ആദ്യ ഗഡു അനുവദിച്ചു; സംസ്കൃത വാഴ്സിറ്റി വിദ്യാർഥികൾക്ക് ആശ്വാസം
1587818
Saturday, August 30, 2025 4:15 AM IST
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഈ വർഷത്തെ പദ്ധതികൾക്കായുള്ള ആദ്യ ഗഡു അനുവദിച്ചു. നാലു കോടി 80 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ചതോടെ കഴിഞ്ഞ ആറു മാസമായി മുടങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്കുള്ള ഫെലോഷിപ്പ് വിതരണം ചെയ്യാൻ കഴിയും.
കേരളത്തിലെ സർവകലാശാലകളിൽ ആദ്യം ഗ്രാൻഡ് ലഭിക്കുന്നത് സംസ്കൃത സർവകലാശാലയ്ക്കാണ്. കഴിഞ്ഞവർഷം ഫണ്ട് അനുവദിക്കാത്തതുമൂലം വിദ്യാർഥികൾ കോടതിയിൽ പോകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഏറെ വിവാദങ്ങൾക്കും ഇത് കാരണമായിരുന്നു. തുക അനുവദിച്ചതോടെ ഓണത്തിന് മുൻപ് തന്നെ വിദ്യാർഥികൾക്ക് ഫെലോഷിപ്പ് വിതരണം ചെയ്യാൻ കഴിയും.
സർവകലാശാലയുടെ മുടങ്ങിക്കിടക്കുന്ന പല പദ്ധതികളും ഇതോടെ പുനരാരംഭിക്കാൻ കഴിയുമെന്ന് സിൻഡിക്കേറ്റ് പ്ലാനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയൻ പറഞ്ഞു.