ചുണ്ണാമ്പുണ്ടോ? സോറി ഞാൻ മുറക്കാറില്ല; മോണ കാട്ടി ചിരിക്കുന്ന മലയാളത്തിന്റെ മുത്തശി
Friday, December 1, 2023 10:53 AM IST
കല്യാണരാമനിലെ മോണകാട്ടിയുള്ള ആ ചിരി കണ്ട് സുബ്ബലക്ഷ്മിയോട് സ്നേഹം തോന്നാത്തവരായി ആരാണുള്ളത്. ചുണ്ണാമ്പുണ്ടോ കൈയിൽ എന്ന തെക്കേടത്തെ ഗോപാലകൃഷ്ണൻ പി.പിയോട് സോറി ഞാൻ മുറുക്കാറില്ലായെന്ന് പറഞ്ഞ് മോണകാട്ടി ചിരിച്ച കാർത്തിയാനി.
സുബ്ബലക്ഷ്മി അവതരിപ്പച്ച വേഷങ്ങളിൽ മറക്കാനാവാത്തയൊന്ന്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ മലയാളസിനിമയിലെത്തിയ സുബ്ബു എന്ന സുബ്ബലക്ഷ്മിയ്ക്ക് ഏറെയും മുത്തശി വേഷങ്ങളായിരുന്നു ലഭിച്ചത്.

നന്ദനത്തിലെ മൂന്ന് വേലക്കാരികളിൽ ഏറ്റവും ഭാഗ്യമുള്ള വേലക്കാരി. ഭക്ഷണം കഴിച്ചും വിശ്രമിച്ചും മാത്രം സമയം ചിലവഴിക്കുന്ന സുബ്ബുവിന്റെ കഥാപാത്രത്തിന് അന്നേ ആരാധകർ ഏറെയായിരുന്നു.

ജവഹർ ബാലഭവനിൽ ഏകദേശം 27 വർഷക്കാലം സംഗീതാധ്യാപികയായി ജോലി നോക്കിയിരുന്ന സുബ്ബലക്ഷ്മി ആകാശവാണിയിലും പ്രവർത്തിച്ചിരുന്നു.
ജോലിയിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം ഹോർലിക്സിന്റെ ഒരു പരസ്യചിത്രത്തിലൂടെയാണ് കാമറയ്ക്ക് മുന്നിലെത്തുന്നത്.
നർത്തകിയും അഭിനേത്രിയുമായ മകൾ താരാകല്യാണിനൊപ്പം ടെലിവിഷൻ പരമ്പരയുടെ ചിത്രീകരണ സെറ്റിൽ എത്തിയപ്പോൾ നടൻ സിദ്ദീഖിനെ പരിചയപ്പെടുകയും തുടർന്ന് സിദ്ദീഖ് വഴി തന്നെ നന്ദനം സിനിമയിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
മലയാളത്തിന് പുറമെ അന്യ ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചു. വിജയ്യ്ക്കൊപ്പം ബീസ്റ്റ് എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത്.
സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷൻ സീരിയലുകളിലും പരസ്യ ചിത്രങ്ങളിലുമെല്ലാം സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടന്മാരായ രൺബീർ കപൂറിനും സുശാന്ത് സിംഗ് രജ്പുത്തിനുമൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു.
കല്യാണരാമന്, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും സുബ്ബലക്ഷ്മി വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന് തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.