മാനന്തവാടി: സേവനം ഓരോ ജനപ്രതിനിധിയുടെയും കടമയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. മുൻസിപ്പാലിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പയ്യന്പള്ളി മേഖലാ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അവർ.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് ജനങ്ങളോട് വർധിച്ച ഉത്തരവാദിത്വമുണ്ട്. സാധാരണക്കാർ കൂടുതൽ ബന്ധപ്പെടുന്നത് പ്രദേശത്തെ ജനപ്രതിനിധിയുമായാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങളാണ് ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് ഉന്നൽ നൽകിയുള്ള മുനിസിപ്പാലിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും എംപി പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിൽ മികവ് തെളിയിച്ച ആൻ റോസിനെ ആദരിച്ചു. വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, സി. കുഞ്ഞബ്ദുള്ള, പടയൻ മുഹമ്മദ്, അഡ്വ.എൻ.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ലേഖ രാജീവൻ, പി.വി.എസ്. മൂസ, സിന്ധു സെബാസ്റ്റ്യൻ, കൗണ്‍സിലർമാരായ ലൈല സജി, ഷിബു കെ. ജോസ്, പി.വി. ജോർജ്, പി. ഷംസുദ്ദീൻ, ശോഭ രാജൻ, ജിതേഷ് കുര്യാക്കോസ്,
മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് രമ്യ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ മുട്ടുമാറ്റിവയ്ക്കൽ സർജറി കഴിഞ്ഞ രോഗികളുടെ കുടുംബ സംഗമം പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്തു.
ആശുപത്രിക്ക് അഡ്വ. ജെബി മേത്തർ എംപി അനുവദിച്ച മൊബൈൽ ഡിസ്പെൻസറി, ടി. സിദ്ദിഖ് എംഎൽഎ അനുവദിച്ച സി ആം മെഷീൻ എന്നിവ കൈമാറി. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പങ്കെടുത്തു. ആസ്പിരേഷണൽ ജില്ലാ പദ്ധതിയിൽ നേൻമേനി പഞ്ചായത്തിലെ മാളിക അങ്കണവാടിക്ക് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എംപി നിർവഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.