ഇരിങ്ങാലക്കുട: കന്യാസ്ത്രീകളുടെ അറസ്റ്റ് ഭാരതസംസ്കാരത്തിന്റെ ഹൃദയത്തിനേറ്റ മുറിവാണെന്നും ന്യൂനപക്ഷങ്ങളെ ആക്രമിച്ച് ഇല്ലായ്മ ചെയ്യാനാണെങ്കില്‍ അതു ഭാരതത്തിന്റെ സംസ്കാരത്തെ വലിയ ആപത്തിലേക്ക് എത്തിക്കുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍.
കന്യാസ്ത്രീകളെ പരസ്യവിചാരണ നടത്തി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മതേതരത്വരാഷ്ട്രമായ ഭാരതത്തില്‍ എന്തുകൊണ്ട് ഇപ്രകാരം സംഭവിക്കുന്നുവെന്നും ഇതിന്റെ പിറകിലുള്ള കാരണങ്ങള്‍ എന്താണെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിമുതല്‍ അങ്ങോട്ട് ഇത്തരം അന്യായമായ അറസ്റ്റുകള്‍ ഉണ്ടാകാന്‍ പാടില്ല. മത രാഷ്ട്രീയ വര്‍ഗീയ ശക്തികള്‍, അത് ഏതു സംഘടനയില്‍ ആയിരുന്നാലും ഇല്ലാതാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരണം. കന്യാസ്ത്രീകള്‍ക്കെതിരേ എടുത്ത കേസ് ഇല്ലാതാക്കണം. അവരെ പരസ്യവിചാരണ നടത്തി അന്യായമായി അറസ്റ്റ് ചെയ്യാന്‍ കൂട്ടുനിന്നവരെ ശിക്ഷിക്കുവാനും സര്‍ക്കാരുകള്‍ തയാറാകണം.
രക്തസാക്ഷികളുടെ ചുടുരക്തത്താല്‍ വളര്‍ന്നതാണ് സഭയെന്നും ഏതു പ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടായാലും തളരാതെ തകരാതെ മുന്നോട്ടുപോകുന്നവരാണ് ക്രൈസ്തവസമൂഹമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധറാലി കിഴക്കേപള്ളിയില്‍ രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഫ്ലാഗ്ഓഫ് ചെയ്തു. ചന്തക്കുന്ന് ഠാണാ വഴി ബസ് സ്റ്റാന്‍ഡിലെത്തി ടൗണ്‍ഹാളില്‍ സമാപിച്ചു.
കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന്, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, സിസ്റ്റര്‍ ജോസഫൈന്, ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുവജനപ്രതിനിധി ബെന്‍സണ്‍ തോമസ് പ്രമേയം അവതരിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, നഗരസഭ ചെയര്പേഴ്ണ് മേരിക്കുട്ടി ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു. നൂറുകണക്കിനു സിസ്റ്റേഴ്സും വൈദികരും വിശ്വാസികളും റാലിയിലും പ്രതിഷേധസംഗമത്തിലും അണിചേര്‍ന്നു.
കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ഇരിങ്ങാലക്കുട രൂപതയിൽ ഇന്നു പ്രതിഷേധം
ഇരിങ്ങാലക്കുട: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അന്യായമായ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തതിൽ ഇരിങ്ങാലക്കുട രൂപതയുടെ പ്രതിഷേധം ഇന്ന്. രൂപതയിലെ മുഴുവൻ ക്രൈസ്തവവിശ്വാസികളും ഇന്നു നടക്കുന്ന ബഹുജനറാലിയിലും പ്രതിഷേധസമ്മേളനത്തിലും പങ്കെടുക്കുമെന്നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു. ചാലക്കുടി ഫൊറോന ദേവാലയാങ്കണത്തിൽനിന്ന് ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന റാലി മുനിസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തും. തുടർന്ന് പ്രതിഷേധസമ്മേളനം.
ഇതുസംബന്ധിച്ച് ഇന്നു രൂപതയിലെ പള്ളികളിൽ ദിവ്യബലിയിൽ വായിക്കുന്നതിനായി സർക്കുലർ ഇറക്കി. 2014 മുതൽ ഭാരതത്തിൽ നടന്നുവരുന്ന ആസൂത്രിത ക്രൈസ്തവപീഡനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 4694 സംഭവങ്ങളിലെ ഏറ്റവും ഒടുവിലത്തേതാണ് ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരുടേത്.
ജാമ്യം ലഭിച്ചെങ്കിലും തുടർന്നും ഇരുവരും നിയമക്കുരുക്കുകളിലൂടെ മുന്നോട്ടുപോകേണ്ടിവരുന്നതു പ്രതിഷേധാർഹമാണ്. സിബിസിഐ, കെസിബിസി, സീറോ മലബാർസഭ എന്നിവയുടെ തലവന്മാർ ആശങ്ക അറിയിച്ചിട്ടും, പാർലമെന്റിനകത്തും പുറത്തും ഉൾപ്പെടെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും കേന്ദ്ര സർക്കാരോ ഛത്തീസ്ഗഡ് സർക്കാരോ യാതൊരു ഇടപെടലും നടത്തിയില്ല എന്നതു തീർത്തും നിരാശാജനകമാണെന്നു സർക്കുലർ പറയുന്നു.