ബധിര, മൂക കലാകാരന്മാരുടെ "മൗനാക്ഷരങ്ങൾ'
Monday, November 5, 2018 4:41 PM IST
ബധിരരും മൂകരുമായ ഒരുകൂട്ടം കലാകാരന്മാർ അണിനിരക്കുന്ന "മൗനാക്ഷരങ്ങൾ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. വടക്കുംനാഥൻ ക്രിയേഷൻസിന്‍റെ ബാനറിൽ രമേഷ് മാവൂർ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദേവദാസ് കല്ലുരുട്ടിയാണ്. തിരക്കഥ, ഛായാഗ്രാഹണം, എഡിറ്റിംഗ് എന്നിവ രാജീവ് കൗതുകം കൈകാര്യം ചെയ്യുന്നു.
ബേബി ശ്രീലക്ഷ്മി, മാസ്റ്റർ ആസിഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാബു മുക്കം, സുനിൽ ഫറോക്ക്, മനോജ് കെടവൂർ, മധു കൊല്ലം, അഖില, ആശ, അനിത, സമദ്, ആദിൽ തുടങ്ങി നൂറോളം ബധിര-മൂക കലാകാരന്മാരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ആംഗ്യ ഭാഷയിലൂടെ പരിശീലനം നൽകിയാണ് ഇവരെ ചിത്രത്തിൽ അഭിനയിപ്പിച്ചത്. കോഴിക്കോട്ടും പാലക്കാട്ടുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഈ മാസം തീയറ്ററുകളിൽ എത്തും.