കേരള പോലീസ് ടെക്നോളജി സെന്റർ അടുത്ത വർഷം
Saturday, February 9, 2019 2:47 PM IST
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ സാങ്കേതിക സംവിധാനങ്ങളെയെല്ലാം ഏകോപിപ്പിക്കുന്ന കേരള പോലീസ് ടെക്നോളജി സെന്റർ അടുത്ത സാമ്പത്തിക വർഷം പ്രവർത്തന സജ്ജമാകുമെന്ന് പോലീസ് വക്താവ് വി.പി. പ്രമോദ്കുമാർ അറിയിച്ചു.
പോലീസ് ടെലികമ്യൂണിക്കേഷൻ, ഇൻഫർമേഷൻ സെന്റർ, സിസിടിഎൻഎസ്, സൈബർ വിംഗ് എന്നിവയെയെല്ലാം ഏകോപിപ്പിച്ചാണു നടപടി. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും സർവീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കുന്നതും ഉടനുണ്ടാകും. സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനം ഉടൻ പ്രവർത്തനസജ്ജമാകും. പോലീസ് ആസ്ഥാനത്ത് ആരംഭിക്കുന്ന കണ്ട്രോൾ റൂം വഴിയാകും ഇതു നടപ്പാക്കുക. സംസ്ഥാന സൈബർ സെൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ബാങ്കിംഗ്, സോഷ്യൽ മീഡിയ വിദഗ്്ധരെയും സൈബർസെല്ലുകളിൽ നിയോഗിക്കും. ജില്ലകളിലെ സൈബർസെല്ലുകളെ ശക്തിപ്പെടുത്തും. കോഴിക്കോട് സിറ്റി, തൃശൂർ സിറ്റി, കൊച്ചി സിറ്റി എന്നിവിടങ്ങളിലെ സൈബർ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മാർച്ച് 31ന് മുന്പ് ആരംഭിക്കും.
ആവശ്യമായ ഉപകരണങ്ങളും സോഫ്റ്റ്വേറുകളും വാങ്ങുന്ന നടപടി പുരോഗമിക്കുകയാണ്. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബർ ഡോമുകളുടെ പ്രവർത്തനവും മാർച്ച് അവസാനം ആരംഭിക്കും. സംസ്ഥാനത്തെ മുഴുവൻ പോലീസുകാർക്കും കന്പ്യൂട്ടർ സാക്ഷരത നല്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ജനമൈത്രി പോലീസിനെ നിലവിലുള്ള സംവിധാനത്തിൽനിന്ന് അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അധികം പോലീസുകാരെ ഉൾപ്പെടുത്തി ബീറ്റ് പട്രോളിംഗും മറ്റും ശക്തിപ്പെടുത്തും. ഇതോടൊപ്പം റെയിൽവേ കമ്മ്യൂണിറ്റി പോലീസിംഗും ടെക്നോളജി പോലീസിംഗും ആരംഭിക്കുന്നതിനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. തൃശൂരിൽ പൈലറ്റ് അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുള്ള ആധുനിക വയർലെസ് സംവിധാനമായ ഡിജിറ്റൽ മൊബൈൽ റേഡിയോ സംവിധാനം മാർച്ച് 31ന് മുമ്പുതന്നെ പ്രവർത്തനം ആരംഭിക്കുമെന്നും വി.പി. പ്രമോദ്കുമാർ അറിയിച്ചു.