തൃശൂർ: സ്ത്രീശക്തിയുടെ തിളക്കത്തോടെ ഓണക്കാലവിപണിയിലെ താരമായി ചേംബർ ഷോപ്പേഴ്സ് കാരവൻ 2025 ശ്രദ്ധേയമായി.
ചേംബർ ഓഫ് കൊമേഴ്സിന്റെ വിമൻസ് വിംഗിന്റെ നേതൃത്വത്തിൽ കാസിനോ കൾച്ചറൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന പ്രദർശന വിപണനമേളയിൽ നവീനതയും ഗുണനിലവാരവും കൈപിടിച്ചാണ് 140 ലധികം സ്റ്റാളുകൾ നിറഞ്ഞുനിൽക്കുന്നത്.
വനിതാസംരംഭകർക്ക് പ്രോത്സാഹനവും പ്രചോദനവും ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന മേളയിൽ വൈവിധ്യങ്ങളുടെ കലവറയുമായി സംരംഭകർ ഒത്തുചേർന്നിരിക്കുന്നു. ബ്രാൻഡഡും അല്ലാത്തതുമായ ഉത്പന്നങ്ങൾക്കു പ്രചാരണം നൽകുന്നതിനോടൊപ്പം ചുരുങ്ങിയ വിലയിൽ മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി ഒരുക്കിയ സ്റ്റാളുകളിൽ തുണിത്തരങ്ങൾ, ജ്വല്ലറി, കോസ്മെറ്റിക്സ്, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഹോം ഡെക്കർ, ഇൻഡോർ പ്ലാന്റ്സ്, ഫാബ്രിക്സ്, ഹോംമെയ്ഡ് ബേക്കറി ഐറ്റങ്ങൾ, ഹെയർ ഫിക്സിംഗ് തുടങ്ങിയവയുണ്ട്. ഒപ്പം, രുചികരമായ വിഭവങ്ങൾ ഒരുക്കിയ ഫുഡ് കോർട്ടും സന്ദർശകരെ ആകർഷിക്കുന്നു.
മേളയുടെ ഭാഗമായി നിരവധി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ബേബി കിംഗ് ആൻഡ് ക്വീൻ, കളറിംഗ് ക്രിയേറ്റിവിറ്റി, സ്റ്റോറി റൈറ്റിംഗ് തുടങ്ങിയ മത്സരങ്ങൾക്കു കുട്ടികളും രക്ഷിതാക്കളും ഒപ്പംചേർന്നു വലിയ പ്രതികരണമാണ് നൽകുന്നത്.
മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്ത മേളയിൽ നടി രചന നാരായണൻകുട്ടി ബേബി കിംഗ് ആൻഡ് ക്വീൻ മത്സരം ഉദ്ഘാടനം ചെയ്തു. വിമൻസ് വിംഗ് പ്രസിഡന്റ് ഡോ. കനകപ്രതാപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൃദു നിക്സണ്, ട്രഷറർ മായ എസ്. പരമശിവം, ജോയിന്റ് സെക്രട്ടറിമാരായ ജെയിൻ മിൽട്ടണ്, സബീന മുസ്തഫ, നദീറ എന്നിവർ പ്രസംഗിച്ചു.
രാവിലെ 10 മുതൽ രാത്രി ഒന്പതുവരെ നടക്കുന്ന പ്രദർശന വിപണമേള ഇന്നു സമാപിക്കും.