തൃശൂർ: രാജ്യം ഭരിക്കുന്നത് തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ എന്തും ചെയ്യുന്നവരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന കണക്കുകൾ വരുംദിവസങ്ങളിൽ കോണ്ഗ്രസ് പുറത്തുവിടും. തൃശൂർ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റും വാർഡ് പ്രസിഡന്റുമാരുടെ തിരിച്ചറിയൽ കാർഡ് വിതരണവും തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ കോണ്ഗ്രസ് പ്രവർത്തകരല്ല കുഴപ്പക്കാർ. സ്റ്റേജിലുള്ള ഞാനുൾപ്പെടെയുള്ള നേതാക്കളാണു പ്രശ്നം. പാർട്ടികാര്യങ്ങൾ എതിരാളികൾക്കു ചർച്ച ചെയ്യാനുള്ള അവസരമാക്കിമാറ്റരുത്. പാർട്ടി ഫോറങ്ങളിൽ ചർച്ച ചെയ്യാനുള്ള അവസരം ഡിസിസി പ്രസിഡന്റ് ഒരുക്കണം. ഇവിടെ വിമർശിക്കാതെ മാധ്യങ്ങൾക്കുമുന്നിൽ അലക്കാൻ പോകുന്ന നേതാക്കൻമാരെ കോണ്ഗ്രസ് പാർട്ടിക്കു വേണ്ട.
തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ബിജെപിയുടെ നേരവകാശികളായ സിപിഎം കേരളത്തിലെ വോട്ടർപട്ടികയിൽ പല കള്ളത്തരങ്ങളും നടത്തുന്നു.
ദേശീയതലത്തിൽ വോട്ടർപട്ടികയിലെ തട്ടിപ്പുകൾക്കെതിരേ കോണ്ഗ്രസ് നടത്തുന്ന സമരത്തെ സിപിഎം പിന്തുണയ്ക്കുന്പോഴാണ് ഇതു ചെയ്യുന്നത് എന്നതാണു കഷ്ടം.
ഇരകൾക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് ബിജെപിയുടേത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടത്.
കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച കേസ് എൻഐഎക്ക് നൽകിയതിന്റെ കാരണമറിയുന്നത് അമിത്ഷായ്ക്കു മാത്രമാണ്. തങ്ങൾ ഇടപെട്ടാണു കന്യാസ്ത്രീകൾക്കു മോചനം ഒരുക്കിയതെന്ന ബിജെപി വാദത്തിന്റെ യുക്തിയും അദ്ദേഹത്തിനു മാത്രമേ അറിയൂ. ഇരട്ടത്താപ്പുകൾക്കെതിരേ അന്തിമപോരാട്ടം നടത്തേണ്ട സമയമാണെന്നും വേണുഗോപാൽ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, നേതാക്കളായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ, ടി. സിദ്ദിഖ്, റോജി എം. ജോണ്, തേറന്പിൽ രാമകൃഷ്ണൻ, ടി.എൻ പ്രതാപൻ, ടി.യു. രാധാകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി ചന്ദ്രമോഹൻ, രമ്യ ഹരിദാസ്, കെ.കെ. കൊച്ചുമുഹമ്മദ്, എം.പി. ജാക്സണ്, ജോസഫ് ചാലിശേരി, കെ.കെ. ബാബു, അഡ്വ. വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.