വീടിനുള്ളിൽ പുലി; ശുചിമുറിയിലൊളിച്ച് കുടുംബം
Sunday, January 21, 2018 10:23 AM IST
ബംഗളൂരു: വീടിനുള്ളിൽ കയറിയ പുള്ളിപ്പുലി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. കർണാടകയിലെ തുമകുരുവിലെ ജയനഗറിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. കർണാടക ആർടിസി മുൻ ജീവനക്കാരനായ രംഗനാഥിന്‍റെ വീട്ടിലാണ് പുലി അതിക്രമിച്ചു കയറിയത്. അദ്ദേഹത്തിന്‍റെ ഭാര്യയും മകളുമാണ് വീടിനുള്ളിൽ പുലി നില്ക്കുന്നത് കണ്ടത്. തുടർന്ന് ഇരുവരും ശുചിമുറിയിൽ അഭയംതേടി.

പുലി വീടിനുള്ളിൽ കയറിയ വിവരമണിഞ്ഞ രംഗനാഥ് വാതിൽ പുറത്തുനിന്ന് പൂട്ടിയ ശേഷം പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ശുചിമുറിയുടെ വെന്‍റിലേറ്റർ പൊളിച്ച് ആദ്യം രംഗനാഥിന്‍റെ ഭാര്യയെയും മകളെയും രക്ഷപെടുത്തി. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുലിയെ പിടിക്കാനുള്ള ശ്രമം തുടങ്ങി.

സംഭവമറിഞ്ഞ് നൂറുകണക്കിനാളുകൾ വീടിനു പുറത്ത് തടിച്ചുകൂടിയിരുന്നു. പുലിയെ ആകർഷിക്കാനായി ചരടിന്‍റെ അറ്റത്ത് ഭക്ഷണം കെട്ടിയ ശേഷം വീടിനുള്ളിലേക്ക് ഇടുകയാണ് ആദ്യം ചെയ്തത്. പുലി പുറത്തെത്തിയതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടി വച്ച് വീഴ്ത്തി. പിടികൂടിയ പുലിയെ പിന്നീട് വനത്തിൽ തുറന്നുവിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.