കശുമാവിന് തോട്ടം പദ്ധതിക്ക് കെഎംഎംഎല്ലില്‍ തുടക്കം
1566923
Friday, June 13, 2025 6:37 AM IST
ചവറ : ഖനനം പൂര്‍ത്തിയായ സ്ഥലങ്ങളിലെ ജൈവ പുനരുജ്ജീവനം ലക്ഷ്യമിട്ട് കെഎംഎം എല്ലില്‍ അഞ്ച്ഏക്കറില് കശുമാവിന് തോട്ടമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.
കശുമാവ് കൃഷി വ്യാപനത്തിനായുള്ള സംസ്ഥാന ഏജന്‍സിയായ കെ എസ് എ ഇ കാഷ്യൂ കള്ട്ടിവേഷനുമായി ചേര്‍ന്നാണ് പുതിയ പദ്ധതി.
ലോക പരിസ്ഥിതി വാരാചരണ ഭാഗമായാണ് പുതിയ പദ്ധതിക്ക് മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ തുടക്കമായത്. പദ്ധതിയുടെ ഉദ്ഘാടനം കെഎംഎം എല്‍ മാനേജിംഗ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ നിര്‍വഹിച്ചു.
ഹരിതകേരളം മിഷന്റെ ഏകോപനത്തോടെ നടപ്പാക്കുന്ന പുനര്‍ജ്ജനി പച്ചത്തുരുത്ത് പദ്ധതി കെഎംഎംഎല്ലില്‍ നടന്നുവരികയാണ്. അത് കൂടാതെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
ഒപ്പം എംഎസ് യൂണിറ്റിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വൃക്ഷതൈകള്‍ വിതരണവും നടത്തുന്നുണ്ട്. ഖനനമേഖലയില്‍ ജൈവ ഉദ്യാനമൊരുക്കുന്ന'ഹരിതം ഈ തീരം' പദ്ധതിയും വിജയകരമായി നടന്നുവരികയാണ്.
കെഎസ്എഇ കാഷ്യൂ കള്ട്ടിവേഷന് ചെയര്മാന് കെ.ഷിരീഷ് മുഖ്യപ്രഭാഷണം നടത്തി. നവകേരളം കര്‍മപദ്ധതി അസി. കോ-ഓര്‍ഡിനേറ്റര്‍ ടി.പി. സുധാകരന് പരിസ്ഥിതി സംരക്ഷണ സന്ദേശം നല്കി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റ് ഹെഡ് എം.യു .വിജയകുമാര്‍ ചടങ്ങിൽ അധ്യക്ഷനായി.
എം.എസ് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് റ്റി. കാര്ത്തികേയന്, ഫിനാന്‍സ് ഹെഡ് പ്രതീപ്കുമാര്,പരിസ്ഥിതി സംരക്ഷണ അവാര്‍ഡ് ജേതാവ് എം.സി. പ്രശാന്തന്, എംഎസ് യൂണിറ്റിലെ യൂണിയന് നേതാക്കൾ തുടങ്ങിയവര്‍ പ്രസംഗിച്ചു.