ഷിബു എടക്കര
എടക്കര: സംസ്ഥാനത്തെ മികച്ച ഹയർ സെക്കൻഡറി കർഷകനുള്ള അവാർഡ് മൂത്തേടം സ്വദേശിയായ പ്ലസ് വണ്‍ വിദ്യാർഥിക്ക്. മൂത്തേടം നന്പൂരിപ്പൊട്ടി പാറയിൽ ഷിബുവിന്റെ മകൻ പി.എസ്. സ്റ്റെയിനിനാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച കർഷകനുള്ള സംസ്ഥാന അവർഡ് ലഭിച്ചത്. പഠനത്തേടൊപ്പം കാർഷിക വൃത്തിയിൽ പിതാവിനോട് ചേർന്നുണ്ടാക്കിയ നേട്ടമാണ് സ്റ്റെയിനിനെ അവാർഡിനർഹനാക്കിയത്.
പിതാവ് ഷിബുവിന്റെ പേരിലുള്ള രണ്ടര ഏക്കർ ഭൂമിക്ക് പുറമെ ഇരുപതേക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് ഇവർ കൃഷികൾ നടത്തിവരുന്നത്. പയർ, പാവൽ, വെണ്ട, പടവലം, വെള്ളരി, മത്തൻ, ചുരങ്ങ, ചേന്പ്, ചേന, കന്പം, കീയാർ തുടങ്ങിയ പച്ചക്കറികളും കോഴി, താറാവ്, തേനീച്ച, പശു, പോത്ത് വളർത്തൽ എന്നീ കൃഷികളും ചെയ്തുവരുന്നു. വിത്തിടുന്നത് മുതൽ വിപണനം വരെയുള്ള കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് സ്റ്റെയിനാണ്.
രാവിലെ സ്കൂളിൽ പോകുന്നതിന് മുന്‍പും സ്കൂൾവിട്ട് വന്നതിന് ശേഷവും കൃഷി പരിപാലിക്കുന്നതിൽ സ്റ്റെയിൻ വ്യാപൃതനാകും. ഉത്പാദിപ്പിച്ചെടുക്കുന്ന പച്ചക്കറികൾ പിതാവിനും സഹോദരങ്ങൾക്കുമൊപ്പം മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ പ്രധാന പാതയോരങ്ങളിൽ വിറ്റഴിക്കുകയാണ് പതിവ്. വൻതോതിൽ വിളവുണ്ടാകുന്പോൾ മഞ്ചേരി അടക്കമുള്ള മൊത്ത മാർക്കറ്റുകളിൽ വിൽക്കുകയും ചെയ്യും. ഓണം, വിഷു, നോന്പുകാലം തുടങ്ങിയ ഉത്സവ വിപണികൾ ലക്ഷ്യമിട്ടുള്ള കൃഷിരീതികളാണ് ഇവർ അവലംബിക്കുന്നത്.
കഴിഞ്ഞ ഓണവിപണിയിൽ ടണ്‍ കണക്കിന് പച്ചക്കറികളാണ് ഈ കുടുംബം നിലന്പൂർ മേഖലയിൽ വിപണനം നടത്തിയത്. സ്റ്റെയിനിന്റെ കൃഷിയിടത്തിൽ വിളയിക്കുന്ന കുക്കുന്പറിന് (കീയാർ) നാട്ടിൽ വളരെ പ്രിയമാണ്.
മണിമൂളി ക്രസ്തുരാജ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ സയൻസ് വിദ്യാർഥിയായ സ്റ്റെയിൻ കഴിഞ്ഞ വർഷവും മികച്ച വിദ്യാർഥി കർഷകനുള്ള സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ അവസാന റൗണ്ടിൽ പുറത്താകുകയായിരുന്നു. പിതാവിന്റെ വഴിയേ കൃഷിയെ സ്നേഹിച്ചതിനുള്ള പുരസ്ക്കാരമാണിപ്പോൾ സ്റ്റെയിനിനെത്തേടിയെത്തിയത്. പഠനകാര്യത്തിലും സ്റ്റെയിൻ മികവു പുലർത്തുന്നു.
പിതാവ് ഷിബു 2015 ൽ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്‍സിലിന്റെ സംസ്ഥാന അവാർഡായ ഹരിത കീർത്തി നേടിയിട്ടുണ്ട്. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ട്രെയിനിയായ സ്റ്റെയിനിന്റെ മൂത്ത സഹോദരൻ ജസ്റ്റിൻ 2023 ടാറ്റ വെയറോണ്‍ സ്പെഷൽ ജൂറി അവാർഡിന് അർഹനായിട്ടുണ്ട്.
ഇളയസഹോദരൻ ടോമിനും പിതാവിന്റെയും സ്റ്റെയിനിന്റെയും പാത പിൻതുടരുന്നുണ്ട്. ഇവരുടെ മതാവ് ഡെൻസിയും കാർഷിക വൃത്തിയിൽ മക്കളെ സഹായിക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമണമടക്കമുള്ള കടുത്ത പ്രതിസന്ധികൾ നേരിട്ടാണ് ഇവർ കൃഷി നടത്തിവരുന്നത്.