അമിതഭാരം കയറ്റിവന്ന ലോറികൾ ജനപ്രതിനിധികളും നാട്ടുകാരും തടഞ്ഞു
1587835
Saturday, August 30, 2025 4:57 AM IST
കൂത്താട്ടുകുളം: നിയന്ത്രണം നിലനിൽക്കെ അമിതഭാരം കയറ്റിവന്ന ലോറികൾ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് തടഞ്ഞു. മംഗലത്തുതാഴം കലുങ്കിന്റെ പുനർനിർമാണം പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡിലെ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
ഇതേത്തുടർന്ന് മംഗലത്തുതാഴം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മംഗലത്തുതാഴം - അമ്പലക്കുളം റോഡിലൂടെയാണ് കൂത്താട്ടുകുളം ടൗണിലേക്ക് എത്തുന്നത്. തുടർച്ചയായി ഇതുവഴി ഭാരവാഹനങ്ങൾ എത്തിയതോടെ റോഡിന്റെ പല ഭാഗങ്ങളും ഇടിഞ്ഞു താണിരിക്കുകയാണ്.
ഇതോടൊപ്പം മംഗലത്തുതാഴം ഭാഗത്ത് പനന്താനത്ത് ജോസിന്റെ വീട് സംരക്ഷണഭിത്തിയിൽ വിള്ളൽവീണ് അപകടാവസ്ഥയിലായി. അമ്പലക്കുളത്തിന്റെ പാർശ്വഭിത്തിയുടെ കെട്ടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്നലെ രാവിലെ യുഡിഎഫ് ചെയർമാൻ പ്രിൻസ് പോൾ ജോണും പ്രദേശവാസികളും ചേർന്ന് അമിതഭാരം കയറ്റിവന്ന ലോറികൾ തടഞ്ഞത്. ലോറി ഡ്രൈവർമാർക്ക് ഇതുവഴി അമിതഭാരം കയറ്റി വരരുത് എന്ന താക്കീത് നൽകി പറഞ്ഞയക്കുകയായിരുന്നു.
ജനപ്രതിനിധികളുടെ പരാതിയെ തുടർന്ന് ടോറസ് ലോറി അടക്കമുള്ള വലിയ ഭാരവാഹനങ്ങൾ ഇതുവഴി പോകുന്നതിന് നിരോധനം ഏർപ്പെടുത്തി. രാമപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാറിക - പണ്ടപ്പിള്ളി റോഡിലൂടെയോ താമരക്കാടുനിന്ന് തിരിഞ്ഞ് പുതുവേലിയെത്തി എംസി റോഡിൽ പ്രവേശിച്ച് പോവുകയോ ചെയ്യണമെന്ന് പിഡബ്ല്യുഡി ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ഇന്നു മുതൽ നിയന്ത്രണങ്ങൾ മറികടന്ന് ഇതുവഴിയെത്തുന്ന വാഹനങ്ങൾക്കു മേൽ നിയമനടപടികൾ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കൂത്താട്ടുകുളം, രാമപുരം പോലീസ് സ്റ്റേഷനുകളിൽ നിന്നും ഇതിനായി ഇവിടെ ഉദ്യോഗസ്ഥരെ നിയോഗിക്കും.