ഒരിക്കൽ ആദർശങ്ങളുയർത്തി കെട്ടിപ്പടുത്തതും ഇപ്പോൾ കപടമുദ്രാവാക്യങ്ങളുടെയും ഗുണ്ടായിസത്തിന്റെയും പിൻബലത്തിൽ നിലനിൽക്കുന്നതുമായ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്വേഛാധിപത്യ പ്രവണതയ്ക്കു തടയിടണമെങ്കിൽ അവയുടെ രാഷ്ട്രീയ ഊർജസ്രോതസുകൾ വറ്റിക്കേണ്ടതുണ്ട്. കറപുരണ്ട വ്യക്തിത്വങ്ങളെ തലപ്പത്തിരുത്തി കലാലയങ്ങളെ വരുതിയിലാക്കുന്നവർ അതിന് അനുവദിക്കുമോ?
സിദ്ധാർഥന്റെ മരണവേദന കേരളത്തിന്റെ വേദനയായിരുന്നെങ്കിൽ പ്രതികളുടെയും സംരക്ഷകരുടെയും പങ്ക് ധാർമികരോഷത്തിനിടയാക്കുകയാണ്. അതുകൊണ്ടാണ് വിമർശനങ്ങളുണ്ടെങ്കിലും കർശന നടപടിയെടുത്ത ഗവർണറുടെ നടപടി സ്വാഗതം ചെയ്യപ്പെട്ടത്. ഇത് പൂക്കോട് വെറ്ററിനറി കോളജിലെ മാത്രം കാര്യമല്ല.
സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹോസ്റ്റലുകളെയും എസ്എഫ്ഐ ഗുണ്ടാരാജാക്കുന്നതും പാർട്ടിക്കാരായ അധ്യാപകർ കൂട്ടുനിൽക്കുന്നതുമൊക്കെ പലയിടത്തുമുണ്ട്. കൊല്ലം ആർ. ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജിലെ വിദ്യാർഥി സി.ആർ. അമൽ എസ്എഫ്ഐയുടെ വിചാരണയ്ക്കും മർദനത്തിനും ഇരയായെന്ന ആരോപണവും പുറത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും എറണാകുളം മഹാരാജാസിലുമൊക്കെ സംഭവിച്ചതു കേരളം മറന്നിട്ടില്ല. ഒരിക്കൽ ആദർശങ്ങളുയർത്തി കെട്ടിപ്പടുത്തതും ഇപ്പോൾ കപടമുദ്രാവാക്യങ്ങളുടെയും ഗുണ്ടായിസത്തിന്റെയും പിൻബലത്തിൽ നിലനിൽക്കുന്നതുമായ വിദ്യാർഥി പ്രസ്ഥാനത്തിന്റെ സ്വേഛാധിപത്യ പ്രവണതയ്ക്കു തടയിടണമെങ്കിൽ അവയുടെ രാഷ്ട്രീയ ഊർജസ്രോതസുകൾ വറ്റിക്കേണ്ടതുണ്ട്. കറപുരണ്ട വ്യക്തിത്വങ്ങളെ തലപ്പത്തിരുത്തി കലാലയങ്ങളെ വരുതിയിലാക്കുന്നവർ അതിന് അനുവദിക്കുമോ?
കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ. ശശീന്ദ്രനാഥിനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്തത് സർക്കാരുമായുള്ള ഏറ്റുമുട്ടലുകളുടെ ഭാഗമാണെന്ന വിമർശനം സ്വാഭാവികമാണ്. പക്ഷേ, കൊടുംക്രൂരത നടത്തിയ എസ്എഫ്ഐക്കാരുടെ പക്ഷത്താണെന്നു കരുതുന്നവർക്കെതിരേ ഗവർണറെടുത്ത നടപടിക്കു വലിയ പിന്തുണ ലഭിച്ചു.
മറ്റു ചിലതും കേരളം കണ്ടു. വിദ്യാർഥി രാഷ്ട്രീയത്തെ വെറുക്കപ്പെട്ടതാക്കി മാറ്റുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന എസ്എഫ്ഐ, അവരുടെ ക്രൂരതകൾക്കും അഴിമതികൾക്കും സംരക്ഷണമൊരുക്കുന്ന സിപിഎം, പൈശാചിക സംഭവത്തിൽ പ്രതികരിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി, സാമൂഹികതിന്മകൾക്കെതിരേ സ്ഥിരം പ്രതികരിക്കുന്നവരുടെ ഒളിച്ചോട്ടം, കുറ്റവാളികളെ സംരക്ഷിക്കുന്ന അധ്യാപകരുടെ അധാർമികത, മൂന്നുദിവസം തുടർന്ന വിചാരണയും മർദനവും അറിയാത്ത ഹോസ്റ്റൽ വാർഡനും ഡീനുമായ ‘മഹാൻ’, പ്രതികരണശേഷിയില്ലാത്ത വിദ്യാർഥികൾ... തുടങ്ങിയവയെല്ലാം ഒരിക്കൽകൂടി ചർച്ച ചെയ്യപ്പെടുന്നു.
സിദ്ധാർഥന് തൂങ്ങിമരിച്ചതാണെന്നു തെളിഞ്ഞാൽപോലും അതു കൊലപാതകമാണ്. കാരണം, എസ്എഫ്ഐ നേതാക്കളുൾപ്പെടെയുള്ള നരാധമന്മാർ ശരീരത്തെ മാത്രമല്ല മനസിനെയും തല്ലിച്ചതച്ച്, തനിക്കിനി മരണമല്ലാതൊരു പരിഹാരവുമില്ലെന്ന ഹൃദയഭേദകമായ ഒരവസ്ഥയിലേക്ക് അവനെ എത്തിക്കുകയായിരുന്നു.
സഹപാഠിയെ തല്ലിക്കൊല്ലുന്നതു കണ്ടുനിൽക്കുന്ന പ്രതിബദ്ധതയാണോ കൊട്ടിഘോഷിക്കപ്പെടുന്ന കലാലയ രാഷ്ട്രീയം വിദ്യാർഥികൾക്കു സമ്മാനിച്ചത്? എങ്ങനെയാണ് പരീക്ഷാക്രമക്കേടും സ്ത്രീവിരുദ്ധതയും ഗുണ്ടായിസവും ആരോപിക്കപ്പെടുകയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരിക്കുകയും ചെയ്ത ഒരാൾക്ക് എസ്എഫ്ഐയുടെ തലപ്പത്ത് ഇരിക്കാനാകുന്നത്? എങ്ങനെയാണ് അയാൾക്കു മുദ്രാവാക്യം വിളിക്കാൻ അണികൾക്കു സാധിക്കുന്നത്? ഇതൊന്നും ചോദിക്കാതെ പൂക്കോട് സംഭവത്തിന്റെ ചുരുളഴിക്കാനാവില്ല.
അഴിമതിയിലും കുടുംബശുശ്രൂഷയിലും പിൻവാതിൽ നിയമനങ്ങളിലും ധാർഷ്ട്യത്തിലും അഭിരമിക്കുന്ന സ്വേഛാധിപത്യ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് പൂക്കോട്ടെ പ്രതികളിൽ കണ്ടത്. ദുഷിച്ച രാഷ്ട്രീയത്തിന്റെ പരിഛേദമായ ഇത്തരം കലാലയ രാഷ്ട്രീയത്തെയാണ് മനുഷ്യത്വമുള്ളവർ എതിർക്കുന്നത്.
രക്തക്കറ പുരളാത്ത കൈകളാൽ മുദ്രാവാക്യം വിളിക്കാവുന്ന വിദ്യാർഥി പ്രസ്ഥാനങ്ങൾ ഏറെയുണ്ടാകില്ല കേരളത്തിൽ. പക്ഷേ, അത്തരം ഏറ്റമുട്ടലിനിടയിലല്ല സിദ്ധർഥൻ കൊല്ലപ്പെട്ടതെന്നത് ഈ സംഭവത്തെ ചരിത്രത്തിലെ കറുത്ത ഏടാക്കിയിരിക്കുന്നു. എതിർക്കാതെ നിന്നൊരു വിദ്യാർഥിയെ വിചാരണ നടത്തി മർദിക്കുകയായിരുന്നു.
തീവ്രവാദപ്രസ്ഥാനങ്ങളെ അനുസ്മരിപ്പിക്കുംവിധം ഉത്തരേന്ത്യയിൽ അരങ്ങേറുന്ന ആൾക്കൂട്ട വിചാരണകളെയും കൊലപാതകങ്ങളെയും വിമർശിക്കാൻ യോഗ്യതയുണ്ടായിരുന്ന കേരളത്തെ സിപിഎമ്മിനു പിന്നാലെ എസ്എഫ്ഐയും പിന്നിൽനിന്നു കുത്തിയിരിക്കുന്നു. വിദ്യാർഥിപ്രസ്ഥാനങ്ങളുടെ ഗുണ്ടാവിളയാട്ടം പാർട്ടിനോക്കാതെ അടിച്ചമർത്തേണ്ടതുണ്ട്.
കോളജുകളിലും ഹോസ്റ്റലുകളിലും ശുദ്ധീകരണം നടത്തി ഈ കുറ്റവാളികളെ ഒഴിപ്പിച്ചേ തീരൂ. അല്ലെങ്കിൽ പൂക്കോട് മറ്റൊരുവിധത്തിൽ ആവർത്തിക്കും. റാഗിംഗും രാഷ്ട്രീയാതിപ്രസരവും ശാപമായ പ്രഫഷണൽ സ്ഥാപനങ്ങളിലേക്കു മക്കളെ വിടാൻ മാതാപിതാക്കൾക്കു ഭയമാണ്. ഇപ്പോഴും കേരളത്തിൽ തുടരുന്ന വിദ്യാർഥികളെയും ഉള്ളതെല്ലാം വിറ്റുപെറുക്കി വിദേശത്തേക്കു കയറ്റിവിടുവോളം ഈ രാഷ്ട്രീയ കുറ്റവാളികളെ അഴിച്ചുവിടരുത്.