പുതുമോഡലുകളുമായി എംഫോൺ
കൊച്ചി: മൊബൈൽ സാങ്കേതികവിദ്യയിൽ പുത്തൻ തരംഗമാകാൻ മലയാളികളുടെ എംഫോൺ. നൂതന സംവിധാനങ്ങളോടു കൂടിയ മൂന്നു മൊബൈൽ മോഡലുകൾ ഈ മാസം 23ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ കമ്പനി വിപണിയിലിറക്കും.

കൊറിയൻ സാങ്കേതികവിദ്യ അടിസ്‌ഥാനമാക്കിയാണ് എംഫോൺ പുതിയ ഹാൻഡ്സെറ്റ് ശ്രേണി പുറത്തിറക്കുന്നത്. എംഫോൺ 8, എംഫോൺ 7 പ്ലസ്, എംഫോൺ 6 എന്നിവയാണു കമ്പനി പുറത്തിറക്കുന്ന പുതിയ മോഡലുകൾ. വേഗമേറിയ ഡക്കാകോർ പ്രൊസസർ ആണ് ഈ മോഡലുകളിൽ. 360 ഡിഗ്രി ഫിംഗർപ്രിൻറ് സ്കാനർ, കാമറ സെൻസർ, ഫുൾഎച്ച്ഡി ഡിസ്പ്ലേ, ഗ്രാവിറ്റി, പ്രോക്സിമിറ്റി ലൈറ്റ്, ഗയിറോ സെൻസറുകൾ, ജിപിഎസ്, വർധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഫോണുകളുടെ പ്രധാന സവിശേഷതകൾ.

ഉയർന്ന മോഡലുകളിൽ എൻഎഫ്സി, ഹോട്ട്നോട് ഒടിജി എന്നി സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വയർലെസ് ചാർജിംഗ് സങ്കേതികവിദ്യ ഉപയോഗിച്ച് അതിവേഗത്തിൽ ഫോൺ ചാർജ് ചെയ്യാൻ സാധിക്കുന്ന ഇൻഡക്ഷൻ ബേസ് ടെക്നോളജി എംഫോൺ 8ൽ അവതരിപ്പിച്ചിട്ടുണ്ട്. ഫിംഗർ പ്രിൻറ് സെൻസർ, 21 മെഗാപിക്സൽ ഐഎസ്ഒ സെൽ പിഡിഎഎഫ് കാമറ എന്നിവയാണു മറ്റു പ്രത്യേകതകൾ. 256 ജിബി സ്റ്റോറേജോടെയാണ് എംഫോൺ 8 എത്തുന്നത്. അഞ്ചര ഇഞ്ച് ഡിസ്പ്ലേയുമായാണ് എംഫോൺ 7പ്ലസ് പുറത്തിറങ്ങുന്നത്. ഫ്ലാഷോടുകൂടിയ 13 മെഗാപിക്സൽ സെൽഫി കാമറയും 16 എംപി പിൻകാമറയാണുള്ളത്. ഫുൾ എച്ച്ഡി ഡിസ്പ്ലേ സവിശേഷതയോടെയാണ് എംഫോൺ 6 പുറത്തിറങ്ങുന്നത്.


13 മെഗാപിക്സൽ പിൻകാമറയുള്ള എംഫോൺ 6 ൽ 32 ജിബി ഡാറ്റ സ്റ്റോറേജാണുള്ളത്. ഫോണുകളുടെ വിലവിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. ആപ്പിൾ ഫോണുകളുടെ ഇന്ത്യയിലെ വിതരണക്കാരായ റെഡിഗ്ടണ്ണിൻറെ നേതൃത്വത്തിൽ എൻഷൂർ സപ്പോർട്ട് സർവീസ് ലിമിറ്റഡ് എംഫോണിനായി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സർവീസ് സെൻററുകൾ തയാറാക്കിയിട്ടുണ്ടെന്നു കമ്പനി അറിയിച്ചു. ഇതോടൊപ്പം തെരഞ്ഞെടുത്ത നഗരങ്ങളിൽ കമ്പനിതന്നെ എംസർവീസ് കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. ഫോണുകളുടെ ലോഞ്ച് പ്രോഗ്രാമിൽ ബോളിവുഡ് ഗായിക സുനീതി ചൗഹാൻ നയിക്കുന്ന മ്യൂസിക് ഷോയും ഉണ്ടായിരിക്കും.