പഠിച്ച സ്കൂൾ ഓർമയായെങ്കിലും അവരുടെ സൗഹൃദത്തിന് മങ്ങലില്ല...
Monday, July 21, 2025 5:05 AM IST
ഏ​ലൂ​ർ: പ​ഠി​ച്ചി​രു​ന്ന സ്കൂ​ൾ ഓ​ർ​മ​യാ​യെ​ങ്കി​ലും അ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ന് മ​ങ്ങ​ലേ​റ്റി​ല്ല. ഫാ​ക്ട് വെ​സ്റ്റേ​ൺ യു​പി സ്കൂ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ട​ത്ത് ഇ​ന്ന് കൂ​റ്റ​ൻ പു​ക​ക്കു​ഴ​ലു​ക​ളും പ്ലാ​ന്‍റു​ക​ളു​ടെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​വും മാ​ത്ര​മേ കേ​ൾ​ക്കാ​നു​ള്ളൂ.

വി​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ലു​ള്ള ഫാ​ക്ടി​ന്‍റെ അ​മോ​ണി​യ പ്ലാ​ന്‍റ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് ഏ​ലൂ​ർ ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലേ​ക്ക് അത് മാ​റ്റി സ്ഥാ​പി​ച്ച​പ്പോ​ൾ 1995 ൽ ​വെ​സ്റ്റേ​ൺ സ്കൂ​ൾ പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ ക്ലാ​സു​ക​ൾ ഇവിടെ ഉ​ണ്ടാ​യി​രു​ന്നു. 650 ഓ​ളം കു​ട്ടി​ക​ൾ ഒ​രേ വ​ർ​ഷം പ​ഠി​ച്ചി​രു​ന്ന വി​ദ്യാ​ല​യം. കൂ​ട്ട​ത്തി​ൽ ഒ​രു നേ​ഴ്സ​റി, 150 ഓ​ളം ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, സ്ലീ​പിം​ഗ് ഷെ​ൽ​ട്ട​ർ , ഡോ​ർ​മി​റ്റ​റി തു​ട​ങ്ങി​യ​വ​യും പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു.

അ​ൻ​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഏ​ലൂ​രി​ലെ ടൂ​റി​സ്റ്റ് ഹോ​മി​ൽ നാ​ല്പ​തോ​ളം പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നി​ച്ചു കൂ​ടു​മ്പോ​ൾ വി​വി​ധ ബാ​ച്ചുകളിലെ ഷ​ഷ്ഠിപൂർത്തി ക​ഴി​ഞ്ഞ​വ​രും സ​പ്ത​തി​യി​ലെ​ത്തി​യ​വ​രും സംഗമത്തിൽ പങ്കെടുക്കാനെത്തി.

മു​ൻ അ​ധ്യാ​പി​ക ഐ​ഷ ടീ​ച്ച​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ലി​യു​ടെ ഭാ​ഗ​മാ​യും ക​ല്യാ​ണം ക​ഴി​ഞ്ഞും സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങളിലായി വാ​സ​മു​റ​പ്പി​ച്ച​വ​ർ പ​ഴ​യ സ​ഹ​പാ​ഠി​ക​ളെ കാ​ണാ​ൻ വിദൂരങ്ങളിൽ നിന്നുപോലും ‌എത്തി.