കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ച് നെതർലൻഡ്സ് രാജാവും രാജ്ഞിയും
Friday, October 18, 2019 11:32 PM IST
ആലപ്പുഴ: കുട്ടനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കാനായി നെതർലൻഡ്സ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ആലപ്പുഴയിലെത്തി. കുട്ടനാട്ടിലെ കായൽ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും എത്തിയത്. 50 മിനിറ്റ് നീളുന്ന കായൽ യാത്രയാണ് ആലപ്പുഴയിൽ ഒരുക്കിയത്. ഫിനിഷിംഗ് പോയിൻറിൽനിന്ന് ആരംഭിച്ച് എസ്എൻ ജെട്ടി വഴി തിരികെ ഫിനിഷിംഗ് പോയിൻറിൽ എത്തുന്ന തരത്തിലാണു യാത്ര ക്രമീകരിച്ചത്.
ജലമന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത, ജില്ല പോലീസ് മേധാവി കെ.എം. ടോമി, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ ചേർന്നു സംഘത്തെ സ്വീകരിച്ചു. രാവിലെ ഫിനിഷിംഗ് പോയിൻറിൽ വന്നിറങ്ങിയ സംഘത്തെ പ്രത്യേകം താലപ്പൊലിയേന്തിയ 10 പേരുടെ സംഘം, വേലകളി സംഘം എന്നിവ ചേർന്നു സ്വീകരണമൊരുക്കി. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നു തെരഞ്ഞെടുത്ത 20 കുട്ടികൾ ചേർന്നു സ്വീകരിച്ചു. ഇവരിൽ ഒരാൾ രാജ്ഞിക്കു ബൊക്കെ നൽകി. കായൽ യാത്രയ്ക്കിടയിൽ നിശ്ചിത സമയം ബോട്ടിന്റെ മുകളിൽ എത്തി രാജാവും രാജ്ഞിയും ജനങ്ങളെ അഭിവാദ്യം ചെയ്തു.