ചങ്ങനാശേരി: കേരളത്തിലെ ഏറ്റവും കൂടുതല്‍ തുക മുടക്കിയുള്ള പോലീസ് സ്റ്റേഷന് നിര്‍മാണമാണ് ചങ്ങനാശേരിയില്‍ നടക്കുന്നത്. ആര്‍ക്കിടെക്ചറൽ ഡ്രോയിംഗ് പ്രകാരം പോര്‍ച്ച് ഏരിയ, സ്റ്റെയര്‍ റൂം ഉള്‍പ്പെടെ 1113 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള രണ്ടുനില കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഈ കെട്ടിടത്തിന് താഴത്തെ നിലയുടെ വിസ്തീര്‍ണ്ണം 462 ചതുരശ്രമീറ്റര്‍ ആണ്. താഴത്തെ നിലയില്‍ വെയിറ്റിംഗ് ഏരിയ, ഓഫീസ് മുറികള്‍, റെക്കോര്‍ഡിംഗ് റൂം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ട്രാന്സ്ജെന്ഡര്കള്ക്കും പ്രത്യേകം ലോക്കപ്പുകള്‍, ശുചിമുറികള്‍, യൂണിഫോം മാറ്റുന്നതിനുള്ള മുറികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ വിസ്തീര്‍ണം 524 ചതുരശ്രമീറ്ററാണ്. മുകളിലെ നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, തൊണ്ടിമുതല്‍ സൂക്ഷിക്കാനുള്ള മുറി, സിപിഒ വിശ്രമമുറി, എഎസ്ഐ, ജിഎസ്ഐ ഇവര്‍ക്കായുള്ള മുറികള്‍, അടുക്കള, സ്റ്റോര്‍ മുറി, ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് 3.5 കോടി രൂപ മുടക്കി ഇത്തരത്തില്‍ ഒരു പോലീസ് സ്റ്റേഷനായി ഒരു കെട്ടിടം പണിയുന്നത്.
ആധുനിക സൗകര്യങ്ങളുള്ള വിശാലമായ കെട്ടിടം
കെട്ടിട നിര്‍മാണത്തിനുള്ള ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുകയും 2023-24 വര്‍ഷത്തെ ബജറ്റ് തുകയില്‍നിന്നും 3.5 കോടി രൂപ അനുവദിച്ചിട്ടുള്ളതുമാണ്. കെട്ടിടം രൂപകല്പന ചെയ്തത് പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗമാണ്.
ശിലാസ്ഥാപനം നാളെ
ചങ്ങനാശേരി: പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നാളെ (ചൊവ്വ)3.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. ചങ്ങനാശേരി അരിക്കത്തില്‍ കണ്വന്ഷന് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, എഡിജിപി എച്ച്. വെങ്കിടേഷ്, ഐജി എസ്. ശ്യാംസുന്ദര്‍,
ഡിഐജി സതീഷ് ബിനോ, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ചങ്ങനാശേരി ഡിവൈഎസ്പി കെ.പി. ടോംസണ്, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ എന്‍. ദീപു എന്നിവര്‍ പ്രസംഗിക്കും.