ഗുഡ് സമരിറ്റന്‍ ട്രസ്റ്റ് അവാര്‍ഡ് വിതരണം 13ന്
1565725
Monday, June 9, 2025 3:55 AM IST
തിരുവല്ല: ആറു ദശാബ്ദക്കാലത്തിലധികം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായിരുന്ന പന്നിക്കോട്ട് പി.ജെ. കുര്യന് സ്മാരക ഗുഡ് സമരിറ്റന്‍ അവാര്‍ഡുദാന സമ്മേളനം തിരുവല്ല എംജിഎം ഹയര്‍ സെക്കൻഡറി സ്കൂളില്‍ 13ന് ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കും.
ഇക്കൊല്ലത്തെ പന്നിക്കോട്ട് പി.ജെ. കുര്യന് സ്മാരക ഗുഡ് സമരിറ്റന്‍ ട്രസ്റ്റ് വക മാനവ സേവ പുരസ്കാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി സമര്‍പ്പിക്കും. പുരസ്കാരം മകള്‍ ഡോ. മറിയ ഉമ്മന്‍ ചടങ്ങില്‍ സ്വീകരിക്കും.
ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സാമൂഹിക സേവന, സംസ്കാരിക അന്താരാഷ്ട്ര നയതന്ത്ര, വിദ്യാഭ്യാസ മേഖലകളിലായി ഉജ്വലമായ സംഭാവനകള്‍ നൽകിയ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി, വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്ന ടി. പി. ശ്രീനിവാസന്, ഡോ. ജേക്കബ് മണ്ണുംമൂട് (പ്രിന്‍സിപ്പല്‍ സെന്റ് ബെഹനാന്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വെണ്ണിക്കുളം) എന്നിവര്‍ക്കും പ്രത്യേക പുരസ്കാരങ്ങള്‍ ചടങ്ങില്‍ സമ്മാനിക്കും.
മികച്ച വിദ്യാലയത്തിനുള്ള ട്രസ്റ്റ് വക പുരസ്കാരം എംജിഎം സ്കൂളിനു നല്‍കും. പത്തനംതിട്ട ജില്ലയിലും പുറത്തുമായി വിവിധ രംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളെ ഒന്നിച്ചു കൊണ്ടുവരുന്നതിലൂടെ ഉള്‍ക്കാമ്പുള്ള സമൂഹത്തെ രൂപപ്പെടുത്തുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. മികവുറ്റ വിദ്യാർഥികളയും കൂടാതെ തൊഴില്‍ സംരഭകത്വം, വനിതാ ശാക്തീകരണം, കമ്യൂണിറ്റി ഹെല്‍ത്ത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ട്രസ്റ്റുകളേയും സമ്മേളത്തില്‍ ആദരിക്കും.
രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, ആന്റോ ആന്റണി എംപി, ആസൂത്രണ ബോർഡംഗം ഡോ. വര്‍ഗീസ് ജോര്‍ജ്, കെ. അനന്തഗോപൻ, ബിജു ഉമ്മന്‍, സതീഷ് കൊച്ചുപറമ്പിൽ, ജോര്‍ജ് മാമ്മന്‍ കൊണ്ടൂർ, അനു ജോര്‍ജ്, ഈപ്പന് കുര്യന്, ജൂലി കെ. വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിക്കും.