ആൻഡ്രോയ്ഡ് 10 അവതരിപ്പിച്ചു
Friday, September 6, 2019 4:30 PM IST
സാൻഫ്രാൻസിസ്കോ: ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 10 ഗൂഗിൾ അവതരിപ്പിച്ചു. ഗൂഗിളിന്റെ തന്നെ പിക്സൽ ഫോണുകൾക്കു വേണ്ടി അവതരിപ്പിച്ചിരിക്കുന്ന ആൻഡ്രോയ്ഡ് 10 വൈകാതെതന്നെ മറ്റ് ഉത്പന്നങ്ങൾക്കുവേണ്ടിയും അവതരിപ്പിക്കുമെന്ന് കന്പനി അറിയിച്ചു.
സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട 50 മാറ്റങ്ങളോടെയാണ് ആൻഡ്രോയ്ഡ് 10ന്റെ വരവ്. ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ നല്കുന്നതിനോടൊപ്പം തങ്ങളുടെ വ്യക്തിവിവരങ്ങളിന്മേൽ ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണവും നല്കുന്നുവെന്ന് ആൻഡ്രോയ്ഡ് എൻജിനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ഡേവ് ബർക്ക് പറഞ്ഞു.
കാഴ്ച സുഗമമാക്കുന്ന ഡാർക്ക് മോഡ്, കാര്യക്ഷമമായ ബാറ്ററി സംവിധാനം, സമൂഹമാധ്യമങ്ങളിൽ വേഗത്തിൽ ചാറ്റിംഗ് നടത്തുന്നതിനുള്ള സ്മാർട്ട് റിപ്ലെ ഫീച്ചർ, സുരക്ഷാ ക്രമീകരണങ്ങൾക്കുവേണ്ടിയുള്ള ഫയലുകൾ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള "പ്രൊജക്ട് മെയിൻലൈൻ' തുടങ്ങിയവ ആൻഡ്രോയ്ഡ് 10 ന്റെ ഫീച്ചറുകളിൽ ചിലതു മാത്രം.