എംഎ കോളജിന്റെ സപ്തതി ആഘോഷം; വിളംബരജാഥ സംഘടിപ്പിച്ചു
1575905
Tuesday, July 15, 2025 6:54 AM IST
കോതമംഗലം : സപ്തതി നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളജിന്റെ സ്ഥാപക ദിനമായ ഇന്നലെ വിളംബര ജാഥ സംഘടിപ്പിച്ച് ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 70 വാഹനങ്ങളാണ് വിളംബര ജാഥയിൽ പങ്കെടുത്തത്. കോളജിന്റെ കാവൽപിതാവായ പൗലോസ് മാർ അത്താനാസ്യോസിന്റെ (ആലുവയിലെ വലിയതിരുമേനി) അന്ത്യവിശ്രമസ്ഥലമായ ആലുവയിലെ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് മാർ അത്തനേഷ്യസിന്റെ ഛായാചിത്രം വഹിച്ച് രാവിലെ 11 ഓടെയാണ് വിളംബര ജാഥ ആരംഭിച്ചു.
വിളംബര ജാഥ കോതമംഗലം മാർത്തോമ ചെറിയപ്പള്ളിയിലെത്തിയശേഷം യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്തിന്റെ ചിത്രം കൂടി വഹിച്ചാണ് എംഎ കോളജ് ക്യാന്പസിൽ എത്തിച്ചേർന്നത്. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലിത്ത ആലുവ തൃക്കുന്നത്തു സെമിനാരിയിലും, ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കോതമംഗലം ചെറിയ പള്ളിയിലും പ്രാർത്ഥനകൾക്ക് കാർമികത്വം വഹിച്ചു.
അധ്യാപകരും, അനധ്യാപകരും, വിദ്യാർഥികളും അടങ്ങുന്ന വൻ ജനാവലിയാണ് ക്യാന്പസിൽ ജാഥയെ വരവേറ്റത്. എം.എ. കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനിയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, മുൻ പ്രിൻസിപ്പൽമാർ, ഷേയർ ഹോൾഡേഴ്സ് എന്നിവർ പങ്കെടുത്തു.
മാർ അത്തനേഷ്യസ് ഓട്ടോണമസ് കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, കോളജ് ക്യാന്പസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു.