വോട്ടിംഗ് മെഷീൻ തകരാറുകൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനം: ടിക്കാറാം മീണ
Wednesday, April 24, 2019 4:53 PM IST
തിരുവനന്തപുരം: വോട്ടിംഗ് മെഷീനുകളിലെ തകരാറുകൾക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ കേടുപറ്റിയ സംഭവങ്ങൾ വളരെ കുറവാണ്. 38,003 വോട്ടിംഗ് യന്ത്രങ്ങളിൽ 397 എണ്ണത്തിൽ മാത്രമാണ് തകരാർ സംഭവിച്ചതെന്നും ശതമാന കണക്കിൽ ഇത് 0.44 മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് യന്ത്രത്തിൽ കേടുപാടുകളുണ്ടെന്ന് പറഞ്ഞ വോട്ടർമാർക്കെതിരേ കേസെടുക്കുന്നതിനോട് വ്യക്തിപരമായി താൻ യോജിക്കുന്നില്ല. നിലവിലെ നടപടിക്രമങ്ങൾ പാലിച്ചാണ് നടപടികൾ സ്വീകരിച്ചത്. തനിക്കെതിരായ വിമർശനങ്ങൾ ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം മണ്ഡലത്തിലെ കളമശേരിയിൽ 83-ാം നന്പർ ബൂത്തിൽ റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചുവെന്നും ഇവിടുത്തെ പ്രിസൈഡിംഗ് ഓഫീസർക്ക് വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. റീ പോളിംഗ് തീയതി കമ്മീഷൻ പിന്നീട് പ്രഖ്യാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.