മുഖ്യമന്ത്രി കുറ്റം ഏറ്റുപറയാന്‍ പോലും പറ്റാത്ത അവസ്ഥയിൽ: ചെന്നിത്തല
Saturday, October 24, 2020 12:59 AM IST
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു തന്റെ ഓഫീസിന്റെ പങ്ക് പുറത്തായതോടെ കുറ്റം ഏറ്റുപറയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണു മുഖ്യമന്ത്രിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വര്‍ണക്കടത്തിന് ഏറ്റവുമധികം സഹായം ചെയ്തതു മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണ്.
ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ ഇത്തരമൊരു സര്‍ക്കാര്‍ കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ലൈഫ് മിഷൻ ഉള്‍പ്പെടെയുള്ള പദ്ധതികളിലെ അഴിമതി മൂടിവയ്ക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് വേണ്ടെന്നു വച്ചത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും റബറിന്റെ വിലസ്ഥിരതാ കുടിശിക കൈമാറുന്നതിനും നെല്ല് സംഭരണത്തിനും ഉള്‍പ്പെടെ സര്‍ക്കാർ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.