ന് തടവുകാർ ചാടിപ്പോകുന്നത് തടയാൻ ജയിലിനുചുറ്റും മുതലകളെ കാവൽ നിർത്താനുള്ള വിചിത്രമായ നീക്കവുമായി ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ.
ഹമാസ് തടവുകാരെ പാർപ്പിച്ചിരിക്കുന്ന തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിനുചുറ്റും മുതലകളെ വിന്യസിക്കാനാണു മന്ത്രിയുടെ പദ്ധതി. ഇതിനുമുന്നോടിയായി മുതലകളെ സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തക്കവണ്ണം അവയുടെ വർഗീകരണത്തിൽ പരിസ്ഥിതി മന്ത്രാലയം മാറ്റം വരുത്തി.
മുതലകളെ ‘വന്യമൃഗങ്ങൾ’ എന്ന വിഭാഗത്തിൽനിന്നു മാറ്റി സുരക്ഷാ ഏജൻസികൾക്കു വളർത്താൻ അനുമതിയുള്ള ‘വളർത്തു വന്യമൃഗങ്ങളുടെ’ ഗണത്തിലാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി/ടെൽ അവീവ്: ഇറാനെതിരേ വിപുലമായ സൈനിക നീക്കത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ, ഇസ്രയേലിലേക്ക് ഡസൻകണക്കിന് ഇന്ധനം നിറയ്ക്കുന്ന യുദ്ധവിമാനങ്ങൾ അമേരിക്ക അയയ്ക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ അക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനിലെ ഊർജനിലയങ്ങളും അതീവസുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രങ്ങളും ആക്രമിക്കുന്നതുൾപ്പെടെയുള്ള വിവിധ സൈനികനീക്കങ്ങളെക്കുറിച്ച് വൈറ്റ് ഹൗസിൽ ഉന്നതതല യോഗം ചേർന്നതായാണു വിവരം. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഉപരോധം അവസാനിപ്പിക്കാനും ആണവ വിഷയത്തിൽ തന്റെ നിബന്ധനകൾ അംഗീകരിപ്പിക്കാനും ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കങ്ങൾ. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ തുടങ്ങിയവരുമായി ട്രംപ് അടുത്ത നീക്കങ്ങളെക്കുറിച്ച് ചർച്ച നടത്തിക്കഴിഞ്ഞു.
അതേസമയം, അമേരിക്കൻ നീക്കങ്ങൾക്ക് കടുത്ത ഭാഷയിലാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മറുപടി നൽകിയിരിക്കുന്നത്. ഇറാനെ സാമ്പത്തികമായി തകർക്കാൻ ലക്ഷ്യമിട്ട് പശ്ചിമേഷ്യൻ കടലിൽ പട്രോളിംഗ് നടത്തുന്ന യുഎസ് സേനയുടെ ഓരോ ചലനങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാൻ നാവികസേനാ കമാൻഡ് അറിയിച്ചു. യുഎസ് സെൻട്രൽ കമാൻഡ് നാവിക യൂണിറ്റുകൾക്കെതിരായ തങ്ങളുടെ സൈനിക നടപടിയുടെ സീറോ അവർ വളരെ അടുത്തു കഴിഞ്ഞെന്നും, വരും ദിവസങ്ങളിൽ അത് കാണാമെന്നുമാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിലുള്ളത്.
ഇറാന്റെ പ്രത്യാക്രമണ സാധ്യതകൾ കണക്കിലെടുത്ത് അതീവ സുരക്ഷിതമായ ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളം കേന്ദ്രീകരിച്ചാണ് അമേരിക്ക തങ്ങളുടെ റീഫ്യൂവലിംഗ് വിമാനങ്ങൾ വിന്യസിക്കുന്നത്. നിലവിൽ ബെൻ ഗുരിയൻ, റാമോൺ വിമാനത്താവളങ്ങളിലായി അറുപതോളം അമേരിക്കൻ സൈനിക വിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
International
ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ. ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ്. അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ.
ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നു. യുഎസ് സെൻട്രൽ കമാൻഡ് ഇറാനിൽ തുടർച്ചയായ ഏഴാം രാത്രിയും കനത്ത വ്യോമാക്രമണമാണു നടത്തിയത്. അമേരിക്കൻ ആക്രമണത്തിനുപിന്നാലെ, ശക്തമായ തിരിച്ചടിയുമായി ഇറാനും രംഗത്തെത്തി. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെയും സഖ്യരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടതോടെ സ്ഥിതിഗതികൾ യുദ്ധസമാനമായി.
കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരേയാണ് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് വൻതോതിൽ പ്രത്യാക്രമണം നടത്തിയത്. കുവൈറ്റിലെ അൽ-ഉദൈരി കാമ്പിലെ യുഎസ് ആയുധസംഭരണശാല, അലി അൽ-സലേം എയർ ബേസ് തുടങ്ങിയവയ്ക്കുനേരേ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തെ തുടർന്നു രാജ്യത്തുടനീളം അപായ സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും നേരിടുകയാണെന്ന് കുവൈറ്റ് സൈന്യം വ്യക്തമാക്കി.
ബഹ്റൈനിലെ ഷെയ്ഖ് ഈസ എയർ ബേസിനെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. അവിടെയുള്ള യുഎസ് യുദ്ധവിമാന താവളങ്ങൾ, ഇന്ധന സംഭരണ ടാങ്കുകൾ, യുഎസ് ഡ്രോൺ ഡിപ്പോ എന്നിവ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ബഹ്റൈനിലെ പ്രധാന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെന്റർ തകർത്തതായും റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്നു ജനങ്ങളോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ അധികൃതർ നിർദേശം പുറപ്പെടുവിച്ചു.
ഇന്നു രാവിലെ ഇറാൻ തൊടുത്തുവിട്ട പത്തിലേറെ മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളാണ് തകർത്തതെന്നും രാജ്യത്ത് ആളപായമോ നാശമോ സംഭവിച്ചിട്ടില്ലെന്നും ജോർദാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജോർദാനിലെ അൽ-അസ്റഖ് എയർ ബേസിലെ യുഎസ് ഇന്ധന സംഭരണശാലകളും ഇറാൻ ലക്ഷ്യമിട്ടതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ പ്രധാനപ്പെട്ട കപ്പാൽപ്പാതയായ ഹോർമുസ് കടലിടുക്കിലും ഭീതി പടരുകയാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം നീങ്ങിയ രണ്ട് എണ്ണടാങ്കറുകൾ ഹോർമുസ് കടലിടുക്കിൽ മൈനുകളിൽ തട്ടി പൊട്ടിത്തെറിച്ചതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ യുഎസ് സൈന്യം ഈ അവകാശവാദം പൂർണമായും നിഷേധിച്ചു. ഇതോടൊപ്പം, സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച നാല് കപ്പലുകൾ തടഞ്ഞതായും ഇറാൻ അവകാശപ്പെട്ടു.
ഇറാന്റെ സൈനികശേഷി പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും ആക്രമണം തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ നിരീക്ഷണകേന്ദ്രങ്ങൾ, ഭൂഗർഭ ആയുധ സംഭരണശാലകൾ എന്നിവയാണു തങ്ങൾ തകർത്തതെന്ന് യുഎസ് വ്യക്തമാക്കി.
അതേസമയം, അമേരിക്ക തങ്ങളുടെ ജനവാസമേഖലകളെ ലക്ഷ്യമിടുകയാണെന്ന് ഇറാൻ ആരോപിച്ചു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, രണ്ടു പ്രധാന പാലങ്ങൾ എന്നിവ യുഎസ് തകർത്തതായും പുതിയ ആക്രമണങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും ഇറാൻ ഔദ്യോഗികമായി അറിയിച്ചു.
International
വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനയ്യുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയാണ് ട്രംപ് വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്.
ഇറാനുമായി ഒന്നുകിൽ ഒരു കരാറിലെത്തുമെന്നും അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. സംഘർഷം ജനങ്ങളെ ബാധിക്കാതിരിക്കാൻ കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് അറിയിച്ചു.
തങ്ങൾ വിജയിക്കാൻ പോകുകയാണ്. ഒന്നുകിൽ ഒരു കരാറിലെത്തും, അല്ലെങ്കിൽ ഈ പണി അവസാനിപ്പിക്കും, അതിന് ഒട്ടും ബുദ്ധിമുട്ടില്ല. 91 ദശലക്ഷം ആളുകളെ സംഘർഷം ബാധിക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ട് കരാറിലെത്താനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും ട്രംപ് അറിയിച്ചു.
ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞു. ഇറാനിൽ ആണവായുധം ഉണ്ടായിരിക്കില്ല. സമ്പുഷ്ടീകരിച്ച യുറേനിയം തങ്ങൾക്ക് ലഭിക്കാൻ പോകുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
International
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി ഇറാൻ. ദോഹയിൽ അമേരിക്കയും ഇറാനും ചർച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദങ്ങളാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിയത്.
അമേരിക്കയുമായി വരും ദിവസങ്ങളിൽ ഒരു തലത്തിലും ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സൈനിക സംഘർഷങ്ങൾക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ധാരണയായതായും തുടർന്ന് ദോഹയിൽ സാങ്കേതികതല ചർച്ചകൾ പുനരാരംഭിക്കുമെന്നും അമേരിക്ക അറിയിച്ചിരുന്നു.
ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഇറാൻ ചർച്ച ആവശ്യപ്പെട്ടിട്ടുണ്ടെന്നും അടുത്ത ദിവസം അത് ദോഹയിൽ നടക്കുമെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ അവകാശവാദം. പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
Editorial
മത-വംശീയ ഭീകരവാദികളായ ഹമാസ് 2023 ഒക്ടോബർ ഏഴിനു നടത്തിയ തീവ്രവാദ ആക്രമണത്തിനു തിരിച്ചടിയായിട്ടാണ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേൽ യുദ്ധം തുടങ്ങിയത്. പക്ഷേ, ഇസ്രയേൽ നടത്തുന്നതും വംശഹത്യയാണ് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് മനുഷ്യത്വത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഗാസയിൽ കുട്ടികളെ കൊന്നൊടുക്കിയതു ബോധപൂർവമാണെന്നതിനു നിസ്തർക്കമായ തെളിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
അപകീർത്തികരമായ കള്ളം എന്നാണ് ഇസ്രയേൽ ഇതിനോടു പ്രതികരിച്ചത്. പക്ഷേ, ആ കള്ളമെന്തെന്നു ലോകത്തെ ബോധ്യപ്പെടുത്തിയിട്ടില്ല. ഹമാസ് ഭീകരത, ഇസ്രയേലിന് എന്തും വാങ്ങിക്കൂട്ടാനുള്ള ബ്ലാങ്ക് ചെക്കല്ലെന്ന നിലപാട് ആവർത്തിച്ചുകൊള്ളട്ടെ. ഹമാസിന്റേതായാലും ഇസ്രയേലിന്റേതായാലും വംശവെറിയെ വിശുദ്ധമായി പ്രഖ്യാപിക്കാനാവില്ല.
കാരണം, യഹൂദർക്കെതിരേ ഹിറ്റ്ലർ നടത്തിയതും അർമേനിയൻ ക്രൈസ്തവർക്കെതിരേ ഓട്ടോമൻ സാമ്രാജ്യം നടത്തിയതും ഉൾപ്പെടെയുള്ള വംശഹത്യകളെ നിരന്തരം തള്ളിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നവർക്ക് പലസ്തീനിലെ കുഞ്ഞുങ്ങളുടെ മരണകാരണങ്ങളിലും വ്യക്തത വേണ്ടിവരും. വംശഹത്യ റിപ്പോർട്ടിന് അരിശമല്ല മറുപടി.
ഗാസയിലെ പാലസ്തീന് കുട്ടികളെ ഇസ്രായേല് സൈന്യം ബോധപൂര്വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില് വരുന്നതാണെന്നുമാണ് യുഎൻ ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി പുറത്തുവിട്ടിരിക്കുന്ന നടുക്കുന്ന വിവരം. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെങ്കിൽ വസ്തുതകൾ നിരത്തി തിരുത്തപ്പെടണം.
ഇസ്രയേൽ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകില്ല. ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ശ്രീനിവാസൻ മുരളീധരനാണ് മൂന്നംഗ കമ്മീഷന്റെ അധ്യക്ഷൻ. പല തന്ത്രങ്ങളിലൂടെയാണ് ഇസ്രയേൽ കുട്ടികളെ ആക്രമിച്ചതെന്നു റിപ്പോർട്ട് പറയുന്നു. ക്വാഡ്കോപ്ടറുകള്, സ്നൈപ്പറുകള് എന്നീ ആയുധങ്ങള് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതാണ് ഒരു രീതി. പാർപ്പിടസമുച്ചയങ്ങള്, സ്കൂളുകള്, കുട്ടികള് തിങ്ങിപ്പാര്ക്കുന്ന ക്യാമ്പുകള് എന്നിവിടങ്ങളില് ആക്രമണം നടത്തുന്നതായിരുന്നു മറ്റൊരു രീതി.
അതൊക്കെ യുദ്ധത്തിലെ യാദൃച്ഛികതകളായിരുന്നില്ലെങ്കിൽ ഈ റിപ്പോർട്ട് ഗൗരവമുള്ളതാണ്. പ്രസക്ത നിരീക്ഷണങ്ങൾ ഇങ്ങനെ: “2023 ഒക്ടോബര് ഏഴിനും 2025 ഒക്ടോബര് ഏഴിനും ഇടയില് 20,179 കുട്ടികള് കൊല്ലപ്പെട്ടു. ഇതിൽ 5,031 കുട്ടികള് അഞ്ചു വയസിനു താഴെയുള്ളവരാണ്. ഒരു വയസില് താഴെയുള്ള 1,029 കുട്ടികളും 420 നവജാത ശിശുക്കളും കൊല്ലപ്പെട്ടു. 44,143 കുട്ടികള്ക്കു പരിക്കേറ്റു.
രേഖകളില്പ്പെടാത്ത മരണവും കുട്ടികളെ കാണാതായ കേസുകളുമുണ്ട്. പാലസ്തീന്റെ ഭാവി തകര്ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല് നടപ്പാക്കുന്നത്. കഴിഞ്ഞ ഒക്ടോബറില് പ്രഖ്യാപിച്ച വെടിനിര്ത്തലിനു ശേഷവും കുട്ടികള് വ്യാപകമായി കൊല്ലപ്പെടുകയാണ്. കുട്ടികള്ക്കു നേരേ ലൈംഗിക, ലിംഗാധിഷ്ഠിത അക്രമങ്ങളുമുണ്ടായി.
ആശുപത്രികള്, സ്കൂളുകള്, മറ്റ് സ്ഥാപനങ്ങള് എന്നിവയ്ക്കുനേരേയുണ്ടായ ആക്രമണങ്ങള് കുട്ടികളുടെ നിലനില്പിനെയും വികാസത്തെയും തടഞ്ഞു. നവജാത ശിശു-പ്രസവ ശുശ്രൂഷ തുടങ്ങിയ ആരോഗ്യസുരക്ഷാ സംവിധാനങ്ങള് തകര്ത്തതും ഇസ്രയേലിന്റെ ഉപരോധവും നവജാത ശിശുക്കളെ അംഗവൈകല്യമുള്ളവരും സ്ഥിരആരോഗ്യപ്രശ്നമുള്ളവരുമാക്കി മാറ്റി. വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജറൂസലെമിലും പലസ്തീൻ കുട്ടികൾക്കു നേരേ ജൂത കുടിയേറ്റക്കാരുടെ ആക്രമണവുമുണ്ട്.
ഇസ്രേലി സേന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സൈനിക നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം.”ശാരീരിക-മാനസിക മുറിവുകൾ, അനാഥത്വം, തുടർച്ചയായുള്ള പലായനം എന്നിവ കാരണം ഗാസയിൽ ബാല്യം ഇല്ലാതായെന്നാണ് കമ്മീഷൻ പറഞ്ഞത്. ചോരകൊണ്ടെഴുതിയ ഈ ബാലഹത്യയുടെ റിപ്പോർട്ട്, ഹമാസിന്റെ ക്രൂരതകളാൽ ന്യായീകരിക്കാനാകില്ല.
ക്രൈസ്തവരും യഹൂദരും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന മുസ്ലിം ബ്രദർഹുഡെന്ന ആഗോള വംശീയ ഭീകര സാഹോദര്യത്തിന്റെ ചാർച്ചക്കാരായ ഹമാസും ഹിസ്ബുള്ളയും ഹൂതികളുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന വംശഹത്യകൾക്ക് സയണിസ്റ്റ് വംശീയതയല്ല മറുപടി. സ്വതന്ത്ര മാധ്യമപ്രവർത്തനം സാധ്യമല്ലാത്ത ഗാസയിൽ ഇസ്രയേലിന്റെ പ്രസ്താവനകൊണ്ടുമാത്രം യുഎൻ കമ്മീഷൻ റിപ്പോർട്ടിനെ ചെറുക്കാനാകില്ല.
അപകീർത്തികരവും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടിൽ ഇസ്രേലികുട്ടികളെ ആക്രമിച്ചതും പലസ്തീൻകുട്ടികളെ ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്ന കാര്യവും അന്വേഷണസംഘം അവഗണിച്ചെന്ന് അവർ കുറ്റപ്പെടുത്തി. തീർച്ചയായും വ്യക്തതയുണ്ടാകണം. ആരുടെ കുട്ടികൾ കൊല്ലപ്പെട്ടാലും ആർദ്രമാകുന്ന മനസൊന്നും ഹമാസ് ഉൾപ്പെടെയുള്ള തീവ്രവാദികളുടെ മത-വംശീയ പ്രത്യയശാസ്ത്രത്തിലില്ല.
കുഞ്ഞുങ്ങളുടെ ചോര അവർക്ക് വിശുദ്ധ യുദ്ധങ്ങളുടെ സ്വർഗീയ നിറങ്ങളാകാം. പക്ഷേ, മനുഷ്യകവചങ്ങളാക്കിയ കുട്ടികൾ മാത്രമല്ല യുഎൻ റിപ്പോർട്ടിലുള്ളത്. രോഷാകുലമായ പ്രസ്താവനകളല്ല, കൃത്യമായ കണക്കുകളാണ് ഇസ്രയേൽ പുറത്തുവിടേണ്ടത്. ഇതിനൊപ്പം ഇസ്രയേലിലും ലെബനനിലും വെസ്റ്റ് ബാങ്കിലും യഹൂദതീവ്രദേശീയവാദികൾ ആക്രമിച്ച ക്രൈസ്തവദേവലായങ്ങളുടെയും സ്ഥാപനങ്ങളുടെയും സ്മാരകങ്ങളുടെയും കണക്കുകളും പുറത്തുവിടാം.
ക്രൈസ്തവർക്കു നേരേ തുപ്പുന്നവർ, അസഭ്യവർഷം നടത്തുന്നവർ, ആക്രമിക്കുന്നവർ... നെതന്യാഹു ഇതൊന്നും ചെയ്യുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ സംഘത്തിലെ പരിവാരങ്ങൾ, വംശീയതയുടെയും വർഗീയതയുടെയും ആചാരങ്ങൾ ഒരു സാബത്തിലെന്നപോലെ ഭക്തിപൂർവം നിർവഹിക്കുന്നുണ്ട്.
യുഎൻ റിപ്പോർട്ടിലെ വംശഹത്യാ ആരോപണം തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ ശാസ്ത്ര-സാങ്കേതികവിദ്യയിൽ അഗ്രഗണ്യരായ ഇസ്രയേലിനു സാധിക്കുകതന്നെ ചെയ്യും. അതറിയാതെയാണ് കേരളത്തിലുൾപ്പെടെയുള്ള വർഗീയ-വംശീയ ആരാധകർ വെറുപ്പിന്റെ സോഫ്റ്റ്വേർ പുറത്തെടുക്കുന്നത്. യുഹൂദരുൾപ്പെടെയുള്ള വംശഹത്യവിരുദ്ധർക്ക് അലോസരമായ കാഴ്ച!
International
വാഷിംഗ്ടൺ: സൈനികസംഘർഷത്തിന് വിരാമമിടാൻ ലക്ഷ്യമിട്ടുള്ള സുപ്രധാനമായ ത്രികക്ഷി സമാധാന രൂപരേഖയിൽ ഇസ്രയേലും ലബനനും ഒപ്പുവെച്ചു.
അമേരിക്കൻ വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിൽ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലായിരുന്നു ചടങ്ങുനടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ സമാധാനത്തിലേക്കുള്ള ആദ്യപടിയാണിതെന്ന് മാർക്കോ റൂബിയോ പ്രതികരിച്ചു.
അമേരിക്കയിലെ ഇസ്രയേൽ അംബാസഡർ യെഹിയേൽ ലെറ്റർ, ലബനൻ അംബാസഡർ നാദ ഹമദ മൊവാദ് എന്നിവരാണ് ഇരുരാജ്യങ്ങളെയും പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചത്.
ലബനനിൽ നിന്ന് ഹിസ്ബുള്ളയുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കാനും നിലവിൽ ഇസ്രയേൽ പിടിച്ചെടുത്ത ലബനനിലെ പ്രദേശങ്ങളിൽ തിരികെ ലെബനൻ ഔദ്യോഗിക ഭരണകൂടത്തിനു കൈമാറാനുമുള്ള കൃത്യമായ നടപടിക്രമങ്ങൾക്ക് ഈ കരാർ രൂപം നൽകുന്നു.
കരാർവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യുഎസ് നേതൃത്വത്തിൽ ഒരു മിലിട്ടറി കോഓർഡിനേഷൻ ഗ്രൂപ്പ് രൂപീകരിക്കും. ഇതിനുപുറമേ ലെബനന് 100 മില്യൺ ഡോളറിന്റ് സഹായവും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം,ലെബനനിലെ ശക്തമായ സായുധസംഘടനയായ ഹിസ്ബുള്ളയെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിന്നും കരാറിൽ നിന്നും പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ നീക്കം ലെബനനിൽ മറ്റൊരു ആഭ്യന്തരയുദ്ധത്തിന് കാരണമായേക്കുമെന്ന് ഹിസ്ബുള്ളയുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
International
ഇസ്താംബുൾ: ഇറാൻ-അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം.
ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
International
ബെയ്റൂട്ട്: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ഇസ്രേലി സേന ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേരെങ്കിലും കൊല്ലപ്പെട്ടു.
ഹിസ്ബുള്ളയുടെ ആക്രമണത്തിനു മറുപടിയായിരുന്നു ഇതെന്ന് ഇസ്രയേൽ വിശദീകരിച്ചു. ഇസ്രേലി സേനയെ ലബനനിൽ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കില്ലെന്ന് ഹിസ്ബുള്ളയും പ്രതികരിച്ചു.
യുഎസ്-ഇറാൻ സമാധാനക്കരാർ പ്രകാരമാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലുണ്ടാക്കിയത്. കരാറിൽ പങ്കാളിയല്ലെന്നാണ് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. ലബനന്റെ അഞ്ചു ശതമാനം പ്രദേശം ഇസ്രേലി അധിനിവേശത്തിലാണ്. ഇവിടെനിന്നു പിന്മാറില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഹിസ്ബുള്ള ഭീകരർ തെക്കൻ ലബനനിലെ ഇസ്രേലി സേനയ്ക്കു നേരേ 50 റോക്കറ്റുകൾ വിക്ഷേപിച്ചിരുന്നു.
International
ദുബായ്: പരസ്പരം അതിരൂക്ഷ ആക്രമണം നടത്തിയ ഇസ്രയേലും ഹിസ്ബുള്ളയും ഒടുവിൽ അമേരിക്കയുടെയും ഖത്തറിന്റെയും ഇടപെടലിൽ വെടിനിർത്തലിനു സമ്മതിച്ചു.ഇന്നലെ പ്രാദേശികസമയം വൈകുന്നേരം നാലിന് വെടിനിർത്തൽ പ്രാബല്യത്തിലായി.
തെക്കൻ നഗരമായ നബാതിയേയിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി നടന്ന ഇസ്രേലി ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടെന്ന് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. നൂറോളം പേർക്കു പരിക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നു.
ഹിസ്ബുള്ള തീവ്രവാദികളുടെ കേന്ദ്രത്തിലായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ഹിസ്ബുള്ള പ്രത്യാക്രമണത്തിൽ ഒരു ലഫ്. കേണൽ ഉൾപ്പെടെ തങ്ങളുടെ നാലു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ടാങ്കിനു നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടത്. അഞ്ചു സൈനികർക്കു പരിക്കേറ്റു. യുഎസ്-ഇറാൻ സമാധാന കരാറിൽ ഇസ്രയേലോ ഹിസ്ബുള്ളയോ ഒപ്പുവച്ചിരുന്നില്ല.
ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ സ്വിറ്റ്സർലൻഡിൽ നടക്കേണ്ടിയിരുന്ന സമാധാന ചർച്ചയിൽനിന്ന് ഇറാൻ പിന്മാറി.
യുഎസ് പ്രതിനിധിയായി പങ്കെടുക്കാനിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്വിറ്റ്സർലൻഡ് യാത്ര റദ്ദാക്കി. വാൻസ് ചർച്ചകളിൽനിന്നു പിന്മാറിയതായി വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി. ഇതോടെ യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള രണ്ടാം റൗണ്ട് സമാധാന ചർച്ച റദ്ദാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന് സ്ഥിരമായ പരിഹാരം കാണുന്നതിനായിരുന്നു ജനീവയിൽ ചർച്ച നിശ്ചയിച്ചിരുന്നത്. എത്രയും വേഗം ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ആരംഭിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.
യുഎസും ഇറാനും തമ്മിലുള്ള കരാറിന്റെ ഭാഗമായി ലബനനിലും വെടിനിർത്തൽ നടപ്പാക്കണമെന്നു വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിനിടെ, ഹോർമുസിൽ ഇറേനിയൻ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കപ്പലുകൾ രജിസ്റ്റർ ചെയ്യണമെന്നാണു നിർദേശം. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇറാൻ ഫീസ് ഈടാക്കുമെന്നാണു റിപ്പോർട്ട്. ഹോർമുസ് തുറന്നതോടെ ഒട്ടേറെ എണ്ണടാങ്കറുകൾ കടന്നുപോയി.
International
ടെഹ്റാൻ: ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ആരംഭിച്ച വെടിനിർത്തൽ അമേരിക്ക, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് സാധ്യമായതെന്നും റിപ്പോർട്ടുകളുണ്ട്.
തെക്കൻ ലെബനനിൽ ഉണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ നിലനിന്നിരുന്ന യുദ്ധഭീതി ഒഴിവാക്കാൻ ഈ തീരുമാനം സഹായകമാകും. യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു.
ആക്രമണം അവസാനിപ്പിക്കാൻ യുഎസും ഇസ്രയേലിനോട് നിർദേശിച്ചിരുന്നു. അതേസമയം അമേരിക്കയുമായി നടത്താനിരുന്ന ചർച്ച മാറ്റിവച്ചതായി ഇറാൻ അറിയിച്ചു. ചർച്ചയുടെ പദ്ധതികൾ തയാറാവുകയാണ്. ധാരണാപത്രത്തിലെ വ്യവസ്ഥകൾ എങ്ങനെ നടപ്പിലാകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ കരാറെന്നും ഇറാൻ അധികൃതർ പറഞ്ഞു.
International
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ നാഷണൽ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേഖലയിൽ വൻ പോരാട്ടം നടക്കുന്നതായി ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഇസ്രായേൽ സൈന്യവും വ്യക്തമാക്കി.
ഇസ്രായേൽ സൈന്യം ലെബനനിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ളയിൽ നിന്നുള്ള ഭീഷണികൾ പൂർണമായും ഇല്ലാതാകുന്നത് വരെ സൈന്യത്തെ പിൻവലിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ വർഷം അവസാനം രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് നെതന്യാഹു നിലപാട് കടുപ്പിക്കുന്നത്.
സ്വിറ്റ്സർലൻഡിൽ നടത്താനിരുന്ന ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾ വൈകുന്നതിനിടയിലാണ് ഈ ആക്രമണങ്ങൾ ഉണ്ടായത് എന്നതാണ് മറ്റൊരു പ്രധാനകാര്യം.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകൾക്ക് നേതൃത്വം നൽകാൻ സ്വിറ്റ്സർലൻഡിലേക്ക് നടത്താനിരുന്ന യാത്ര വ്യാഴാഴ്ച മാറ്റിവെച്ചു. സാങ്കേതിക തടസങ്ങളാണ് ഇതിന് കാരണമായി വൈറ്റ് ഹൗസ് ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ, ലെബനനിൽ ഇസ്രായേൽ തുടരുന്ന സൈനിക നടപടികളിൽ പ്രതിഷേധിച്ച് ഇറാൻ തങ്ങളുടെ പ്രതിനിധി സംഘത്തെ സ്വിറ്റ്സർലൻഡിലേക്ക് അയക്കുന്നത് വൈകിപ്പിക്കുന്നതായി ഹിസ്ബുള്ള അനുകൂല പാൻ-അറബ് സാറ്റലൈറ്റ് ചാനലായ അൽ-മയാദീൻ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്.
International
ടെല് അവീവ്: ലെബനന് അതിര്ത്തിയില് നിന്ന് പിന്മാറാൻ തയാറല്ലെന്ന് ഇസ്രയേല് സൈന്യം. തെക്കന് ലെബനനില് തങ്ങള് പിടിച്ചടക്കിയ സ്ഥലങ്ങളുടെ പുതിയ ഭൂപടം ഇസ്രയേല് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ലെബനനിൽ നിന്ന് പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ സൈന്യം നിലപാട് വ്യക്തമാക്കിയത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖയിൽ ഇസ്രയേല് ലെബനനില് നിന്ന് പിന്വാങ്ങണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. ഇസ്രയേൽ ലെബനനിൽ നിന്ന് പിന്മാറാതെ കരാര് സാധ്യമാകില്ലെന്നാണ് ഇറാന്റെ നിലപാട്.
ലെബനന് അതിര്ത്തിക്കുള്ളിലേക്ക് 10 കിലോമീറ്റര് വരെ തങ്ങളുടെ അധീനതയിലാണെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രയേല് പുറത്തിറക്കിയ പുതിയ ഭൂപടം. പ്രമുഖ ലെബനീസ് നഗരമായ നബാത്തിയയുടെ സമീപപ്രദേശങ്ങള് വരെ ഇസ്രയേല് സൈന്യത്തിന്റെ നിയന്ത്രണത്തിലായതായാണ് ഭൂപടം വ്യക്തമാക്കുന്നത്.
International
ദുബായ്: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനകരാർ യാഥാർഥ്യമാകണമെങ്കിൽ, ഇസ്രയേൽ ലബനനിൽനിന്നു സൈന്യത്തെ പിൻവലിക്കണമെന്ന് ഇറാൻ. എന്നാൽ, ഇറാന്റെ ആവശ്യം ഇസ്രായേൽ തള്ളിക്കളഞ്ഞതോടെ, വെള്ളിയാഴ്ച ഒപ്പിടാനിരിക്കുന്ന സമാധാനക്കരാർ സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമായി.
യുദ്ധത്തിനിടെ ഇസ്രയേൽ പിടിച്ചെടുത്ത ലബനനിലെ പ്രദേശങ്ങളിൽനിന്നു സൈന്യം പിന്മാറണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രയേൽ പിന്മാറാതെ കരാർ പൂർണമാകില്ലെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ കരാറിൽ തങ്ങൾ ഔദോഗിക കക്ഷിയല്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.
ലബനനിൽ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നീക്കം തുടരുമെന്നും തത്കാലം പിന്മാറ്റമില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
International
ജെറുസലേം: ഇസ്ലാമിക റിപബ്ലിക്കായ ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയും ഇറാനുമായി കരാർ ഉണ്ടായാലും ഇല്ലെങ്കിലും ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.
ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രയേൽ എന്ന രാജ്യത്തെ സമ്പൂർണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.
യുദ്ധം അവസാനിച്ചേക്കുമെന്ന സൂചനകളെത്തുടർന്ന് സ്വന്തം സർക്കാരിനുള്ളിൽ നിന്നും രാജ്യത്തിനകത്തു നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് നെതന്യാഹു പ്രതിരോധവുമായി രംഗത്തെത്തിയത്.
ഇറാന്റെ ആണവ സ്വപ്നങ്ങളെ തടയുക എന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്ന് നെതന്യാഹു വ്യക്തിമാക്കി. താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
International
ദുബായ്: രണ്ടു മാസത്തിനുശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതം. ഇറാനും ഇസ്രയേലും പരസ്പരം രൂക്ഷ ആക്രമണം നടത്തി. ഇറാനാണ് ആക്രമണം തുടങ്ങിവച്ചത്.
ഇസ്രയേൽ ശക്തമായി തിരിച്ചടിച്ചു. ഇരു രാജ്യങ്ങളും എത്രയും പെട്ടെന്നു സംഘർഷം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനുപിന്നാലെ ആക്രമണം നിർത്തിവയ്ക്കുകയാണെന്ന് ഇറാനും ഇസ്രയേലും അറിയിച്ചു.
ഇറാൻ മിസൈലാക്രമണം നിർത്തിവച്ചാൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക ഉറപ്പുനൽകി. അതേസമയം, ലബനനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറേനിയൻ സൈന്യത്തിന്റെ ജോയിന്റ് കമാൻഡ് മുന്നറിയിപ്പ് നൽകി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭ്യർഥനപ്രകാരം ഇറാനിലേക്കുള്ള ആക്രമണം നിർത്തിവയ്ക്കുകയാണെന്നു വ്യക്തമാക്കിയ ഇസ്രയേൽ, ഹിസ്ബുള്ള തീവ്രവാദികൾ ഇസ്രയേലിലേക്ക് ആക്രമണം നടത്തിയാൽ കനത്ത തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പു നൽകി. പശ്ചിമേഷ്യൻ സംഘർഷത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു.
ഏപ്രിലിനുശേഷം ആദ്യമായാണ് ഇസ്രയേൽ-ഇറാൻ സംഘർഷമുണ്ടാകുന്നത്. ഇറാനാണ് ആദ്യം ആക്രമണം നടത്തിയത്. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ പെട്രോകെമിക്കൽ പ്ലാന്റും നേവാതിം, ടെൽ നോഫ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളും ആക്രമിച്ചെന്ന് റവലൂഷണറി ഗാർഡുകൾ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ഇസ്രയേലിൽ സ്കൂളുകൾ അടഞ്ഞുകിടന്നു. എന്നാൽ, കടകന്പോളങ്ങൾ തുറന്നു പ്രവർത്തിച്ചു.
ഇറാനിലേക്ക് രൂക്ഷ ആക്രമണം നടത്തിയാണ് ഇസ്രേലി സേന തിരിച്ചടിച്ചത്. ടെഹ്റാൻ, ഇസ്ഫഹാൻ, കരാജ്, തബ്രിസ് എന്നീ നഗരങ്ങളിൽ ആക്രമണമുണ്ടായി. മഹ്ഷഹർ നഗരത്തിലെ പെട്രോകെമിക്കൽ ഫാക്ടറി ഇസ്രേലി സേന ആക്രമിച്ചു. വ്യാപക നാശനഷ്ടമുണ്ടായി. മിസൈൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയാണിത്. തങ്ങളുടെ യുദ്ധവിമാനങ്ങൾ മധ്യ, പടിഞ്ഞാറൻ ഇറാനിലെ തന്ത്രപ്രധാനമായ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രേലി സേന അറിയിച്ചു.
അതേസമയം, ഇസ്രേലി ആക്രമണത്തിനു പിന്നിൽ അമേരിക്കയാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ സഹകരണമില്ലാതെ ഇസ്രേലി ഭരണകൂടം ആക്രമണം നടത്തുമെന്ന് ആരും വിശ്വസിക്കില്ലെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗേയി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സംഘർഷത്തിനിടെയും വെടിനിർത്തലിനുള്ള നയതന്ത്രശ്രമങ്ങൾ തുടരുകയാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനു ചർച്ച നടന്നുവരികയാണെന്ന് ട്രംപ് പറഞ്ഞു. ലബനനെ ആക്രമിക്കരുതെന്ന മുന്നറിയിപ്പ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവഗണിച്ചതിൽ ട്രംപ് കടുത്ത രോഷത്തിലാണ്. ലബനനുനേർക്കുള്ള ആക്രമണമാണ് യുഎസ്-ഇറാൻ സമാധാനകരാർ യാഥാർഥ്യമാകുന്നതിനുള്ള പ്രധാന തടസം.
International
ജറുസലേം: ഇറാനും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്നതിനിടെ പ്രകോപനപരമായ പ്രസ്താവനയുമായി ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്നാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.
ബെയ്റൂട്ടിലെ ഇസ്രയേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ മിസൈൽ വർഷം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ സൈനിക നീക്കം തുടങ്ങിയത്. തുടർന്ന് പാക്കിസ്ഥാന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ച് വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഏപ്രിൽ മാസത്തിൽ ആരംഭിച്ച വെടിനിർത്തൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് രാത്രി ടെഹ്റാൻ കത്തിക്കണമെന്ന് ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തത്.
International
ടെൽ അവീവ്: ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രയേൽ പൂർണമായും ഒരുങ്ങിയതായാണ് വിവരം.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
International
ടെൽ അവീവ്: ഇസ്രയേലിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ സെൻട്രൽ ഇസ്രയേലിൽ അധിനിവേശ വെസ്റ്റ് ബാങ്കിനു സമീപമായിരുന്നു സംഭവം.
അക്രമികൾ വാഹനത്തിൽ സഞ്ചരിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. നാലു സ്ഥലങ്ങളിൽ വെടിവയ്പുണ്ടായി. ഭീകരാക്രമണം ആണെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
രണ്ട് അക്രമികളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഒരാളെ വധിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഇയാൾ ഇസ്രേലി പൗരത്വമുള്ള അറബ് വംശജനാണ്.
മറ്റൊരു അക്രമി കൊല്ലപ്പെട്ടതായി ഇസ്രേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. സംഭവ മേഖലയിൽ ഇസ്രേലി സൈന്യത്തെ വിന്യസിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളെ അട്ടിമറിച്ചുകൊണ്ട് ലെബനനിൽ ഇസ്രയേൽ നടത്തുന്ന മാരകമായ സൈനിക അധിനിവേശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിക്ക് സ്വന്തം മാതൃരാജ്യത്തേക്കാൾ വലുതാണോ അദ്ദേഹത്തിന്റെ 'പിതൃഭൂമി' (ഫാദർലാൻഡ്) എന്ന് കോൺഗ്രസ് പരിഹസിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയിച്ചാൽ ഹോർമുസ് കടലിടുക്ക് തുറക്കപ്പെടുകയും ഇന്ധനവില കുറയുകയും ചെയ്യും. ഇത് ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾക്ക് അത്യന്തം അനിവാര്യമാണ്. എന്നാൽ ഇസ്രയേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങൾ കാരണം ഈ ചർച്ചകൾ പ്രതിസന്ധിയിലാണ്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പോലും കടുത്ത ഭാഷയിൽ അമർഷം രേഖപ്പെടുത്തുകയും ലോകരാഷ്ട്രങ്ങൾ അധിനിവേശത്തെ അപലപിക്കുകയും ചെയ്യുമ്പോഴും ഇന്ത്യൻ പ്രധാനമന്ത്രി മൗനം തുടരുന്നതാണ് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഇസ്രയേൽ നിലപാടിനെ മോദി പിന്തുണയ്ക്കുന്നത് എന്തിനാണെന്നും പ്രതിപക്ഷം ചോദിക്കുന്നു.
International
ബെയ്റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രയേൽ. കരസേന ലബനന്റെ ഉള്ളിലേക്കു കടന്നുകയറിയതിനു പിന്നാലെ തീരനഗരമായ ഹൈയഫയിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതോടെയാണു ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്.
ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിനെത്തുടർന്ന് ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
തെക്കൻ ലബനനിൽ ഞായറാഴ്ച രാത്രി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സിറിയക്കാരനുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. ലബനനിൽനിന്നുള്ള രണ്ടു മിസൈലുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഞായറാഴ്ച വടക്കൻ ഇസ്രയേലിൽ റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ളയും അറിയിച്ചു. ഇതിനിടെ ഇസ്രയേലും ലബനനും തമ്മിലുള്ള യുദ്ധം ശമിപ്പിക്കാൻ അമേരിക്ക പുതിയ നയതന്ത്ര നീക്കവുമായി രംഗതെത്തി.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചു. ഹിസ്ബുള്ള ഇസ്രയേലിനെതിരായ എല്ലാ ആക്രമണങ്ങളും നിർത്തുകയും ഇസ്രയേൽ ബെയ്റൂട്ടിലെ സൈനിക പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുകയും ക്രമേണ സംഘർഷം കുറയ്ക്കുകയും വേണമെന്നാണ് റൂബിയോ നിർദേശിച്ചിരിക്കുന്നത്.
ജോസഫ് ഔൺ ഈ നിർദേശത്തോട് യോജിച്ചെങ്കിലും ഇസ്രയേൽ ആദ്യം എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കണമെന്ന് ലെബനീസ് പാർലമെന്റ് സ്പീക്കർ നബിഹ് ബെറി ആവശ്യപ്പെട്ടു. ഇതോടെ ചർച്ച വീണ്ടും വഴിമുട്ടിയിരിക്കുകയാണ്.
International
ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരസംഘടനയുടെ സായുധവിഭാഗം തലവൻ മുഹമ്മദ് ഒദേയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ചൊവ്വാഴ്ച ഗാസ സിറ്റിയിലെ ഇയാളുടെ അപ്പാർട്ട്മെന്റിൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
ഒദേയുടെ ഭാര്യയും മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനു പുറമേ മറ്റു മൂന്നു പേർകൂടി കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്നാണു ഗാസ ആരോഗ്യവൃത്തങ്ങൾ അറിയിച്ചത്.
നഗരമധ്യത്തിൽ തിരക്കേറിയ മാർക്കറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലെ മൂന്നു നിലകളിൽ ഒരേ സമയം വിവിധ ദിശകളിൽനിന്ന് അഞ്ചു മിസൈലുകൾ പതിച്ചുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ബ്രകീദിനോടനുബന്ധിച്ച് മാർക്കറ്റിൽ ധാരാളം പേരുണ്ടായിരുന്നു.
2023 ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് ഒദേയെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.
ഒദേ ഒളിച്ചുകഴിഞ്ഞ കെട്ടിടങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തുവെന്നാണ് ഇസ്രേലി സേന അറിയിച്ചത്. ഭീകരാക്രമണത്തിൽ പങ്കെടുത്തയാളും ഒദേയുടെ അനുയായിയുമായ മറ്റൊരാളുടെ താമസസ്ഥലവും ആക്രമണത്തിൽ നശിച്ചു.
ഒദേയുടെ മുൻഗാമിയായ ഇസ് അൽ ദിൻ അൽ ഹദ്ദാദിനെ ഇസ്രേലി സേന ഈ മാസം 15ന് വ്യോമാക്രമണത്തിൽ വധിച്ചിരുന്നു. അതേസമയം, ഇയാളുടെ പിൻഗാമിയായി ഒദേ നിയമിക്കപ്പെട്ടുവെന്നു സ്ഥിരീകരിക്കാൻ ഹമാസ് തയാറായിട്ടില്ല.
International
ടെൽ അവീവ്: ഹിസ്ബുള്ളയ്ക്കു നേരേ ആക്രമണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ.
ലബനന്റെ കിഴക്കൻ ബെക താഴ്വരയിലും മറ്റ് ഭാഗങ്ങളിലും ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടാൻ തീരുമാനിച്ചെങ്കിലും ഇസ്രയേൽ ആക്രമണം തുടരുകയായിരുന്നു. കിഴക്കൻ ലബനനിലെ ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു.
നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെക്കാ താഴ്വരയിലെ മഷ്ഘര ഗ്രാമത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം ആക്രമണമുണ്ടായത്.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ ശുഭ സൂചനയുമായി ഇറാൻ രംഗത്ത്. ആണവായുധം നിർമിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണമായും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഇറാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഇറാൻ അറിയിച്ചു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയാറാണെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഇറാന്റെ നിലപാട് സഹായകരമാണെന്നാണ് വിലയിരുത്തൽ.
International
ടെഹ്റാൻ: അമേരിക്കയുമായി നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കപ്പെടുന്നതിനിടെ ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ ഉറപ്പുനൽകി ഇറാൻ. ഹിസ്ബുള്ളയെ യാതൊരു കാരണവശാലും കൈവിടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
ഹിസ്ബുള്ളയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച ഇറാൻ ഇതുസംബന്ധിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറലിന് പ്രത്യേക സന്ദേശം അയച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയുമായി ഇറാൻ നയതന്ത്ര ധാരണകളിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രഖ്യാപനം.
അതേസമയം അമേരിക്കയുമായി സമവായത്തിലേക്ക് അടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടെന്നും പ്രധാന തർക്കവിഷയങ്ങളിൽ പലതിലും അനുകൂലമായ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ വിവിധ രാജ്യങ്ങളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ സാമ്പത്തിക സ്രോതസുകൾ ആദ്യം തന്നെ വിട്ടുനൽകണമെന്ന കർശന നിലപാടിലാണ് ഇറാൻ. വിഷയത്തിൽ അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമേ ചർച്ചകളുമായി മുന്നോട്ട് പോകൂ എന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
International
ജറൂസലെം: ബെത്ലഹേമിൽ സേവനം ചെയ്തുവന്ന ജോർദാൻ സ്വദേശിയായ കത്തോലിക്കാ വൈദികനെ ഇസ്രയേൽ പുറത്താക്കി.
വീസ റദ്ദാക്കിയതിനെത്തുടർന്ന് ഫാ. ലൂയിസ് സൽമാന് എന്ന വൈദികനാണ് സ്വദേശത്തേക്കു മടങ്ങിയത്. ഈശോമിശിഹായുടെ ജനനം ഇടയന്മാർക്കു വെളിപ്പെടുത്തിയ സ്ഥലമായി വിശ്വസിക്കപ്പെടുന്ന ബെയ്റ്റ് സഹൂർ പട്ടണത്തിലായിരുന്നു ഫാ. ലൂയിസ് ശുശ്രൂഷ ചെയ്തിരുന്നത്.
പലസ്തീനിലെ യുവജനങ്ങളുടെ ചാപ്ലയിൻ എന്നനിലയിൽ ഫാ. ലൂയിസ് മേഖലയിലെ യുവജനങ്ങള്ക്കിടയില് വലിയ സ്വാധീനം ചെലുത്തിയിരുന്നു. യുവജനസ്വാധീനവും അദ്ദേഹത്തിന്റെ രാഷ്ട്രീയവീക്ഷണങ്ങളും ഇസ്രയേല് ഭരണകൂടത്തെ ചൊടിപ്പിച്ചതായും ഇതു വൈദികന്റെ വീസ റദ്ദാക്കാന് കാരണമായതായും റിപ്പോര്ട്ടുകളുണ്ട്.
വിശുദ്ധവാരത്തിലും ഈസ്റ്റർ ചടങ്ങുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, കന്യാസ്ത്രീകൾക്കും വൈദികര്ക്കും നേരെയുള്ള ആക്രമണങ്ങൾ, ക്രിസ്തീയ പ്രതീകങ്ങള്ക്കുനേരേയുള്ള ആക്രമണങ്ങള് തുടങ്ങി വിശുദ്ധ നാട്ടില് ക്രൈസ്തവര്ക്കുനേരേ വിവിധ ഭീഷണികള് ഉയരുന്നതിനിടെയാണ് ഇസ്രായേല് ഭരണകൂടം വൈദികനെ പുറത്താക്കിയിരിക്കുന്നത്.
International
ജെറൂസലേം: ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യസർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിന് പ്രാഥമികാംഗീകാരം. ബുധനാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്ത 110 അംഗങ്ങളും ബില്ലിനെ അനുകൂലിച്ചു. ആരും ഇതിനെതിരെ വോട്ട് ചെയ്തില്ല. ഇതോടെ രാജ്യത്ത് പ്രഖ്യാപിച്ചതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയേറി.
ഒക്ടോബർ 27-നായിരുന്നു ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ പുതിയ നീക്കത്തോടെ സെപ്റ്റംബറിലോ ഒക്ടോബർ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടന്നേക്കും. സഖ്യകക്ഷികൾ കൈവിട്ടത് തിരിച്ചടിയായി ഇസ്രയേലിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന 76-കാരനായ ബെഞ്ചമിൻ നെതന്യാഹുവിന് സ്വന്തം സഖ്യകക്ഷികളിൽ നിന്നുള്ള കടുത്ത സമ്മർദമാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.
അൾട്രാ-ഓർത്തഡോക്സ് (യഹൂദ മതമൗലികവാദി) വിഭാഗത്തിലെ യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് സ്ഥിരമായ ഇളവ് നൽകുന്ന നിയമം പാസാക്കാമെന്ന് നെതന്യാഹു വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇതേത്തുടർന്ന് നെതന്യാഹുവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പ്രഖ്യാപിച്ച് സഖ്യകക്ഷികളായ 'ഷാസ്, 'യുണൈറ്റഡ് തോറ ജൂഡായിസം' എന്നീ പാർട്ടികൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ ഒരുങ്ങുകയും പാർലമെന്റ് പിരിച്ചുവിടാനുള്ള ബില്ലിനെ അനുകൂലിക്കുകയുമായിരുന്നു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ രംഗത്ത്. അമേരിക്ക തങ്ങളുടെ അയൽരാജ്യങ്ങളെ ആക്രമിച്ച ശേഷം പഴി ഇറാനുമേൽ കെട്ടിവയ്ക്കുകയാണെന്നാണ് ആരോപണം.
യുഎഇക്ക് പിന്നാലെ സൗദി അറേബ്യക്ക് നേരെയും ഇന്ന് ആക്രമണമുണ്ടായി. സൗദി ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകൾ തകർത്തു. ഇറാഖ് വ്യോമഅതിർത്തിയിൽ നിന്നാണ് സൗദിക്ക് നേരെയുള്ള ഈ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം അറിയിച്ചു. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി.
ബറക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തെ ഗൾഫ് രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിക്കുകയും യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യങ്ങൾ അവസാനിപ്പിക്കാൻ മുൻകൈയെടുത്ത് പാക്കിസ്ഥാൻ വീണ്ടും സജീവ ചർച്ചകളിലേക്ക് കടക്കുന്നു. സമാധാന ചർച്ചകൾക്കായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിക്ക് ഇറാനിലെത്തി.
മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് മൊഹ്സിൻ നഖ്വിക്കിന്റെ ദ്വിദിന ഇറാൻ സന്ദർശനം. ടെഹ്റാനിലെത്തിയ പാക് ആഭ്യന്തര മന്ത്രിയെ ഇറാൻ വിദേശകാര്യ മന്ത്രി എസ്കന്ദർ മൊമേനി സ്വീകരിച്ചു. ഇതോടെ വീണ്ടും പാക്കിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങളിൽ സജീവമാകുകയാണ്.
പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ശക്തിപ്പെടുത്തുന്നതിനായുള്ള വിശദമായ ചർച്ചകൾക്കാണ് പാക് ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തോടെ തുടക്കമായിരിക്കുന്നത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പൊതുവായ വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതിനും നയതന്ത്ര ഇടപെടലുകൾ കൂടുതൽ ശക്തമാക്കുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
International
ടെൽ അവീവ്: ഹമാസിന്റെ സൈനിക മേധാവി ഇസ അൽ ദിൻ അൽ ഹദ്ദാദ് ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രായേൽ. വെള്ളിയാഴ്ച ഗാസ സിറ്റിയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ദിൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായേൽ പ്രതിരോധ സേനയുടെ അവകാശവാദം.
ഐഡിഎഫ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാൾ കൂടിയാണ് കൊല്ലപ്പെട്ട ഹദ്ദാദ് എന്ന് ഐഡിഎഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഹമാസ് സൈനിക മേധാവി ആയിരുന്ന മുഹമ്മദ് സിൻവാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ തലപ്പത്തെത്തുന്നത്. ഇസ്രായേലി ബന്ദികളെ പാർപ്പിച്ചിരുന്ന ഇടങ്ങൾ പൂർണമായും നിയന്ത്രിച്ചിരുന്നത് ഹദ്ദാദ് ആയിരുന്നതായും ഐഡിഎഫ് അറിയിച്ചു.
ബന്ദികളെ ഉപയോഗിച്ച് മനുഷ്യകവചം തീർത്താണ് ഹദ്ദാദ് ആക്രമണങ്ങളെ പ്രതിരോധിച്ചിരുന്നതെന്നും ഐഡിഎഫ് പ്രസ്താവനയിൽ ആരോപിക്കുന്നു. 1980കളിൽ ആണ് ഇസ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
International
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ - ലബനൻ വെടിനിർത്തൽ 45 ദിവസത്തേക്കു നീട്ടി. യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിൽ നടന്ന രണ്ട് ദിവസം നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ നീട്ടുന്നതിനു ധാരണയായത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ടാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
മേയ് 29ന് പെന്റഗണിൽ ഇസ്രായേലി, ലബനൻ സൈനിക പ്രതിനിധികളുമായി വീണ്ടും ചർച്ച നടക്കുമെന്നും പിഗോട്ട് അറിയിച്ചു. ഈ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശാശ്വത സമാധാനം, പരസ്പര പരമാധികാരം, പ്രദേശിക സമഗ്രത, പൂർണമായ അംഗീകരിക്കൽ, അതിർത്തിയിലെ സുരക്ഷ സ്ഥാപിക്കൽ തുടങ്ങിയവ മുന്നോട്ടു കൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നെന്ന് ടോമി പിഗോട്ട് സമൂഹമാധ്യമത്തിൽ കുറിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി സമ്പുഷ്ടീകരിച്ച യുറേനിയം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റാൻ ഇറാൻ തയാറാണെന്ന് റിപ്പോർട്ടുകൾ. 'വാൾ സ്ട്രീറ്റ് ജേണൽ' ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങളോടുള്ള ഇറാന്റെ പ്രതികരണമായാണ് നിലപാടെന്നാണ് വിവരം. എന്നാൽ ആണവനിലയങ്ങൾ തകർക്കണമെന്ന അമേരിക്കൻ നിർദേശം ഇറാൻ അംഗീകരിച്ചിട്ടില്ല.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ കൈമാറിയ യുറേനിയം തിരികെ നൽകണമെന്നും ഇറാൻ ആവശ്യപ്പെടും. യുറേനിയം ശേഖരം നീക്കം ചെയ്യണമെന്നും രാജ്യത്തെ ആണവ നിലയങ്ങൾ തകർക്കണമെന്നുമായിരുന്നു അമേരിക്ക കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ.
എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഇറാന്റെ ആദ്യ പ്രതികരണം സ്വീകാര്യമല്ലെന്ന് അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാന്റെ മറുപടിയിലെ വിശദാംശങ്ങൾ അമേരിക്ക വെളിപ്പെടുത്തിയിരുന്നില്ല.
International
ജറൂസലെം : ഇസ്രയേലിൽ ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.
കഴിഞ്ഞ വർഷം ക്രൈസ്തവര്ക്കും ക്രിസ്തീയ പ്രതീകങ്ങള്ക്കും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കും നേരേ 181 ആക്രമണസംഭവമുണ്ടായതായി മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ വിരുദ്ധതയുമായി ബന്ധപ്പെട്ടു രേഖപ്പെടുത്തിയ കേസുകളില് 60 ശതമാനവും തുപ്പിക്കൊണ്ടുള്ള അവഹേളന സംഭവങ്ങളാണെന്നും ഇത്തരത്തില് 109 സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടില് പറയുന്നു.
18ശതമാനം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള് അധിക്ഷേപം, ഭീഷണി, ആക്രോശം എന്നിവയാണ്. ഇത്തരത്തില് 32 സംഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്.
ആകെ രേഖപ്പെടുത്തിയിരിക്കുന്നതില് 12% ക്രൈസ്തവ വിരുദ്ധ ആക്രമണവും നശിപ്പിക്കലും ക്രിസ്തീയ ചിഹ്നങ്ങൾക്ക് കേടുപാടുകൾ വരുത്തലും ഉൾപ്പെടുന്നു.
22 സംഭവങ്ങളാണ് ഇത്തരത്തില് കണക്കിലുള്ളതെന്നും റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു.അതേസമയം അനൗദ്യോഗിക കണക്കുകള്പ്രകാരം ഇതിലും കൂടുതൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള് അരങ്ങേറിയിട്ടുണ്ടാകാമെന്നു മതസ്വാതന്ത്ര്യ ഡാറ്റാ സെന്റര് വ്യക്തമാക്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ: രണ്ട് മാസത്തിലേറെയായി നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്.
ഒറ്റപ്പേജുള്ള ധാരണപത്രത്തിലൂടെയാണ് ആദ്യഘട്ടത്തിൽ സന്ധിയായത്. ഇതിനുപിന്നാലെ ഉപരോധങ്ങൾ നീക്കാനും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതം പുനഃരാരംഭിക്കാനുമാണ് തീരുമാനം. ഇറാന് മേലുള്ള ഉപരോധങ്ങൾ അമേരിക്ക ഘട്ടംഘട്ടമായി നീക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയാകുന്നതോടെ ഇറാൻ ആണവ പദ്ധതി ഉപേക്ഷിക്കേണ്ടി വരും. അതേസമയം യുദ്ധത്തില് അമേരിക്കയുടെ ലക്ഷ്യങ്ങളെല്ലാം പൂര്ത്തിയായ സാഹചര്യത്തില് സംഘര്ഷം അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 28ന് ആണ് ഇറാനെതിരെ ഇസ്രയേല്-യുഎസ് സംയുക്ത ആക്രമണം ആരംഭിച്ചത്. രണ്ട് മാസങ്ങളായി നീണ്ടുനിന്ന സൈനിക നടപടികള് പശ്ചിമേഷ്യയെ സംഘര്ഷാവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നു. സംഘര്ഷം ഗള്ഫ് മേഖലയില് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ വ്യോമയാന മേഖലയെയും ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്നതിനായി 18,100 കോടി രൂപയുടെ അടിയന്തര വായ്പാ പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം' അംഗീകരിച്ചത്.
ഇറാൻ-ഇസ്രയേൽ സംഘർഷം മൂലം ഇന്ധനവില വർധനവും വിതരണ ശൃംഖലയിലെ തടസങ്ങളും നേരിടുന്ന എയർലൈനുകൾക്കും എംഎസ്എംഇകൾക്കും ഈ സഹായം ലഭിക്കും. വ്യവസായങ്ങൾ തകരാതിരിക്കാനും തൊഴിൽ നഷ്ടം ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
എംഎസ്എംഇകൾക്ക് 100 ശതമാനവും എയർലൈനുകൾക്കും മറ്റുള്ളവർക്കും 90 ശതമാനവും ക്രെഡിറ്റ് ഗ്യാരണ്ടി സർക്കാർ നൽകും. 2027 മാർച്ച് 31 വരെ അനുവദിക്കുന്ന വായ്പകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഈ ഘട്ടത്തിൽ ലിക്വിഡിറ്റി (പണ ലഭ്യത) ഉറപ്പാക്കുന്നതിലൂടെ വ്യവസായങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അഭിപ്രായപ്പെട്ടു.
International
ദുബായ്: ഹോർമുസ് കടലിടുക്ക് വിഷയത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കൻ കപ്പലുകളെ ലക്ഷ്യം വച്ചാൽ ഇറാനെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വെടിവയ്പും ഡ്രോൺ ആക്രമണങ്ങളും മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി.
കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ പ്രോജക്ട് ഫ്രീഡം എന്ന പേരിൽ അമേരിക്കൻ നാവികസേന നേരിട്ട് സുരക്ഷാചുമതല ഏറ്റെടുക്കുമെന്നു കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ താക്കീതുമായി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തിക്കടുത്ത് എത്തുന്ന ഏതൊരു വിദേശ സൈനികനീക്കത്തെയും ആക്രമിക്കുമെന്നാണ് ഇറാന്റെ നിലപാട്. ഇതേത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലുകൾക്കുനേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും യുഎസ് തിരിച്ചടിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയിലും ഇറാന്റെ ആക്രമണം ഉണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു ഇന്ത്യക്കാർക്കു പരിക്കേറ്റു. അതേസമയം, 19 ഇറാൻ മിസൈലുകളെയും ഡ്രോണുകളെയും തകർത്തതായും യുഎഇ അറിയിച്ചു. എന്നാൽ, തങ്ങൾ ലക്ഷ്യമിട്ടത് യുഎഇയിലെ എണ്ണ പ്ലാന്റുകളെ അല്ലെന്ന് ഇറാൻ പിന്നീടു വിശദീകരിച്ചു.
സംഘർഷം കടുക്കുമ്പോഴും സമാധാനത്തിനുള്ള ശ്രമങ്ങളും മറുവശത്തു നടക്കുന്നുണ്ട്. പാകിസ്ഥാൻ വഴി ഇറാൻ പതിനാലിന സമാധാന നിർദേശങ്ങൾ അമേരിക്കയ്ക്കു മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വെടിനിർത്തൽ അമേരിക്ക നിർദേശിക്കുമ്പോൾ മുപ്പതു ദിവസത്തിനുള്ളിൽ പൂർണമായ പ്രശ്നപരിഹാരം വേണമെന്നാണ് ഇറാന്റെ ആവശ്യം.
International
വാഷിംഗ്ടൺ ഡിസി: ഇസ്രയേൽ-ലബനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ്ഹൗസിൽ അമേരിക്കയിലെ ഇസ്രേലി, ലബനീസ് അംബാസഡർമാരുടെ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു തീരുമാനമുണ്ടായത്.
ലബനനിലെ ഇറാൻപക്ഷ ഹിസ്ബുള്ള തീവ്രവാദികളും ഇസ്രേലി സേനയും തമ്മിലാണ് സംഘർഷം. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രേലി സേനയും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പല തവണ ഇരു പക്ഷവും കരാർ ലംഘിച്ചു.
ഏപ്രിൽ 17നു പ്രഖ്യാപിച്ച ഇസ്രയേൽ-ലബനൻ വെടിനിർത്തൽ ധാരണ തിങ്കളാഴ്ച അവസാനിരിക്കേയാണ് മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയത്. വാഷിംഗ്ടണിൽ ഏതാനും ആഴ്ചയ്ക്കകം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലബനീസ് പ്രസിഡന്റ് ജോസഫ് ഔണും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഹിസ്ബുള്ളയെ നിരായുധീകരിക്കാൻ ലബനനൊപ്പം പ്രവർത്തിക്കുെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു. "ഞങ്ങൾക്ക് ലബനനുമായി ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങളില്ല. നിസാര അതിർത്തി തർക്കങ്ങൾ മാത്രമാണുള്ളത്. അതു പരിഹരിക്കാനാകും’- സാർ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഹിസ്ബുള്ള തീവ്രവാദികൾ ഇറാക്കിലേക്ക് റോക്കറ്റ് ആക്രമണം നടത്തുകയായിരുന്നു. ഇസ്രയേലിന്റെ തിരിച്ചടിയിൽ തീവ്രവാദികളടക്കം 2300 പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്. പത്തു ലക്ഷം പേർ പലായനം ചെയ്തു.
ലബനനിലേക്കു കടന്നുകയറി കരയുദ്ധം ആരംഭിച്ച ഇസ്രയേൽ ഡസൻകണക്കിന് ലബനീസ് പട്ടണങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്തു.
International
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ ഉപരോധനത്തെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായേക്കുമെന്ന് ആശങ്ക. ഹോർമുസ് കടലിടുക്കിൽ തടസങ്ങൾ സൃഷ്ടിക്കുന്ന ബോട്ടുകൾ തകർക്കുന്നതിന് ഉത്തരവിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ആണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസിൽ കഴിഞ്ഞ ദിവസം ഇറാൻ മൂന്നു കപ്പലുകൾ ആക്രമിക്കുകയും രണ്ട് കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് ട്രംപ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഹോർമുസിൽ തടസം നിൽക്കുന്ന ഏത് ബോട്ടും വെടിവച്ച് വീഴ്ത്താൻ നാവികസേനയോട് ഉത്തരവിട്ടതായാണ് ട്രംപ് അറിയിച്ചത്. ഹോർമുസിലെ ഇറാന്റെ നാവികസേനാ ബോട്ടുകൾ തകർക്കാനാണ് ട്രംപിന്റെ നിർദേശം.
കടലിടുക്ക് വൃത്തിയാക്കുന്ന മൈൻ സ്വീപ്പറുകളുടെ വേഗം മൂന്നിരട്ടിയായി വർധിപ്പിക്കാനും ട്രംപ് ഉത്തരവിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോർമുസിൽ തങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
International
ബെയ്റൂട്ട്: തെക്കൻ ലബനനിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു.
ലബനീസ് സൈനിക വക്താവും അമൽ ജോലി ചെയ്തിരുന്ന ‘അൽ-അഖ്ബാർ’ പത്രവുമാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
അമലിനൊപ്പമുണ്ടായിരുന്ന ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് ആക്രമണത്തിൽ പരിക്കേറ്റു.
International
ജെറുസലേം: ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തന്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഇറാനെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു.
ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്.
നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാമെന്നും നെതന്യാഹു പറഞ്ഞു.