സ്ത്രീകൾക്കെതിരേ സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൂരതകൾ അരങ്ങേറിയ മണിപ്പുരിലെ മുഖ്യമന്ത്രിയെ വാക്കുകൊണ്ടുപോലും വേദനിപ്പിക്കാതെയാണ് സ്ത്രീകൾക്കെതിരേയുള്ള കുറ്റങ്ങൾക്കു മാപ്പില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത പാപമാണെന്നും ആ നിലയിൽ തന്നെ അതിനെ കൈകാര്യം ചെയ്യണമെന്നും സംസ്ഥാന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമപ്പെടുത്തിയത് ശ്രദ്ധേയമായി. മഹാരാഷ്ട്രയിൽ "ലാഖ്പതി ദീദി' സമ്മേളനം ഉദ്ഘാടനം ചെയ്യുന്പോഴാണ് കോൽക്കത്തയിൽ പിജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലുള്ള പ്രസംഗം.
പക്ഷേ, ഈ കരുതൽ രാജ്യത്തെ എല്ലാ സ്ത്രീകൾക്കും അവകാശപ്പെട്ടതല്ലേയെന്ന ചോദ്യത്തെക്കൂടി മുൻവിധികളില്ലാതെ അദ്ദേഹം അഭിമുഖീകരിക്കേണ്ടതുണ്ട്. അതോർത്താൽ, ആരുടെ മനോമുകുരത്തിലാണ് മണിപ്പുർ പൊള്ളിക്കുന്നൊരു കൊള്ളിയാനായി പതിക്കാതിരിക്കുക? കേന്ദ്ര-മണിപ്പുർ സർക്കാരുകൾ പുരട്ടാതെ പോയ മുറിവെണ്ണ, കോൽക്കത്തയ്ക്കും യുക്രെയ്നും റഷ്യക്കും എന്നപോലെ മണിപ്പുരിനും അവകാശപ്പെട്ടതായിരുന്നു.
മണിപ്പുർ കലാപം പൊട്ടിപ്പുറപ്പെട്ടത്, 2023 മേയ് മൂന്നിനാണ്. തൊട്ടടുത്ത ദിവസം രണ്ടു കുക്കി സ്ത്രീകളെ തെരുവിലൂടെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങൾ അക്രമികൾ പകർത്തുകയും ചെയ്തു. ഇംഫാലില്നിന്ന് 35 കിലോമീറ്റര് അകലെ കാങ്കോപിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ മാസങ്ങൾക്കുശേഷം പുറത്തുവന്നപ്പോഴാണ് പുറംലോകമറിഞ്ഞത്.
അതിജീവിതകളിൽ ഒരാളുടെ മകനെ കൺമുന്നിൽ കൊന്നശേഷമാണ് നഗ്നയാകാൻ അക്രമികൾ ആവശ്യപ്പെട്ടത്. റഷ്യയിലും യുക്രെയ്നിലും പോലും കാണാത്ത ക്രൂരത! സമാനരീതിയിൽ കൂടുതൽ സ്ത്രീകളെ അക്രമികൾ കൈകാര്യം ചെയ്തെന്നു പിന്നീട് റിപ്പോർട്ടുകളുണ്ടായി. കലാപം തുടങ്ങി രണ്ടര മാസത്തിനുശേഷം, സ്ത്രീകളെ നഗ്നരാക്കി നടത്തുന്ന ദൃശ്യം പുറത്തു വന്നതിനുശേഷമാണ് പ്രധാനമന്ത്രി വായ് തുറന്നത്.
മണിപ്പുർ സംഭവം നാണക്കേടുണ്ടാക്കുന്നതാണെന്നും തന്റെ ഹൃദയം വേദനയാലും രോഷത്താലും നിറഞ്ഞിരിക്കുകയാണെന്നും ലോക്സഭാ സമ്മേളനത്തിനു മുമ്പായി മോദി പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും രാജസ്ഥാനിലും സമാന സംഭവങ്ങളുണ്ടായെന്നുകൂടി പറഞ്ഞ് പ്രശ്നത്തെ സാമാന്യവത്കരിക്കാനും അദ്ദേഹം മറന്നില്ല.
പക്ഷേ, മണിപ്പുരിൽ സ്ത്രീകൾക്കെതിരായി നടന്ന അതിക്രമങ്ങളെ ബംഗാൾ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യപ്പെടുത്താനാവില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പാർലമെന്റിൽ മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് എന്തെങ്കിലുമൊന്നു പറയിക്കാൻ പ്രതിപക്ഷത്തിന് അവിശ്വാസപ്രമേയം കൊണ്ടുവരേണ്ടിവന്നു. സത്യത്തിൽ പ്രധാനമന്ത്രിയെ അങ്ങനെ നിർബന്ധിച്ചു പറയിക്കേണ്ട വിഷയമായിരുന്നോ മണിപ്പുർ?
മണിപ്പുരിലേതു കുക്കികളും മെയ്തെയ്കളും തമ്മിലുള്ള പതിവു വംശീയ സംഘർഷം മാത്രമാണെന്ന സംഘപരിവാർ ഭാഷ്യം ഏറ്റുപിടിക്കാൻ കേരളത്തിലും സ്ഥാപിത താത്പര്യക്കാരുണ്ടായിരുന്നു. മുന്പുണ്ടായിരുന്ന കലാപങ്ങളെയും ഇപ്പോഴത്തേതിനെയും നിരീക്ഷിച്ചിട്ടുള്ള നിഷ്പക്ഷമതികളൊന്നും അത് അംഗീകരിച്ചില്ലെന്നു മാത്രമല്ല, ബിജെപി മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനു കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. 16 മാസങ്ങൾ കഴിഞ്ഞു.
മുഖ്യമന്ത്രി ബിരേൻ സിംഗിന്റേതെന്ന വിധത്തിൽ "ദി വയർ' ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ശബ്ദരേഖ ബിരേൻ സിംഗിന്റെയും വംശീയകലാപ ഭാഷ്യക്കാരുടെയും മുഖംമൂടി ചീന്തുന്നതാണ്. 40 മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയിൽ ബിരേൻസിംഗ് പറയുന്നത് താൻ മെയ്തെയ്കൾക്കൊപ്പമാണെന്നാണ്.
പോലീസിന്റെ സംഭരണകേന്ദ്രത്തിൽനിന്ന് ആയുധങ്ങൾ കവർന്ന മെയ്തെയ്കളെ താൻ സംരക്ഷിച്ചതിനെക്കുറിച്ച് ഉൾപ്പെടെ ആ മുഖ്യമന്ത്രി ലവലേശം കുറ്റബോധമില്ലാതെ പറയുന്നുണ്ടത്രേ. കലാപം അന്വേഷിക്കുന്ന ജസ്റ്റീസ് അജയ് ലാംബ കമ്മീഷനു ലഭിച്ച ശബ്ദരേഖയാണ് പുറത്തായത്. സമാധാനശ്രമം അട്ടിമറിക്കാൻ ഇറക്കിയ വ്യാജവീഡിയോ ആണെന്നാണ് ബിരേൻ സിംഗിന്റെ പ്രതികരണം.
അത് അങ്ങനെ ആകട്ടെയെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ഈ രാജ്യം ചെന്നുപെട്ടിരിക്കുന്ന ദുർവിധി കോടിക്കണക്കിനു മനുഷ്യരെ നിരാശരാക്കിക്കളയും. കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി ഭരിക്കുന്പോഴുണ്ടാകുന്ന ‘ഇരട്ട എൻജിൻ’, ഒരു വിഭാഗം ജനങ്ങളെ ഭയപ്പെടുത്തും.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ, പോലീസ്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി ഏത് തലത്തിൽ വീഴ്ചയുണ്ടായാലും എല്ലാവരെയും ഉത്തരവാദികളാക്കുമെന്നു മോദി കഴിഞ്ഞദിവസത്തെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകിയിരുന്നു. സ്ത്രീകൾക്കെതിരേ സമകാലിക ഇന്ത്യ കണ്ട ഏറ്റവും വലിയ ക്രൂരതകൾ അരങ്ങേറിയ മണിപ്പുരിലെ മുഖ്യമന്ത്രിയെ വാക്കുകൊണ്ടുപോലും വേദനിപ്പിക്കാതെയാണ് ഈ പ്രസംഗം.
16 മാസങ്ങൾ കഴിഞ്ഞിട്ടും സമ്മർദങ്ങൾക്കു വഴങ്ങി നടത്തിയ ചില പരാമർശങ്ങളൊഴിച്ചാൽ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ പോലും മണിപ്പുർ ഗൗരവമുള്ള വിഷയമായിട്ടില്ല. യുക്രെയ്നെ ആശ്വസിപ്പിക്കാൻ മണിപ്പുരിനു മുകളിലൂടെ പറക്കുന്പോൾ ഒരു ഭരണാധികാരിക്കു തോന്നേണ്ട കുറ്റബോധത്തെയും രാജധർമം എന്നു വിവക്ഷിക്കാം.
മണിപ്പുരിൽ 226 പേർ കൊല്ലപ്പെട്ടു, ഇരുവിഭാഗങ്ങളിലുമായി 59,000 പേർ ഭവനരഹിതരായി, 11,133 വീടുകൾ കത്തിച്ചു, 11,892 കേസുകൾ രജിസ്റ്റർ ചെയ്തു. നമ്മുടെ രാജ്യത്തിനുള്ളിൽ ഉപേക്ഷിക്കപ്പെട്ടൊരു തുരുത്തുപോലെ മണിപ്പുർ അനാഥമായി കിടക്കുന്നു. സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവും അപമാനിക്കപ്പെട്ടതും ദുരിതമനുഭവിച്ചതും മണിപ്പുരിലെ സ്ത്രീകളാണ്.
രാജ്യത്തും പുറത്തുമുള്ള പീഡിതരായ സ്ത്രീകളെയും പുരുഷന്മാരെയും ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി തുനിയുന്നത് അഭിമാനകരമാണ്. പക്ഷേ, മണിപ്പുരിലെ സ്ത്രീ-പുരുഷന്മാരുടെ കാര്യമോ?