നീതിനിഷേധത്തിന്റെ ഇരകൾ
Sunday, July 18, 2021 10:35 PM IST
നൂറുകണക്കിനു സാധാരണ പൗരന്മാരും ആക്ടിവിസ്റ്റുകളുമെല്ലാം നിയമത്തിന്റെ പോരായ്മകൾക്ക് ഇരകളായി രാജ്യത്തെ വിവിധ ജയിലുകളിൽ ജീവിതം നരകതുല്യമായി തള്ളിനീക്കുന്നു. മനുഷ്യാവകാശ ധ്വംസനവും നീതിനിഷേധവും അനുഭവിക്കേണ്ടിവരുന്നത് ഇത്തരം ആക്ടിവിസ്റ്റുകളും സാധാരണ പൗരന്മാരും മാത്രമല്ല, സത്യസന്ധമായും നീതിബോധത്തോടും ആത്മാർഥതയോടും ജോലി ചെയ്ത പോലീസ് ഉദ്യോഗസ്ഥർ വരെയാണ്. ഇത്തരത്തിലുള്ള വർത്തമാനകാല നീതിനിഷേധത്തിന് ഇരകളാണ് ഐഎസ്ആർഒ ചാരക്കേസ് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ.
അന്ന് ഐബിയുടെയും റോയുടെയും കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും നിർദേശപ്രകാരം നമ്പി നാരായണനെയും കേസിൽ ഉൾപ്പെട്ട മറ്റ് ആളുകളെയും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർ ഇന്നു പെരുവഴിയിലായ സ്ഥിതിയിലാണ്! റോയുടെയും ഐബിയുടെയും നിർദേശങ്ങൾ അനുസരിക്കാതിരിക്കുവാൻ കേരള പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുമായിരുന്നോ? ഐഎസ്ആർഒ ചാരക്കേസ് സിബിഐക്ക് കൈമാറണമെന്നു തീരുമാനമെടുത്ത ഡോ. സിബി മാത്യൂസ് പോലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇന്ന് കോടതി കയറിയിറങ്ങി വിഷമിക്കുന്നു!
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെല്ലാം തന്നെ പോലീസ് സേനയിലെ പ്രഗത്ഭരും അഴിമതിരഹിതരുമായിരുന്നുവല്ലോ. ഇത്തരത്തിൽ ഒരു കേസിന്റെ പേരിൽ ഇപ്പോൾ അവരെല്ലാം കോടതി കയറിയിറങ്ങേണ്ടിവരുന്നു എന്നത് ചിന്തനീയമാണ്. രാജ്യത്തെ നിയമസംവിധാനങ്ങളുടെ പിടിപ്പുകേടും നീതിരാഹിത്യവുമാണ് ഇതു വെളിവാക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിന്റെ അന്വേഷണ ഉത്തരവ് യഥാർഥത്തിൽ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നുതന്നെയാണല്ലോ ഉണ്ടായത്. അങ്ങനെയെങ്കിൽ ഡിജിപിയും ഇന്റലിജൻസ് ഡിജിപിയും സിബി മാത്യൂസിനെ പോലെതന്നെ ഈ കേസിൽ തുല്യ ഉത്തരവാദികൾ ആകേണ്ടതല്ലേ? ഈ കേസിൽ തെരഞ്ഞുപിടിച്ച് കുറെ ഉദ്യോഗസ്ഥരെ മാത്രം വേട്ടയാടാനുള്ള പടപുറപ്പാടാണോ നടക്കുന്നത്്?
കാര്യങ്ങൾ ഇപ്രകാരമെങ്കിൽ, കേരള പോലീസിലെ ഏത് ഉദ്യോഗസ്ഥനാണ് ഭാവിയിൽ ഇത്തരത്തിലുള്ള ‘പൊല്ലാപ്പുകൾ’ ഏറ്റെടുക്കുക? രാജ്യമെമ്പാടും തീവ്രവാദപ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള കേസുകൾ അന്വേഷിക്കാൻ കേരള പോലീസിലെ ഉദ്യോഗസ്ഥർ എത്രത്തോളം കാര്യക്ഷമത കാട്ടുമെന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണം നടത്താൻ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥർ അപ്രകാരം പ്രവർത്തിച്ചു എന്നതിന്റെ പേരിൽ റിട്ടയർ ചെയ്ത ശേഷം ശിഷ്ടജീവിതം കോടതി വരാന്തയിൽ കയറിയിറങ്ങുക എന്നത് ഗതികേടും ഒപ്പം ഖേദകരവുമാണ്.
സർവീസ് കാലത്ത് നടത്തിയ ഒരു കേസന്വേഷണത്തിന്റെ തുടർച്ചയായി വീണ്ടും ഒരു അന്വേഷണം ഉണ്ടായാൽ അത്തരം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ പിന്നീട് സഹായിക്കാൻ സംസ്ഥാന ഗവൺമെന്റിന് ബാധ്യത ഉണ്ടാകണം. ഇവരെ സഹായിക്കാൻ പ്രോസിക്യൂഷൻതന്നെ മുന്നോട്ടു വരണം. നിർഭാഗ്യകരമെന്നു പറയട്ട,െ ഐഎസ്ആർഒ ചാരക്കേസ് ‘ഗൂഢാലോചനാ കേസിൽ’ ഇത്തരത്തിലൊരു അനുഭാവം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതു ഖേദകരമാണ്.
കുര്യൻ തൂമ്പുങ്കൽ, ചങ്ങനാശേരി