ഇറാനെ ഉലച്ച് മഹ്സ അമിനി: പ്രതിഷേധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് അമ്പതിലേറെപ്പേര്‍
ഇറാനെ ഉലച്ച് മഹ്സ അമിനി: പ്രതിഷേധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് അമ്പതിലേറെപ്പേര്‍
Saturday, September 24, 2022 1:25 PM IST
ടെഹ്റാന്‍: ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി(22)യുടെ മരണത്തെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടു.

വടക്കന്‍ ഗിലാന്‍ പ്രവിശ്യയിലെ റെസ്‌വന്‍ഷഹര്‍ പട്ടണത്തില്‍ വ്യാഴാഴ്ച രാത്രി സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മരണസംഖ്യ വര്‍ധിച്ചതെന്ന് ഓസ്ലോ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് (ഐഎച്ച്ആര്‍) എന്‍ജിഒ അറിയിച്ചു.

കുര്‍ദിഷ് വംശജയായ മഹ്സാ അമിനയാണ് മൂന്നുദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞശേഷം മരിച്ചത്.

മുടി ശിരോവസ്ത്രംകൊണ്ടു മറച്ചില്ല, കൈകാലുകളില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു എന്നീ കുറ്റങ്ങളുടെ പേരില്‍ ടെഹ്റാനില്‍വച്ച് ഹിജാബ് നിയമം ഉറപ്പുവരുത്താനുള്ള മോറല്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സ്റ്റേഷനില്‍വച്ച് അബോധാവസ്ഥയിലായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലാക്കിയത്.

വെള്ളിയാഴ്ചയോടെ 80ല്‍ അധികം പട്ടണങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചു. പ്രതിഷേധം തടയാന്‍ ഇറാന്‍ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

വെള്ളിയാഴ്ച ടെഹ്റാനിലും മറ്റ് നഗരങ്ങളിലും ഹിജാബിനെ പിന്തുണച്ച് നടന്ന കൗണ്ടര്‍ റാലികളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി. സെന്‍ട്രല്‍ ടെഹ്റാനിലെ ഹിജാബ് അനുകൂല പ്രകടനക്കാരുടെ ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കെതിരെ അനാവശ്യ ശക്തി ഉപയോഗിക്കരുതെന്ന് ഇറാനോട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് അഭ്യര്‍ഥ്യച്ചു. സ്ഥിതി കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ എല്ലാവരും സംയമനം പാലിക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<