ഇടത്തരം സംരംഭങ്ങള്‍ക്ക് അവസരമൊരുക്കി ടാറ്റ ടെലി
Friday, February 28, 2020 3:15 PM IST
കൊച്ചി: ടാറ്റ ടെലി ബിസിനസ് സര്‍വീസസ് (ടിടിബിഎസ്) തങ്ങളുടെ ഫ്ളാഗ്ഷിപ്പ് കസ്റ്റമര്‍ പരിപാടിയായ ഡൂ ബിഗ് ഫോറത്തില്‍ സാങ്കേതികവിദ്യാ പരിഹാരമാര്‍ഗങ്ങളുടെ നിര അവതരിപ്പിച്ചു. വന്‍തോതില്‍ സാങ്കേതികതടസം നേരിടുന്ന സാഹചര്യത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരമാവധി കാര്യക്ഷമത കൈവരിക്കേണ്ടത് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറ്റവും അത്യാവശ്യമാണെന്ന് എസ്എംഇ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് കെ.എസ്. കാളിദാസ് പറഞ്ഞു.
പുരസ്കാരം നേടിയിട്ടുള്ള ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വോയ്സ്, ഡേറ്റ, നെറ്റ് വര്‍ക്ക് സ്റ്റോറേജ്, ആപ്പുകള്‍ എന്നിവ ലഭ്യമാക്കുന്ന സിംഗിള്‍ ബോക്സ് പരിഹാരമാര്‍ഗമായ സ്മാര്ട്ട്ഓഫീസ് ഉദാഹരണമാണ്. കണക്ടിവിറ്റിയും ഏകീകൃത ആശയവിനിമയ ഉപകരണങ്ങളും സജ്ജമാക്കേണ്ടതിനെക്കുറിച്ച് ആശങ്കയില്ലാതെ പ്രവര്‍ത്തിക്കാന്‍ വളര്‍ന്നുവരുന്ന എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരു അനുഗ്രഹമാണ് സ്മാര്ട്ട്ഓഫീസ്. വോയ്സ്, ഡേറ്റ, വീഡിയോ എന്നിവയ്ക്കൊപ്പം ക്ലൗഡ് സേവനങ്ങള്‍ കൂടി ലഭ്യമാകുന്ന ഐപി അധിഷ്ഠിത സംയോജിത ആശയവിനിമയ സംവിധാനം സജ്ജമാക്കുന്ന ഹാര്‍ഡ് വെയറിന്റെ സമ്പൂര്‍ണ ശേഖരമാണ് നല്‍കുന്നത്.
ഇതിനായി പ്രത്യേക നിരക്ക് ഈടാക്കുന്നതല്ല. ഈ ബോക്സ് വഴിയുള്ള സേവനങ്ങള്‍ക്ക് മാത്രമാണ് നിരക്ക് ഈടാക്കുന്നത്. ഉപയോഗത്തിനനുസരിച്ച് പണം നല്കുന്ന മിതമായ നിരക്കില്‍ ലഭ്യമാകുന്ന വിശ്വസ്തവും അനായാസം വിന്യസിക്കാവുന്നതുമായ ഈ സേവനം എസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഒരുപോലെ സഹായകമാണെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു.