വൈക്കം: സിപിഐ ജില്ലാ സെക്രട്ടറിയായി വി. കെ. സന്തോഷ്കുമാറിനെ തെരഞ്ഞെടുത്തു. വൈക്കത്തു നടന്ന ജില്ലാ സമ്മേളനം ഏകകണ്ഠമായിട്ടാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവില്‍ എഐടിയുസി ജില്ലാ സെക്രട്ടറിയും സിപിഐ സംസ്ഥാന കൗണ്‍സിലംഗവുമാണ്.
തലപ്പലം സ്വദേശിയായ സന്തോഷ് കുമാര്‍ എഐഎസ്എഫിലൂടെയാണ് പൊതുരംഗത്ത് എത്തുന്നത്. എഐഎസ്എഫ് ജില്ലാ സെക്രട്ടറി, എഐവൈഎഫ് ജില്ലാ സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു. സിപിഐ മീനച്ചില്‍ താലൂക്ക് കമ്മിറ്റിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 14 വര്‍ഷക്കാലം സിപിഐ പൂഞ്ഞാര്‍ മണ്ഡലം സെക്രട്ടറിയും 10 വര്‍ഷക്കാലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. നിലവില്‍ എഐടിയുസി ജില്ലാ സെക്രട്ടറിയും എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗവുമാണ്.
മീനച്ചില്‍ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന് പ്രസിഡന്റ്, മീനച്ചില്‍ മദ്യ വ്യവസായ തൊഴിലാളി യൂണിയന് പ്രസിഡന്റ്, സപ്ലൈകോ എംപ്ലോയീസ് യൂണിയന് ജില്ലാ പ്രസിഡന്റ്, ചുമട്ടു തൊഴിലാളി യൂണിയന്, നിര്‍മാണ തൊഴിലാളി യൂണിയന് തുടങ്ങി നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്. നിലവില്‍ സംസ്ഥാന മിനിമം വേജ് ബോര്‍ഡ് അഡ്വൈസറി മെമ്പറുമാണ്. പൂഞ്ഞാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന വി. എസ്. കുട്ടപ്പന്റെയും ടി. കെ. പൊന്നമ്മയുടെയും മകനാണ്. ഭാര്യ: ശ്രീദേവി. മക്കള്‍: ജീവന്, ജീവ.
തെരഞ്ഞെടുക്കപ്പെട്ടത്
ഏകകണ്ഠമായി
വൈക്കം: കഴിഞ്ഞ തവണ ഏറ്റുമാനൂരില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ അപ്രതീക്ഷിത തോല്‍വിയറിഞ്ഞ വി. കെ. സന്തോഷ്കുമാര്‍ വൈക്കം സമ്മേളനത്തില്‍ ഏകകണ്ഠമായ തെരഞ്ഞെടുപ്പിലൂടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. ഏറ്റുമാനൂര്‍ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന നേതൃത്വം സന്തോഷ്കുമാറിനെ സെക്രട്ടറിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാനം വോട്ടെടുപ്പിലൂടെ വി.ബി. ബിനു സന്തോഷ്കുമാറിനെ പരാജയപ്പെടുത്തി സെക്രട്ടറിയാകുകയായിരുന്നു.
ഇത്തവണ സമ്മേളനം ആരംഭിക്കുന്നതിനു വളരെനാള്‍ മുമ്പേ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് വി.ബി. ബിനു സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ഇതോടെ സന്തോഷ്കുമാറിനെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി.ജോസഫിനുവേണ്ടി ജില്ലാ നേതൃത്വത്തിലെ ഒരു വിഭാഗം വാദിച്ചെങ്കിലും സംസ്ഥാന നേതൃത്വം സന്തോഷിനെ പിന്തുണയ്ക്കുകയായിരുന്നു. എഐടിയുസി ജില്ലാ സെക്രട്ടറിയായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സന്തോഷ്. പാര്‍ട്ടിയിലെ വിഭാഗീയതയിലോ ഗ്രൂപ്പിലോ ഒന്നും സന്തോഷ് ഭാഗഭാക്കല്ലായിരുന്നു. സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി വി. ബി. ബിനു സംസ്ഥാന എക്സിക്യൂട്ടീവംഗമായേക്കും.
51 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെയും അഞ്ചു ക്ഷണിതാക്കളെയും സമ്മേളനം തെരഞ്ഞെടുത്തു. മുതിര്‍ന്ന നേതാക്കളായ പി. കെ. കൃഷ്ണന്, സി. കെ. ശശിധരന് എന്നിവര്‍ ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവായി. വനിതകളെയും യുവാക്കളെയും കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജ്യോതിരാജ്, സന്തോഷ് കേശവനാഥ്, പി.എസ്. സുനില്‍, പി.ആര്. തങ്കച്ചന്, ഷമ്മാസ്, മിനിമോള്‍ ബിജു, സിന്ധു അനില്‍കുമാര്‍, സ്വപ്ന റെജി എന്നിരാണ് പുതിയ കൗണ്‍സില്‍ അംഗങ്ങള്‍. സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, കേന്ദ്ര നേതാക്കളായ കെ.പി. രാജേന്ദ്രന്, പി. സന്തോഷ്കുമാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി.