സംസ്ഥാനത്തെങ്ങും കനത്ത മഴ; ജാഗ്രത പാലിക്കണമെന്ന് സർക്കാർ
Tuesday, July 10, 2018 10:33 AM IST
കോട്ടയം: സംസ്ഥാനത്തുടനീളം പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളം പൊങ്ങി. വടക്കൻ മലബാർ ജില്ലകളെയാണ് കനത്ത മഴ ബാധിച്ചിരിക്കുന്നത്. വയനാട്ടിലെ കൽപ്പറ്റ, മാനന്തവാടി എന്നിവടങ്ങളിലെ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങി. ജലാശയങ്ങളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. വയനാട്ടിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് കൽപ്പറ്റയുടെ സമീപപ്രദേശങ്ങളിലെ ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

അടുത്തിടെ കനത്ത മഴയെത്തുടർന്ന് ഉരുൾപൊട്ടിയ കോഴിക്കോട്ടെ കരിഞ്ചോലമലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവർക്കും നിയന്ത്രണമുണ്ട്.

മധ്യകേരളത്തിൽ ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തുമാണ് ശക്തമായ മഴ പെയ്യുന്നത്. കനത്ത മഴയിൽ ഇടുക്കിയിലെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടങ്ങളുടെ മുന്നറിയിപ്പ്. പെരിയാറിലും മീനച്ചിലാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശക്തമായതിനാൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും കൊല്ലത്തും രണ്ടു ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരത്ത് മരം കടപുഴകി വീണ് അഞ്ചിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. മഴ ശക്തമായതോടെ പലയിടത്തും കടൽക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിൽ എത്തുന്നവർ വെള്ളത്തിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.