ഇറാൻ-യുഎസ് ചർച്ചയിൽ പുരോഗതി
Sunday, May 25, 2025 12:46 AM IST
റോം: ഇറാനും അമേരിക്കയും തമ്മിൽ വെള്ളിയാഴ്ച റോമിൽ നടത്തിയ അഞ്ചാം വട്ട ആണവചർച്ചയിൽ നേരിയ പുരോഗതി. ഇരുപക്ഷവും നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിലും ചർച്ചയിലുയർന്ന നിർദേശങ്ങൾ പരിഗണിക്കാനും വീണ്ടും കൂടിക്കാഴ്ച നടത്താനും തീരുമാനമായി.
പതിവുപോലെ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും യുഎസ് പ്രസിഡന്റ് ട്രംപിന്റെ പശ്ചിമേഷ്യാ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമാണ് റോമിൽ സന്ധിച്ചത്. ഒമാന്റെ മധ്യസ്ഥതയിൽ നേരിട്ടും അല്ലാതെയും ഇവർ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.
ഇറാന്റെ ആണവപദ്ധതികൾ പരിമിതപ്പെടുത്താനായി അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിക്കുമെന്ന് അബ്ബാസ് അരാഗ്ചി അറിയിച്ചു. ചർച്ച ശുഭകരമായിരുന്നുവെന്നും കൂടുതൽ പുരോഗതി ഉണ്ടായെന്നും അമേരിക്കൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
ആണവ ഇന്ധനമായ യുറേനിയത്തിന്റെ സന്പുഷ്ടീകരണം ഇറാൻ പൂർണമായി അവസാനിപ്പിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. എന്നാൽ, സന്പുഷ്ടീകരണം പൂർണമായി നിർത്താനാവില്ലെന്നും അതിന്റെ തോത് കുറയ്ക്കാമെന്നുമാണ് ഇറാന്റെ നിലപാട്.
ഉയർന്ന തോതിൽ സന്പുഷ്ടീകരിച്ച യുറേനിയം ഇറാന്റെ പക്കലുണ്ട്. അണ്വായുധ നിർമാണത്തിനുപയോഗിക്കാവുന്ന ഇത് വിദേശ രാജ്യത്തിനു കൈമാറണമെന്ന അമേരിക്കയുടെ ആവശ്യവും ഇറാൻ അംഗീകരിക്കുന്നില്ല.
ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. ഇറാനും അമേരിക്കയും ചർച്ച തുടർന്നാലും കരാർ ഉണ്ടാകാൻ വൈകുമെന്നാണു സൂചന.