ആലപ്പുഴ: കേരള യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ എസ്ഡി കോളജിന് ഇരട്ടിമധുരം. തിരുവനന്തപുരം ഗവ. വുമൺസ് കോളജിൽ നടന്ന കേരള യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ -വനിതാ വിഭാഗങ്ങളിൽ ആലപ്പുഴ എസ് ഡി കോളജ് ചാമ്പ്യന്മാരായി.
തുടർച്ചയായി എട്ടാം വർഷമാണ് പുരുഷ വിഭാഗത്തിൽ എസ്ഡി കോളജ് ചാമ്പ്യൻഷിപ്പ് നേടുന്നത്. ഒന്നാംവർഷ മലയാളം ബിരുദ വിദ്യാർഥിയായ കെ.എ. അഭിഷേക്, രണ്ടാംവർഷ മലയാളം ബിരുദ വിദ്യാർഥിയായ എ. ജീവൻ, ഒന്നാംവർഷ ബിഎ ഹിസ്റ്ററി വിദ്യാർഥിയായ ശ്രീഹരി എന്നിവർ സ്വർണവും രണ്ടാം വർഷ ബികോം വിദ്യാർഥിയായ ജി. പ്രണവ് വെള്ളിയും നേടി.
അഭിഷേക് കേരള യൂണിവേഴ്സിറ്റി ബെസ്റ്റ് ലിഫ്റ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു. വനിതാ വിഭാഗത്തിൽ മൂന്നാം വർഷ സുവോളജി വിദ്യാർഥി പ്രീതു പ്രദീപ്, ഒന്നാംവർഷ ഇക്കണോമിക്സ് വിദ്യാർഥി ഡി. ആർച്ച, മൂന്നാംവർഷ ഇക്കണോമിക്സ് വിദ്യാർഥി എസ്. കാവ്യേന്ദു എന്നിവർ സ്വർണവും,രണ്ടാം വർഷ ഫിസിക്സ് വിദ്യാർഥി എസ്. അഞ്ജലി വെങ്കലവും നേടി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫ. വി.ആർ. പ്രഭാകരൻ നായർ, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. രാകേഷ് ചന്ദ്രൻ, കായിക മേധാവി എസ്. ആര്യ, കായിക വകുപ്പ് അസി. പ്രഫ. ജെ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു