കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകൾ ഈ മാസം 31നകം രൂപീകരിക്കും
കൊച്ചി: കലാലയങ്ങളില്‍ നിന്ന് ലഹരിയെ തുടച്ചു നീക്കാന്‍ ലക്ഷ്യമിട്ടുള്ള "ലഹരി വിമുക്ത എറണാകുളം' പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ജില്ലയില്‍ പോലീസും എക്സൈസ് വകുപ്പും നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചായിരിക്കും പ്രവര്‍ത്തനം. സ്കൂളുകളില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് മന്ത്രി പറഞ്ഞു.
മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ് കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ മേഖലയിലെ മുഴുവന്‍ കോളജുകളും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി നിര്‍മാര്‍ജനം സാധ്യമാക്കുന്നതിനൊപ്പം നിലവില്‍ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറ്റവാളികളായി കാണാതെ ഇരകളായി കണ്ട് അവരെ ചേര്‍ത്തുപിടിച്ച് കൗണ്‍സിലിംഗ്, ചികിത്സ എന്നീ മാര്‍ഗങ്ങളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ജില്ലയിലെ കോളജുകളില്‍ ലഹരി വിമുക്ത കാമ്പസ് എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ കോളജുകള്‍ക്കും ലഹരി വിരുദ്ധ പോളിസി രൂപീകരിക്കാന്‍ നിര്‍ദേശം നല്കി.
ഏറ്റവും മികച്ച പോളിസി രൂപീകരിക്കുകയും കാമ്പസുകളെ ലഹരി വിരുദ്ധമാക്കുന്നതിന് മികച്ച പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന കോളജിന് ജില്ലാ കളക്ടറുടെ പ്രത്യേക പുരസ്കാരം നല്‍കും. നിലവിലുള്ള സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് സമ്മാനമായി എക്സൈസ് വകുപ്പിന്റെ നേര്‍ക്കൂട്ടം കമ്മിറ്റികളുമായി ചേര്‍ന്ന് ഈ മാസം 31നകം കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളും രൂപീകരിക്കും.
പ്രിന്‍സിപ്പല്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്കൊപ്പം പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തും. അതാത് പ്രദേശത്തെ സ്റ്റേഷന് ഹൗസ് ഓഫീസറോ എക്സൈസ് ഉദ്യോഗസ്ഥനോ ആയിരിക്കും ഗ്രൂപ്പുകളുടെ കണ്‍വീനര്‍മാര്‍. എന്‍സിസി, എന്‍എസ്എസ്, എന്‍ജിഒകള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാകും.
കോളജുകളില്‍ അഡ്മിഷന് പ്രക്രിയകള്‍ നടക്കുന്ന സമയമായതിനാല്‍ പുതുതായി എത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ലഹരി വിരുദ്ധ ബോധവത്കരണം നടത്തും. വിദ്യാര്‍ഥികളെ ലഹരി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും.
ലഹരി ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ചികിത്സ തുടങ്ങിയവ നല്കി അതില്‍ നിന്ന് മുക്തരാക്കും. ക്ലാസ് തുടങ്ങുന്നതിന് അര മണിക്കൂര്‍ മുന്‍പും ക്ലാസ് കഴിഞ്ഞ് അര മണിക്കൂറും സ്ഥാപനത്തിന്റെ അടുത്ത് പോലീസിന്റെയും എക്സൈസിന്റെയും സാന്നിധ്യം ഉറപ്പാക്കും.
കൊച്ചി സിറ്റി പോലീസിന്റെ ഉദയം പദ്ധതി, റൂറല്‍ പോലീസിന്റെ പുനര്‍ജനി, അതിജീവനം പദ്ധതികള്‍, എക്സൈസ് വകുപ്പിന്റെ നേര്‍ക്കൂട്ടം, ശ്രദ്ധ പദ്ധതികള്‍ തുടങ്ങിയവയുമായി ഏകോപിച്ചാണ് ലഹരി വിമുക്ത എറണാകുളം പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജി, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എന്‍. സുധീര്‍ എന്നിവരും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ പങ്കെടുത്തു.