ചൂടു വെള്ളത്തില്‍ വീണാലും കുഴപ്പമില്ല! പുതിയ ഫോണുമായി ഒപ്പോ
Tuesday, June 11, 2024 2:32 PM IST
ഇന്ത്യയിലെ ആദ്യത്തെ ഐപി69 നിലവാരമുള്ള സ്മാര്‍ട്ട്ഫോണുമായി ഒപ്പോ എത്തുന്നു. എഫ്27 പ്രോ പ്ലസ് 5ജി ജൂണ്‍ 13ന് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈ-എന്‍ഡ് ഫ്ലാഗ്ഷിപ്പ് ഫോണുകളില്‍ വാട്ടര്‍-ഡെസ്റ്റ് പ്രതിരോധത്തിനായി പൊതുവിലുള്ള റേറ്റിംഗ് സംവിധാനമാണ് ഐപി 68.
ഇതില്‍നിന്നു ഒരുപടി കൂടി കടന്ന് ഐപി69 സര്‍ട്ടിഫിക്കറ്റ് മികവിലാണ് എഫ്27 പ്രോ പ്ലസ് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂര്‍ നേരം ഫോണ്‍ ജലത്തിലിട്ടാലും കേടുപാട് സംഭവിക്കില്ല എന്നാണ് ഒപ്പോയുടെ അവകാശവാദം.
എന്നാല്‍ എത്ര മീറ്റര്‍ വരെ ആഴത്തില്‍ ഈ പരിരക്ഷയുണ്ടാകും എന്ന് കമ്പനി വിശദമാക്കിയിട്ടില്ല. ചൂടുവെള്ളം വീണാലും ഒപ്പോ എഫ്27 പ്രോ പ്ലസ് 5ജിക്ക് തകരാറുണ്ടാകില്ല.
64 മെഗാപിക്സല്‍ ഡ്യുവല്‍ റിയര്‍ കാമറ യൂണിറ്റുമായാണ് ഫോണ്‍ എത്തുന്നത്. പിങ്ക്, നേവി ബ്ലൂ നിറങ്ങളിലുള്ള ഫോണുകളാണ് ലോഞ്ച് ചെയ്യുന്നത്. 8 ജിബി128 ജിബി, 8 ജിബി 256 ജിബി പതിപ്പുകളാകും ലഭ്യമാകുക.
സില്‍വര്‍ റിംഗുള്ള സര്‍ക്കുലര്‍ കാമറ മൊഡ്യൂളും ലെതര്‍ കവറുമാണ് ഡിസൈനിലെ പ്രത്യേകത. ഡിസ്പ്ലെ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 ഒപ്പോ എഫ്27 പ്രോ+നുണ്ട്.
6.7 ഇഞ്ച് 3ഡി കര്‍വ്ഡ് ഫുള്‍ എച്ച്ഡി അമോലെഡ് സ്ക്രീന്‍, 5000 എംഎഎഎച്ച് ബാറ്ററി, 67 വയേഡ് ഫാസ്റ്റ് ചാര്‍ജിങ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകള്‍. ഇന്ത്യയിലെ വില പുറത്തുവിട്ടിട്ടില്ലെങ്കിലും 30,000 രൂപയ്ക്കകത്തായിരിക്കും വില എന്നാണ് സൂചന.