മൊബൈൽ നമ്പർ 13 അക്കമാകുന്നു? സത്യാവസ്ഥ ഇതാണ്...
Wednesday, February 21, 2018 2:42 PM IST
കോട്ടയം: മൊബൈൽ നമ്പർ 13 അക്കമാകുന്നു... സന്ദേശം കണ്ട് പലരും വിഷമിച്ചു. പത്തക്ക നമ്പർ ഓർത്തിരിക്കാൻ ബുദ്ധിമുട്ടുന്പോഴാണ് 13 അക്കം. പക്ഷെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥയെന്ത്‍?. മൊബൈൽ നന്പർ പത്ത് അക്കത്തിൽ നിന്ന് 13 അക്കമാക്കുന്നുവെന്ന പ്രചരണമാണ് ബിഎസ്എൻഎൽ എജിഎം മഹേന്ദർ സിംഗിന്‍റെ ഒരു ഉത്തരവിന്‍റെ പകർപ്പിനൊപ്പം സോഷ്യൽ മീഡിയകളിൽ വ്യാപകമാകുന്നത്.

എം ടു എം നന്പറുകൾ ജൂലൈ ഒന്നുമുതൽ പതിമൂന്ന് അക്കമാക്കുമെന്ന് ഉത്തരവിന്‍റെ പകർപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് തെറ്റിദ്ധരിക്കാൻ ഇടയായത്. എം ടു എം എന്നത് മൊബൈൽ ടു മൊബൈലാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചതാണ് പ്രശ്നമായത്. എന്നാൽ എം2എം എന്നത് മെഷീൻ ടു മെഷീൻ എന്നാണ് ഉദേശിച്ചിരിക്കുന്നത്. മനുഷ്യ സഹായമില്ലാതെ മെഷീനുകൾ തമ്മിൽ സന്ദേശം കൈമാറുന്നതിനുള്ളതാണ് എം ടു എം കമ്യൂണിക്കേഷൻ.

ഇന്‍റർനെറ്റ് മുഖേനയുള്ള ഉപകരണങ്ങളായ റോബോട്ടിക്സ്, ട്രാഫിക് കണ്‍ട്രോൾ, സപ്ലൈ ചെയിൻ മാനേജ്മെന്‍റ് തുടങ്ങിയ കാര്യങ്ങൾക്കാണ് ഇത് ഉപയോഗിക്കുന്നത്. ഇതാണ് കൂടുതൽ സുരക്ഷിതത്വത്തിനായി അപ്ഡേറ്റ് ചെയ്യുന്നത്. പൊതുജനവുമായി പുതിയ മാറ്റത്തിന് ബന്ധമില്ല. ജൂലൈ ഒന്നു മുതൽ മൊബൈൽ നന്പറുകൾ 13 അക്കമാകുമെന്നും നിലവിലുള്ള പത്തക്ക നന്പറുകൾ ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ 13 അക്കത്തിലേക്ക് മാറുമെന്നുമായിരുന്നു സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം.

നോക്കിയ കന്പനിക്ക് ബിഎസ്എൻഎൽ അയച്ച സർക്കുലറാണ് സോഷ്യൽ മീഡിയവഴി വ്യാപകമായി പ്രചരിച്ചത്. എം ടു എം എന്നത് മെഷീൻ ടു മെഷീൻ ആണെന്ന് നോക്കിയയും സ്ഥിരീകരിച്ചിട്ടുണ്ട്.

സോനു തോമസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.