ശബരിമല: പ്രധാനമന്ത്രിയുടെ നിലപാട് ഭരണഘടനയെ വെല്ലുവിളിക്കുന്നതെന്ന് കോടിയേരി
Wednesday, January 16, 2019 4:12 PM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് ഭരണഘടനയെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെത്തി പ്രധാനമന്ത്രി നടത്തിയ പരാമർശം സത്യപ്രതിജ്ഞാ ലംഘനവും പ്രധാനമന്ത്രി പദത്തിന്‌ യോജിക്കാത്തതുമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എല്‍ഡിഎഫ്‌ സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കാനാണ്‌ ശ്രമിച്ചത്‌. അതൊരു കുറ്റമായിട്ടാണ്‌ പ്രധാനമന്ത്രി ആക്ഷേപിക്കുന്നത്. സുപ്രീംകോടതി ഭരണഘടന ബെഞ്ചാണ് ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചത്. വിധി നടപ്പാക്കാന്‍ പാടില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാടെങ്കില്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാനോ പാര്‍ലമെന്‍റിലൂടെ നിയമം കൊണ്ടുവരാനോ കേന്ദ്രം ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ട പ്രധാനമന്ത്രി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അംഗീകരിക്കില്ലെന്ന നിലപാടിലാണ്. ഭരണഘടനയെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടയുടെ വക്താവായി പ്രധാനമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖിനെ സിപിഎം പിന്തുണച്ചിട്ടില്ല. ഈ നിലപാട് പാർട്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സുപ്രീംകോടതി തന്നെ നിരോധിച്ച മുത്തലാഖിന്‍റെ പേരില്‍ വീണ്ടും നിയമമുണ്ടാക്കി തങ്ങളുടെ അജണ്ട ന്യൂനപക്ഷങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ആർഎസ്എസ് ശ്രമത്തെയാണ്‌ സിപിഎം എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ വിശ്വാസി-അവിശ്വാസി വിഭജനമുണ്ടാക്കി രാഷ്‌ട്രീയക്കളി നടത്തുകയാണ്‌ ബിജെപി. പ്രധാനമന്ത്രിയുടെ പ്രസ്‌താവനയോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്‌. ത്രിപുരയില്‍ ബിജെപിക്ക്‌ അധികാരത്തിലെത്താനായത്‌ കോണ്‍ഗ്രസിന്‍റെ വോട്ടുകൊണ്ടാണ്. അത്തരമൊരു സ്ഥിതി കേരളത്തിലും ആവർത്തിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് മറുപടി പറയേണ്ടത് കോൺഗ്രസാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.