അരൂരിൽ "തുടർ വിജയം' കാത്ത് യുഡിഎഫ്
Saturday, September 21, 2019 4:54 PM IST
കൊച്ചി: അരൂരിൽ യുഡിഎഫ് ലക്ഷ്യമിടുന്നത് "തുടർ വിജയമാണ്'. ഷാനിമോൾ ഉസ്മാൻ നേടിയ വിജയത്തിന്‍റെ തുടർച്ച. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ തോറ്റെങ്കിലും അരൂരിലെ കണക്കിൽ വിജയം ഷാനിമോൾക്കായിരുന്നു. ആ കണക്കുകൾ തന്നെയാണ് യുഡിഎഫിനെ കൊതിപ്പിക്കുന്നതും.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും ലീഡ് ചെയ്ത ഷാനിമോൾ ഉസ്മാന് പക്ഷേ, പാർലമെന്‍റിലേക്ക് ടിക്കറ്റ് ലഭിച്ചില്ല. ചേർത്തല, കായംകുളം എന്നീ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന്‍റെ കണക്കിൽ ഷാനിമോളെ വീഴ്ത്തി ആരിഫ് വിജയം കൊയ്യുകയായിരുന്നു. എങ്കിലും ആരിഫിന്‍റെ സിറ്റിംഗ് മണ്ഡലമായ അരൂരിൽ ഷാനിമോൾ 648 വോട്ടിന്‍റെ ലീഡ് പിടിച്ചു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 38,519 വോട്ടുകളുടെ വ്യത്യാസത്തിൽ അരൂരിൽ ജയിച്ച ആരിഫാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പിന്നിൽ പോയത്.

അരൂർ എന്നും ഇടതിന്‍റെ കോട്ടയാണ്. 2006 മുതൽ അരൂരിനെ പ്രതിനിധീകരിക്കുന്നത് ആരിഫാണ്. അതിനാൽ തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഷാനിമോളുടെ മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു.

1957, 60 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിലെ പി.എസ്.കാർത്തികേയൻ ജയിച്ചതും സിപിഎം വിട്ട കെ.ആർ.ഗൗരിയമ്മ ജെഎസ്എസ് സ്ഥാപിച്ച് രണ്ടു തവണ വിജയിച്ചതും മാത്രമാണ് യുഡിഎഫിന് ആശ്വസിക്കാനുള്ളത്. സിപിഎം സ്ഥാനാർഥിയായി അഞ്ച് തവണ ഗൗരിയമ്മ അരൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ലോക്സഭയിലെ അപ്രതീക്ഷിത വിജയം അരൂരിൽ തുടരാൻ കഴിയുമെന്ന് തന്നെയാണ് യുഡിഎഫ് കേന്ദ്രങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഷാനിമോൾ ഉസ്മാനെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നും കെപിസിസി നേതൃത്വം കരുതുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച് ഷാനിമോൾ മാത്രം തോറ്റത് യുഡിഎഫിന് ക്ഷീണം ചെയ്തിരുന്നു. ഷാനിമോൾക്ക് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായത്തിനാണ് പാർട്ടിയിൽ മുൻതൂക്കം. എന്നാൽ എ.എ.ഷുക്കൂർ, എം.ലിജു എന്നീ പേരുകളും കെപിസിസി നേതൃത്വത്തിന്‍റെ ചിന്തയിലുണ്ട്.

മറുവശത്ത് എന്തുവില കൊടുത്തും അരൂർ നിലനിർത്തണമെന്ന ചിന്തയിലാണ് സിപിഎം. ആരിഫിനെപ്പോലെ ഒരു കരുത്തനെ രംഗത്തിറക്കുക എന്നത് തന്നെയാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫിന്‍റെ ഏക സിറ്റിംഗ് സീറ്റും അരൂരാണ്. അതിനാൽ അരൂരിലെ വിജയം എൽഡിഎഫിനും പ്രത്യേകിച്ച് സിപിഎമ്മിനും അഭിമാനപ്രശ്നമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.