കലഹം കഴിഞ്ഞു, കല ഭരിക്കും
1587811
Saturday, August 30, 2025 4:14 AM IST
വിമത സിപിഎം കൗൺസിലറെ ചെയർപേഴ്സണാക്കി യുഡിഎഫ് കൂത്താട്ടുകുളം നഗരസഭാ ഭരണം പിടിച്ചു
കൂത്താട്ടുകുളം: നഗരസഭാ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. ഇന്നലെ നടന്ന ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിലൂടെയാണ് യുഡിഎഫ് നഗരസഭയുടെ ഭരണം പിടിച്ചെടുത്തത്. സിപിഎം കൗൺസിലറായിരുന്ന കലാ രാജുവിന്റെയും, സ്വതന്ത്ര കൗൺസിലർ പി.ജി. സുനിൽകുമാറിന്റെയും പിന്തുണയോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
ഇന്നലെ രാവിലെ 11ന് നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി കലാ രാജുവിന്റെ പേര് കൗൺസിലർ പ്രിൻസ് പോൾ ജോൺ നിർദേശിക്കുകയും ബേബി കിരാന്തരം പിന്താങ്ങുകയും ചെയ്തു. സിപിഎം സ്ഥാനാർഥി വിജയ ശിവന്റെ പേര് കൗൺസിലർ അംബികാ രാജേന്ദ്രൻ നിർദേശിക്കുകയും സുമാ വിശ്വംഭരൻ പിന്താങ്ങുകയും ചെയ്തു.
ഉച്ചകഴിഞ്ഞ് രണ്ടിനു നടന്ന വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.ജി. സുനിൽകുമാറിന്റെ പേര് കൗൺസിലർ ബോബൻ വർഗീസ് നിർദേശിക്കുകയും സി.എ. തങ്കച്ചൻ പിന്താങ്ങുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി സണ്ണി കുര്യാക്കോസിന്റെ പേര് കൗൺസിലർ അനിൽ കരുണാകരൻ നിർദേശിക്കുകയും പി.ആർ. സന്ധ്യ പിന്താങ്ങുകയും ചെയ്തു.
രഹസ്യ ബാലത്തിലൂടെ നടത്തിയ തെരഞ്ഞെടുപ്പിൽ കലാ രാജു ചെയർപേഴ്സൺ സ്ഥാനത്തേക്കും പി.ജി. സുനിൽകുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ ഓഫീസർ പി.എച്ച്. ഷൈൻ വരണാധികാരിയായിരുന്നു. യുഡിഎഫ് മുൻധാരണ പ്രകാരമാണ് കലാ രാജു ചെയർപേഴ്സൺ സ്ഥാനത്തേക്കും പി.ജി. സുനിൽകുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിച്ചത്.
തെരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കാര്യാലയത്തിനു മുന്നിൽനിന്നും കോൺഗ്രസ് ഭവനിലേക്ക് ആഹ്ലാദപ്രകടനം നടത്തി. എംഎൽഎമാരായ അനൂപ് ജേക്കബ്, മാത്യു കുടൽനാടൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി നിർവാഹണ സമിതി അംഗം ജയ്സൺ ജോസഫ്,
കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് റെജി ജോൺ, പാലക്കുഴ മണ്ഡലം പ്രസിഡന്റ് സാജു വർഗീസ്, ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് കെ.ജി. ഷിബു, സിജുമോൻ പുല്ലമ്പ്രയിൽ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ 5ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചിൽ യുഡിഎഫിന് ഒപ്പം നിന്ന് സിപിഎം കൗൺസിലർ കലാ രാജുവും സ്വതന്ത്ര കൗൺസിലർ പി.ജി. സുനിൽകുമാറും യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് നഗരസഭാ ചെയർപേഴ്സൺ വിജയാ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ പുറത്തായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ജിജി ഷാനവാസിന് ചെയർപേഴ്സണിന്റെ താത്കാലിക ചുമതല നൽകിയിരുന്നു.
യുഡിഎഫ് ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനം യുഡിഎഫിലെ വനിതാ കൗൺസിലർമാരിൽ ഒരാൾക്ക് നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് കലാ രാജു ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നത്. തുടർന്ന് ബുധനാഴ്ച വൈകുന്നേരം പിറവത്തു ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനമുണ്ടായത്.
എൽഡിഎഫിൽ നിന്നും യുഡിഎഫിലേക്ക് എത്തിയ കൗൺസിലർ കലാ രാജുവിനെ ചെയർപേഴ്സൺ സ്ഥാനാർഥിയാക്കുന്നതിനും സുനിൽകുമാറിനെ വൈസ് ചെയർമാൻ സ്ഥാനാർഥിയാക്കുന്നതിനും ഏകകണ്ഠേന തീരുമാനിക്കുകയായിരുന്നു.
മധുര പ്രതികാരത്തിലൂടെ ചെയർപേഴ്സൺ പദവിയിൽ
പൊതുസമൂഹത്തിനു മുന്നിൽ അപമാനിച്ചും ദേഹോപദ്രവം ചെയ്തും തട്ടിക്കൊണ്ടു പോയ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിൽ തന്റെ ഇനിയുള്ള യാത്ര തുടരാൻ കഴിയുമെന്ന സന്തോഷത്തിലാണ് കലാ രാജു.
അധികാരമോഹം ഇല്ലാതിരുന്ന തന്നിൽ ചെയർപേഴ്സൺ പദവി എന്ന ചിന്ത ഉണർത്തിയത് സിപിഎം തന്നെയാണെന്നും ഈ വിജയം ഒരു മധുര പ്രതികാരമാണെന്നും കലാ രാജു പറഞ്ഞു.