ഫോർട്ടുകൊച്ചി: കർക്കിടകനാളിലെ മരുന്നുകഞ്ഞിയുടെ പാചകപ്പുരയിലാണ് കുമ്പളങ്ങി സെന്റ് ജോസഫ് ഇടവകയിലെ കെഎൽസിഎ പ്രവർത്തകർ. മൂന്നു ദിവസങ്ങളിലായി തയാറാക്കുന്ന മരുന്നുകഞ്ഞിക്ക് ആവശ്യമായ വിവിധയിനം ഔഷധ സസ്യങ്ങളും പച്ചിലകളും അംഗങ്ങൾ തന്നെ സ്വന്തം വീട്ടുവളപ്പിൽ നിന്നും അടുത്തുള്ള പറമ്പിൽ നിന്നും ശേഖരിച്ചുകൊണ്ടുവന്നാണ് മരുന്നു തയാറാക്കുന്നത്. കഴിഞ്ഞ 12 വർഷമായി മുടക്കമില്ലാതെ കർക്കിടകഞ്ഞി വിതരണം നടത്തുന്നുണ്ട് ഇവർ.
കുറുന്തോട്ടി, പൂവാംകുരുന്നില, ചെറൂള, കരിങ്കുറിഞ്ഞി, ഞവരഅരി, പർപ്പടക പുല്ല്, തഴുതാമ, മുക്കുറ്റി, പനികൂർക്കയില, കൃഷ്ണ തുളസി തുടങ്ങിയവ കഴുകി ചെറുകഷണങ്ങളാക്കി മിക്സിയിലിട്ട് അരച്ച് പിഴിഞ്ഞ് തേങ്ങാ പാലിൽ മിക്സ് ചെയ്താണ് മരുന്നുകഞ്ഞി തയാറാക്കുന്നത്.
10 പേർക്കായി തുടങ്ങിയ മരുന്നുകഞ്ഞി വിതരണം 12 വർഷം പിന്നിടുമ്പോൾ 400 ലേറെ പേർക്ക് നല്കാൻ സാധിക്കുന്നുണ്ടെന്ന് കെഎൽസിഎ കൺവീനർ റാഫേൽ നാളികാട്ട് പറഞ്ഞു.
മൂന്നു ദിവസങ്ങളിലായിട്ടാണ് കഞ്ഞി വിതരണം. രോഗപ്രതിരോധത്തിനും ദഹനത്തിനുമുള്ള ഗുണം ഔഷധ കഞ്ഞിക്കുള്ളതിനാൽ അന്വേഷിച്ചുവരുന്നവരുടെ എണ്ണം കൂടി വരികയാണെന്ന് മേഖലാ പ്രസിഡന്റ് ജോസ് മോൻ ഇടപറമ്പിലും സെക്രട്ടറി റാണി ജോർജും പറഞ്ഞു.
മരുന്നു കഞ്ഞിയുടെ ആശീർവാദവും വിതരണോദ്ഘാടനവും വികാരി ഫാ. ആന്റണി നെടുംപറമ്പിൽ നിർവഹിച്ചു. ജോസ് മോൻ, തങ്കച്ചൻ കടവിപറമ്പിൽ, പൗളി ജോസഫ് എന്നിവർ പ്രസംഗിച്ചു.
സെലീന ജോസഫ്, എൽസി ജോർജ്, ഷീബാ ജോർജ്, മെറ്റിനാങ്കേരി, മേയ്മി ജോൺസൻ , സജി, ജോർജ് നാങ്കേരി, റാണി ജോർജ്, ജൂലി, ഉഷാ വിൻസെന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരുന്നുകഞ്ഞി തയാറാക്കിയത്.