മുസാഫർനഗറിലെ പ്രഹരം മനുഷ്യത്വത്തിന്റെ കരണത്ത്
ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശമനുസരിച്ച് നിരനിരയായി വന്നു തന്നെ മർദിച്ച സഹപാഠികളുടെ മുന്നിൽ പീഡിതനും അപമാനിതനുമായി നിന്ന വിദ്യാർഥിയുടെ മുഖം മനുഷ്യത്വമുള്ളവരെയെല്ലാം വേദനിപ്പിക്കുകയും രോഷാകുലരാക്കുകയും ചെയ്യുന്നു. വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു തല്ലിക്കുന്ന അധ്യാപികയുടെ മാനസികവൈകല്യം ഏവരെയും ലജ്ജിപ്പിക്കുന്നു. ഇതിലൊക്കെ ഭയാനകമാണ്, സംഭവത്തെ ന്യായീകരിക്കാനും ആളുണ്ടെന്നത്. തല്ലുകൊണ്ട വിദ്യാർഥി മുസ്ലിം ആയതിനാലും അധ്യാപികയുടെ ചില പരാമർശങ്ങൾ മതപരമായതിനാലും യുപിയിൽ മുന്പുണ്ടായിട്ടുള്ള ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇതിലും വർഗീയതയുണ്ടോയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം.
ഇക്കഴിഞ്ഞ വ്യാഴാഴ്ച മുസാഫർനഗറിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ഏഴു വയസുള്ള മുസ്ലിം വിദ്യാർഥിയെ അധ്യാപിക തൃപ്ത ത്യാഗി സഹവിദ്യാർഥികളെക്കൊണ്ടു തല്ലിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വിദ്യാർഥി പീഡനത്തിനിരയായി എന്നാണ് റിപ്പോർട്ടുകൾ. ഒരു കുട്ടിയുടെ അടി ദുർബലമായപ്പോൾ മുതുകിൽ അടിക്കാനും മറ്റൊരു വിദ്യാർഥിയോട് അരഭാഗത്തു ചവിട്ടാനും അധ്യാപിക ആവശ്യപ്പെടുകയാണ്.
അടികൊള്ളുന്ന വിദ്യാർഥിയാകട്ടെ, കൈകൾ രണ്ടും താഴ്ത്തിയിട്ട് നിസഹായനായി കരഞ്ഞുകൊണ്ട് കൂട്ടുകാരുടെ അടിയെല്ലാം ഏറ്റുവാങ്ങുകയാണ്. “അവന്റെ മുഖം ചുവന്നിരിക്കുന്നു. എല്ലാവരും അവന്റെ അരയിൽ തൊഴിക്കുക’’ എന്നും അധ്യാപിക പറയുന്നു. ആദ്യം അനങ്ങാതിരുന്ന പോലീസ്, വീഡിയോ പ്രചരിച്ചതോടെ കേസെടുക്കാൻ നിർബന്ധിതരായി. യുപിയിലെ പോലീസിന്റെ നിഷ്പക്ഷതയും സർക്കാരിന്റെ ആളും തരവും നോക്കിയുള്ള ബുൾഡോസർ നീതിയുമൊക്കെ കുപ്രസിദ്ധമായതുകൊണ്ട് ഇക്കാര്യത്തിലും സത്യസന്ധമായ അന്വേഷണം ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കാനേ നിവൃത്തിയുള്ളൂ.
വിദ്യാർഥി ഗൃഹപാഠം ചെയ്യാത്തതിനാൽ അംഗപരിമിതയായ താൻ മറ്റു കുട്ടികളെക്കൊണ്ടു ശിക്ഷിപ്പിച്ചതാണെന്നും കാര്യം നിസാരമാണെന്നും വർഗീയവത്കരിക്കേണ്ട കാര്യമില്ലെന്നുമൊക്കെയാണ് അധ്യാപികയുടെ ന്യായീകരണം. എന്തായാലും ടീച്ചറുടെ ഈ ‘നിസാര ശിക്ഷ’ മറ്റുള്ളവർ കാണാതിരിക്കാൻ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നുതന്നെ നീക്കം ചെയ്യാൻ ദേശീയ ബാലാവകാശ കമ്മീഷനു നിർദേശിക്കേണ്ടിവന്നു. മുതിർന്നവർക്കുപോലും അസ്വസ്ഥജനകമായ ആ വീഡിയോ കുട്ടികൾക്ക് എത്രമാത്രം മാനസികാഘാതമായിരിക്കും ഏൽപ്പിക്കുക? മുസാഫർനഗർ എംപിയും ബിജെപിയുടെ ജാട്ട് മുഖവുമായ സഞ്ജീവ് ബല്യാൻ അധ്യാപികയെ സന്ദർശിച്ചശേഷം പറഞ്ഞത്, ഒരു ടീച്ചറും വിദ്യാർഥിയും തമ്മിലുള്ള പ്രശ്നത്തെ പ്രതിപക്ഷം വർഗീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നാണ്. നിസാര പ്രശ്നമാണിതെന്നും ശാരീരിക ശിക്ഷണമൊക്കെ ഇവിടെ പതിവാണെന്നും പറഞ്ഞ ബിജെപി നേതാവ് സമൂഹത്തെ സേവിക്കുന്ന അംഗപരിമിതയായ അധ്യാപികയെ ഇതിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഓർമിപ്പിച്ചു.
അധ്യാപികയുടെ മനോവിഷമത്തെക്കുറിച്ച് ആകുലപ്പെടുന്ന ബിജെപി നേതാവിനു പക്ഷേ, ഒരു മണിക്കൂറോളം വേദനയും അപമാനവും സഹിച്ച മുസ്ലിം ബാലനെക്കുറിച്ച് അത്ര വേവലാതിയില്ല. ഇരയുടെ മാതാപിതാക്കൾ കേസിന്റെ കാര്യത്തിൽ സമ്മർദത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്. അതെന്തായാലും, രാജ്യത്തെ ഏറ്റവും മോശം അധ്യാപകരുടെ മുൻനിരയിലെത്തിയ അധ്യാപികയുടെ നടപടി വർഗീയമാണോയെന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
ഏതൊരു കുറ്റകൃത്യത്തിനും രണ്ടു മാനങ്ങളുണ്ട്. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരേ ചെയ്യുന്ന കുറ്റകൃത്യത്തെക്കാൾ ഗൗരവമുള്ളതാണ് ഏതെങ്കിലുമൊരു ആശയത്തിന്റെ സ്വാധീനത്താലുള്ള കുറ്റകൃത്യങ്ങൾ. രാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും തീവ്രവാദത്തിന്റെയുമൊക്കെ പിൻബലമുള്ള കുറ്റങ്ങൾക്ക് ഗൗരവമേറുന്നത് അതിനാലാണ്. അതു വ്യക്തിപരമെന്നതിനെക്കാൾ സമൂഹത്തിൽ കൂടുതൽ ആഘാതമുണ്ടാക്കുന്നതും ആവർത്തിക്കാനിടയുള്ളതുമാണ്.
മുസാഫർനഗറിലേതിന് അത്തരമൊരു മാനം ഉണ്ടാകാതിരിക്കട്ടെ എന്നാണ് മതേതര ഇന്ത്യ ആഗ്രഹിക്കുന്നത്. രാജ്യത്തെ അസ്വസ്ഥമാക്കിയ വീഡിയോ ദൃശ്യം പകർത്തിയത് കുട്ടിയുടെ ബന്ധുതന്നെയാണ്. എന്തുകൊണ്ട് അയാൾ അധ്യാപികയെയോ തല്ലുന്ന വിദ്യാർഥികളെയോ തടഞ്ഞില്ല എന്നതിനും ഉത്തരം കിട്ടേണ്ടതുണ്ട്. ഏതർഥത്തിലും, വാടകഗുണ്ടകളെപ്പോലെ വിദ്യാർഥികളെ സഹപാഠിക്കെതിരേ തിരിച്ചുവിട്ട അധ്യാപിക ശിക്ഷിക്കപ്പെട്ടേ തീരൂ. ബിജെപി എംപി പറഞ്ഞതുപോലെ, അവിടെ അതൊക്കെ നിസാരവും പതിവുള്ളതുമാണെങ്കിൽ യുപിയിലെ വിദ്യാഭ്യാസ സന്പ്രദായം ഉടച്ചുവാർക്കുകയും ത്രിപ്തയെപ്പോലെയുള്ള ക്രിമിനലുകൾ അധ്യാപകവൃത്തിയിലില്ലെന്ന് ഉറപ്പാക്കുകയും വേണം.
രാജ്യത്തെ നടുക്കിയ സംഭവത്തെക്കുറിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെയും പ്രതികരിക്കുകയോ ഇരയെ ആശ്വസിപ്പിക്കുന്ന ഒരു വാക്ക് ഉരിയാടുകയോ ചെയ്തിട്ടില്ല. കുറ്റവാളിയായ ത്രിപ്തയുടെ വീട്ടിലേക്ക് ബുൾഡോസറൊന്നും പോയിട്ടുമില്ല. രാജ്യത്തെ പല കുറ്റകൃത്യങ്ങളും കലാപങ്ങളുമൊക്കെ വർഗീയമാണെങ്കിലും അല്ലെങ്കിലും ഭരണാധികാരികളുടെ പ്രതികരണങ്ങളിലും പ്രതികരണമില്ലായ്മയിലും വർഗീയത നഗ്നമായിരിക്കുകയാണ്; അനുയായികൾക്കും ആരാധകർക്കും മറയ്ക്കാനാവാത്ത നഗ്നത.