അധികൃതരുടെ അനാസ്ഥ: പഴശിഗുഹ അവഗണനയില്‍
Saturday, May 10, 2014 3:37 PM IST
നിലമ്പൂര്‍: അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് ടൂറിസം കേന്ദ്രമായ പഴശിരാജ ഗുഹ അവഗണനയില്‍. കോഴിക്കോട്, മലപ്പുറം ജില്ലാ അതിര്‍ത്തിയായ നായാടംപൊയിലിലാണ് പഴശിഗുഹ. ബ്രിട്ടീഷുക്കാര്‍ക്കെതിരെ ഒളിപ്പോര് നടത്തിയിരുന്ന കാലത്ത് പഴശിയും സംഘവും ഒളിച്ചു താമസിച്ചിരുന്നത് ഈ ഗുഹയിലായിരുന്നു. മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തിലെ വാളാംതോടിലുള്‍പ്പെട്ടതാണ് ഈ ഗുഹ.

ഇതിനുള്ള നടപടികള്‍ കൈകൊള്ളേണ്ടത് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലാണെന്നാണ് കോഴിക്കോട് ജില്ലാധികൃതരുടെ വാദം. അതേസമയം നായാടംപൊയിലിന്റെ അതിര്‍ത്തി പങ്കിടുന്നത് കോഴിക്കോട് ജില്ലയാണെന്നും, ഇവിടേക്കുള്ള റോഡുകളുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോഴിക്കോട് ജില്ലയുടെ കീഴിലാണ് പരിഗണിക്കപ്പെടേണ്ടതെന്നുമാണ് മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ വാദിക്കുന്നത്.

തര്‍ക്കം തുടരുമ്പോഴും ഇതിലിടപെടാതെ പുരാവസ്തു വകുപ്പ് ഈ വിഷയത്തില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തില്‍ വയനാടന്‍ മലനിരകള്‍ക്കു കീഴെ യാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്യ്രപോരാട്ടത്തില്‍ പഴശിയോടൊപ്പം പോരാടിയ വയനാടന്‍ കുറിച്യരുടെ കേന്ദ്രമായിരുന്ന ഈ ഗുഹ. ആദിവാസികളായ കുറിച്ച്യരും, കുറുമരും ഗോത്രങ്ങളായി താമസിച്ചിരുന്നതാണ് ഈ പ്രദേശം. ഇതിനു സമീപത്തുകൂടി ഔഷധ ജലത്തോടു കൂടി ഒഴുകുന്ന കുറുവന്‍പുഴ കുറുമരുടെ നാമവുമായി ബന്ധപ്പെട്ടത്. ലിഖിതമായ തെളിവുകളില്ലെങ്കിലും ആദിവാസി മൂപ്പന്‍മാരുടെ വാമെഴികളിലൂടെയാണ് പഴശിഗുഹ അറിയപ്പെടുന്നത്. 50 ആളുകള്‍ക്ക് യഥേഷ്ടം താമസിക്കാനുതകുന്ന കിടങ്ങോടു കൂടിയ ഈ ഗുഹയായിരുന്നു പഴശിരാജ പ്രധാന ഒളി സങ്കേതമായി ഉപയോഗിച്ചിരുന്നത്. ഒമ്പത് അടി നീളവും, അഞ്ചര അടി വീതിയുമുള്ള തുരങ്കവും, ഒരു കുളത്തിന്റെ അവശിഷ്ടവും ഗുഹയോട് ചേര്‍ന്നു കാണാം. ഗുഹയിലുള്ളവര്‍ ഉപയോഗിച്ചിരുന്ന ചെമ്പോട്ടികുളം മണ്ണിട്ട് മൂടിയ നിലയിലാണ്. പഴശ്ശിരാജ ഉപയോഗിച്ചിരുന്ന കുന്തവും, വാള്‍, മരംകൊണ്ട് നിര്‍മ്മിച്ച കസേരകള്‍, പീഠങ്ങള്‍, കൊരണ്ടി എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. ഇവയെല്ലാം നശിച്ചുപോയി. നല്ല പീഠങ്ങള്‍ പലരും കടത്തികൊണ്ടുപോയി.

അധികൃതരുടെ അനാസ്ഥമൂലം ഗുഹയും, തുരങ്കവും കാടുമൂടികിടക്കുകയാണ്. മതിയായ യാത്രാസൌകര്യമില്ലാത്തതാണ് ഗുഹയെ പുറംലോകവുമായി ബന്ധമില്ലാതാക്കുന്നത്. ദുര്‍ഘട പാതയും വനവും താണ്ടിവേണം ഗുഹയിലെത്താന്‍. നിലമ്പൂര്‍ അകമ്പാടം മൂലേപ്പാടം കക്കാടംപൊയില്‍ വഴിയോ, അരീക്കോട്തോട്ടുമുക്കം കൂമ്പാറ കക്കാടംപൊയില്‍ വഴിയോ നായാടംപൊയിലിലെത്താം. പ്രകൃതി രമണീയമായ കാഴ്ചകളുമായാണ് അകമ്പാടം മൂലേപ്പാടം വഴി വരുന്നവര്‍ക്ക് അനുഭവപ്പെടുക.

കോഴിപ്പാറ വെള്ളച്ചാട്ടവും ഈ ഗുഹയുടെ ഏതാനും കിലോമീറ്റര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. റോഡും, യാത്രാ സൌകര്യങ്ങളും ഏര്‍പ്പെടുത്തിയാല്‍ ഇവിടേക്ക് സഞ്ചാരികളുടെയും ചരിത്ര ഗവേഷകരുടെയും ഒഴുക്കുണ്ടാകും. നിലവിലുള്ള സാഹചര്യത്തില്‍ പുറമെ നിന്നുവരുന്നവര്‍ക്ക് നാട്ടുകാരുടെ സഹായമില്ലാതെ ഗുഹയിലെത്തിപ്പെടുക അസാധ്യമാണ്. സംസ്ഥാനത്തെ ചില യൂണിവേഴ്സിറ്റികളില്‍ നിന്നുവന്ന ഗവേഷണ വിദ്യാര്‍ഥികള്‍ നാട്ടുകാരുടെ സഹായത്തോടെ ഗുഹ സന്ദര്‍ശിക്കുകയും ഇവിടുത്തെ പ്രശ്നങ്ങള്‍ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ടൂറിസം വകുപ്പിലെ ചിലര്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രൂപപ്പെടുത്തിയ പദ്ധതികളില്‍ പഴശ്ശി ഗുഹ ഇടം നേടിയെങ്കിലും കാര്യമായ ഫണ്ട് വകയിരുത്താത്തതിനാല്‍ വീരയോദ്ധാവിന്റെ ഗുഹ അവഗണനയില്‍ തന്നെ കഴിയുകയാണ്.