വിജയ് ഹസാരെ: കേരളത്തിന് ദയനീയ തോൽവി
Monday, October 14, 2019 5:27 PM IST
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിന് മുംബൈയ്ക്കെതിരേ എട്ട് വിക്കറ്റിന്‍റെ ദയനീയ തോൽവി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 48.4 ഓവറിൽ 199 റണ്‍സിന് ഓൾഒൗട്ടായി. 38.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ മുംബൈ ലക്ഷ്യത്തിലെത്തി. ടൂർണമെന്‍റിൽ ഏഴ് മത്സരങ്ങൾ കളിച്ച കേരളത്തിന്‍റെ നാലാം തോൽവിയാണിത്.

പതിനേഴുകാരൻ യശസ്‌വി ജയ്സ്വാൾ നേടിയ തകർപ്പൻ സെഞ്ചുറിയാണ് മുംബൈയ്ക്ക് അനായാസ ജയമൊരുക്കിയത്. 132 പന്തുകൾ നേരിട്ട ജയ്സ്വാൾ 14 ഫോറും മൂന്ന് സിക്സും പറത്തി 122 റണ്‍സ് നേടി. ക്യാപ്റ്റൻ ആദിത്യ താരെ (67) യുവതാരത്തിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 195 റണ്‍സ് കൂട്ടിച്ചേർക്കുകയും ചെയ്തു.

ഗോവയ്ക്കെതിരേ തകർത്തടിച്ച കേരളത്തിന്‍റെ ബാറ്റിംഗ് നിര മുംബൈയ്ക്കെതിരേ തകർന്നു തരിപ്പണമായി. സഞ്ജു സാംസണ്‍ (15), വിഷ്ണു വിനോദ് (9), സച്ചിൻ ബേബി (8), ജലജ് സക്സേന (6), മുഹമ്മദ് അസ്ഹറുദ്ദീൻ (15) എന്നിവരെല്ലാം പരാജയമായി. മോശം ഫോം തുടരുന്ന നായകൻ റോബിൻ ഉത്തപ്പയ്ക്ക് ഇന്ന് മികച്ച തുടക്കം ലഭിച്ചെങ്കിലും 43 റണ്‍സിൽ വീണു.

130 റണ്‍സ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് പോയ കേരളത്തെ ഒൻപതാം വിക്കറ്റിൽ നിധീഷ് എം.ഡി-അക്ഷയ് ചന്ദ്രൻ കൂട്ടുകെട്ടാണ് നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഇരുവരും ചേർന്ന് 68 റണ്‍സ് കൂട്ടിച്ചേർത്തു. നിധീഷ് 40 റണ്‍സും അക്ഷയ് 29 റണ്‍സും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.