അസംസ്കൃത വസ്തുക്കളുടെ വാർഷിക മൊത്തവില സൂചികയിലെ വർധനവാണ് വില കൂട്ടാനുള്ള ന്യായമായി പറയുന്നത്. ഇതിനർഥം ഫാർമസ്യൂട്ടിക്കൽ കന്പനികൾ നഷ്ടത്തിലാണെന്നല്ല. ലാഭത്തിൽ കുറവുണ്ടായി എന്നു മാത്രമേയുള്ളൂ
ചില അപൂർവ രോഗങ്ങളുടെയും കാൻസറിന്റെയും മരുന്നിന് ഇറക്കുമതിത്തീരുവ ഒഴിവാക്കിയ കേന്ദ്ര സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ നിരവധി അവശ്യ മരുന്നുകളുടെ വില നാളെ മുതൽ 12.12 ശതമാനമാണ് വർധിപ്പിക്കുന്നത്. ഏപ്രിൽ ഒന്നിന് മരുന്ന് ഉൾപ്പെടെ അവശ്യസാധനങ്ങൾക്കു വില വർധിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ എങ്ങനെ കാണുന്നു എന്നതുമായി ഈ ദിവസത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയില്ല. എന്തായാലും, സർക്കാരിനെക്കാളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലായ ജനങ്ങളുടെ വിഷമങ്ങളൊന്നും ഗൗനിക്കാതെയാണ് ഇന്ധനത്തിനും വെള്ളത്തിനും വൈദ്യുതിക്കും ഭൂമിക്കും വീടിനുമൊക്കെ നിരക്കും നികുതിയുമൊക്കെ സംസ്ഥാനം കുത്തനെ കൂട്ടുന്നത്.
കേന്ദ്ര സർക്കാരാണെങ്കിൽ, ജനങ്ങൾക്ക് അച്ഛാ ദിൻ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർധനരായ രോഗികളെയും പിഴിയാനാണ് പുതിയ നീക്കം. പാർലമെന്റിലും നിയമസഭയിലുമൊക്കെ ജനാധിപത്യ വിരുദ്ധതയ്ക്കെതിരേ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഈ ജനവിരുദ്ധത പ്രതിപക്ഷവും ഗൗനിക്കുന്നില്ലെന്നു തോന്നുന്നു. അല്ലെങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ പ്രതിഷേധിക്കുന്പോൾ സർക്കാർ തീരുമാനം മാറ്റുന്ന കാലമൊക്കെ പോയി. അങ്ങനെ ജനഹിതം മാനിക്കുന്നത്, ഭരണാധികാരികളുടെ നെഞ്ചളവിനെ ബാധിക്കുന്നതിനാൽ കൂട്ടുമെന്നു പറഞ്ഞാൽ പറഞ്ഞതാ. പുതുക്കിയ നിരക്കുകൾക്കും നികുതിക്കും വിലക്കയറ്റത്തിനുമനുസരിച്ച് മുണ്ടു മുറുക്കിയുടുക്കാൻ ജനം പരിശീലിക്കുക; അത്രതന്നെ.
അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളുടെയും പ്രത്യേക ഭക്ഷ്യവസ്തുക്കളുടെയും ഇറുക്കുതിക്കുള്ള കസ്റ്റംസ് തീരുവ കേന്ദ്ര ധനമന്ത്രാലയം പൂർണമായും ഒഴിവാക്കി വിജ്ഞാപനം ഇറക്കി. അതോടൊപ്പം ഏക്സറേ യന്ത്രഭാഗങ്ങളുടെയും ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവയും കുറച്ചിട്ടുണ്ട്. വലിയൊരു ജനവിഭാഗത്തിന് ആശ്വാസം പകരുന്ന തീരുമാനമാണിത്. എന്നാൽ ആന്റിബയോട്ടിക്കുകൾ, ആന്റി-ഇൻഫെക്റ്റീവ്സ്, വേദനസംഹാരികൾ, ഹൃദ്രോഗ മരുന്നുകൾ തുടങ്ങിയവയൊക്കെ വിലകൂടുന്നവയിലുണ്ട്.
27 തെറാപ്പികൾക്കുള്ള ഏകദേശം 900 ഫോർമുലേഷനുകളുമായി ബന്ധപ്പെട്ട 384 തന്മാത്രകളുടെ വില ഏപ്രിൽ മുതൽ 12 ശതമാനം വരെ ഉയരുമെന്നാണു റിപ്പോർട്ട്. ഇതനുസരിച്ച് 800ലധികം അവശ്യമരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില വർധിക്കും. ദേശീയ പട്ടികയിൽ ഉൾപ്പെടുന്ന അവശ്യമരുന്നുകളുടെ വില നിർണയിക്കുന്ന നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റിയാണ് (എൻപിപിഎ) വില വർധിപ്പിക്കാനുള്ള അനുമതി മരുന്നു കന്പനികൾക്കു നൽകുന്നത്. വില നിർണയിക്കുക എന്നാൽ വില വർധിപ്പിക്കുക എന്നു മാത്രം കരുതിയാൽ മതി. ഷെഡ്യൂൾഡ് പട്ടികയിൽ ഉൾപ്പെടാത്ത മറ്റു മരുന്നുകളുടെ വിലയിൽ 10 ശതമാനം വാർഷിക വർധന അനുവദനീയമാണ്. അതിന് എൻപിപിഎയുടെ അനുമതിയൊന്നും വേണ്ടാത്തതിനാൽ മുടക്കമില്ലാതെ നടക്കുന്നുണ്ട്. പക്ഷേ, അതിലും കൂടിയ ശതമാനത്തിലാണ് ഷെഡ്യൂൾഡ് മരുന്നുകളുടെ വില സർക്കാർ കൂട്ടിക്കൊടുക്കുന്നത്.
മരുന്നുകൾക്കു വില നിരന്തരം കൂടുന്നതിനാൽ ജൻ ഔഷധിയെ ആശ്രയിച്ചുകൊണ്ടിരുന്ന നിർധനർക്കും രക്ഷയില്ല. ജൻ ഔഷധി കേന്ദ്രങ്ങൾവഴി വിറ്റുകൊണ്ടിരുന്ന 2,802 ഇനം മരുന്നുകളിൽ 79 ശതമാനത്തിനും ദിവസങ്ങൾക്കുമുന്പുതന്നെ വില വർധിപ്പിച്ചിരുന്നു. കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നകൾക്കെല്ലാം വില വർധിച്ചു. ഇൻസുലിൻ ഗ്ലാർഗിൻ ഇൻജക്ഷന് 320ൽനിന്ന് 340 രൂപയായി. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മരുന്നുകൾക്കെല്ലാം ഒന്നു മുതൽ 20 രൂപ വരെ വർധിപ്പിച്ചു.
അസംസ്കൃത വസ്തുക്കളുടെ വാർഷിക മൊത്തവില സൂചികയിലെ വർധനവാണ് വില കൂട്ടാനുള്ള ന്യായമായി പറയുന്നത്. ഇതിനർഥം ഫാർമസ്യൂട്ടിക്കൽ കന്പനികൾ നഷ്ടത്തിലാണെന്നല്ല. ലാഭത്തിൽ കുറവുണ്ടായി എന്നു മാത്രമേയുള്ളൂ. 2022 ജൂലൈയിൽ പുറത്തുവന്ന കണക്കനുസരിച്ച് പ്രമുഖ ഫാർമസ്യൂട്ടിക്കൽ കന്പനിയായ സിപ്ലയുടെ അറ്റാദായം 3,000 കോടി രൂപയാണ്. 2,900 കോടി ലാഭവുമായി ഡിവിസ് ലാബ് തൊട്ടു പിന്നിലുണ്ട്. മൂന്നാമതുള്ള ഗ്ലെൻ മാർക്കിന് 2,000 കോടി. ഡോ. റെഡ്ഢീസ് ലാബിന്റെ ലാഭം 1,600 കോടിയിലധികമുണ്ട്. ഗവേഷണം ഉൾപ്പെടെയുള്ള എല്ലാ ചെലവുകൾക്കും ശേഷമാണ് ഈ ലാഭം. ജിഎസ്ടി വകുപ്പിന്റെ 2000ലെ കണക്കനുസരിച്ച് അരി വാങ്ങാൻ 3,000 കോടി രൂപ ചെലവിടുന്ന മലയാളി മരുന്നിനു ചെലവാക്കുന്നത് 7,237 കോടിയാണ്. ഈ വില വർധന എങ്ങനെ കേരളത്തെ ബാധിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.
മരുന്നു കന്പനികളുടെയും വിതരണക്കാരുടെയും കച്ചവടക്കാരുടെയും ലാഭത്തിൽ കുറവുണ്ടാകുന്പോൾ ജനങ്ങളെ പിഴിഞ്ഞു പരിഹാരമുണ്ടാക്കാൻ സർക്കാർ അനുവദിക്കും. എണ്ണക്കന്പനികളുടെ നഷ്ടം നികത്താനെന്ന പേരിലും ആഗോളവില കുറയുന്പോൾ നികുതിയിനത്തിൽ സർക്കാരിന്റെ വരുമാനം കൂട്ടാനും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും തോന്നിയപടി വില കൂട്ടാൻ കേന്ദ്രത്തിനു മടിയില്ല. സംസ്ഥാനവും ആ വഴിക്കു ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവുമൊക്കെ തടയുന്നതിലും എളുപ്പം ഈ പകൽക്കൊള്ളയാണല്ലോ. തട്ടിപ്പു നടത്തിയെന്ന റിപ്പോർട്ടിന്റെ പേരിൽ ലോക കോടീശ്വരന്മാരുടെ ഷെയറിനു മാർക്കറ്റിൽ വിലയിടിഞ്ഞാലും പൊതുമേഖലാ സ്ഥാപനങ്ങളിലെ പൊതുമുതലെടുത്തു സഹായിക്കാനും മടിയില്ല. ഒരു ചോദ്യത്തിനു മാത്രമേ ഉത്തരമില്ലാതുള്ളു. വരുമാനം നയാപൈസ കൂടിയിട്ടില്ലാതിരിക്കെ ഇങ്ങനെ ജീവിതച്ചെലവ് കൂടിയാൽ ഇടത്തരക്കാരും പാവപ്പെട്ടവരുമായ പ്രജകൾ എന്തു ചെയ്യുമെന്ന ചോദ്യത്തിന്.